1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി സിനിമ ഇന്നും ഒരു വിസ്മയമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലവും, ഗാന്ധിജിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ കഥാപാത്രവല്‍കരണവും യഥാതഥ പ്രതീതിയുളവാക്കുന്ന രീതിയില്‍ ആവിഷ്കരിച്ച ചലച്ചിത്രം എന്ന നിലയിലായിരുന്നു പ്രേക്ഷകരില്‍ ആ ചിത്രം വിസ്മയമുണര്‍ത്തിയത്. ഗാന്ധിജിയായി വേഷമിട്ട ബെന്‍ കിംഗ്സിലി എന്ന നടനും, നെഹ്റുവായും പട്ടേലായുമൊക്കെ രംഗത്തെത്തിയ നടന്മാരുമെല്ലാം നാം ഫോട്ടോഗ്രാഫുകളില്‍ മാത്രം കണ്ടുപരിചയിച്ച നേതാക്കളായിട്ടും സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ അവരൊക്കെ യഥാര്‍ത്ഥ ഗാന്ധിയും നെഹ്റുവുമൊക്കെയാണെന്ന് നമ്മെ വിശ്വസിപ്പിച്ച വിസ്മയം. ആ വിസ്മയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വസ്ത്രാലങ്കാരകലയിലെ അതുല്യപ്രതിഭ ഈമാസം 15ന് വിടപറഞ്ഞു. ഭാനു അത്തയ്യ എന്ന ആ കലാകാരിയുടെ വേര്‍പാട് മാധ്യമങ്ങളോ ഇന്ത്യന്‍ സിനിമാലോകമോ അധികമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അവര്‍ക്ക് ഇന്ത്യന്‍ സിനിമയിലുള്ള ചരിത്രപരമായ സ്ഥാനം വിസ്മരിക്കാനാവില്ല.
സിനിമാലോകത്തെ ഏറ്റവും പുകള്‍പെറ്റ പുരസ്കാരമായ ഓസ്കര് ഇന്ത്യയിലേക്കെത്തിച്ചയാളാണ് ഭാനു അത്തയ്യ. ഓസ്കര് പുരസ്കാര വേദിയില്‍ ഇന്ത്യ എന്ന പേര് ആദ്യം മുഴങ്ങുന്നത് 1983 ഏപ്രില്‍ 11നാണ്. നിര്‍മ്മാണവും സംവിധാനവുമൊക്കെ വിദേശികള്‍ നിര്‍വ്വഹിച്ചതെങ്കിലും ഗാന്ധി എന്ന ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാര്‍ ഇന്ത്യക്കാരിയായ ഭാനു അത്തയ്യയുടെ കൈകളിലെത്തുകയായിരുന്നു. മഹരാഷ്ട്രയിലെ കോലാപൂര്‍ സ്വദേശിനിയായ ഭാനു അത്തയ്യ തന്റെ 91-ാം വയസ്സിലാണ് കഴിഞ്ഞദിവസം അന്തരിച്ചത്. ഇന്ത്യയിലെ ഏക ഓസ്കര് ജേത്രി എന്ന റിക്കാര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കും ഇന്നും സാധിച്ചിട്ടില്ല. ഫാഷന്‍ ഡിസൈനിംഗില്‍ ഔപചാരികമായ പഠനമൊന്നും നടത്താതെയാണ് ഭാനു അത്തയ്യ സിനിമയിലെ വസ്ത്രാലങ്കാര മേഖലയിലേക്ക് കടന്നുവന്നത്.
ചിത്രകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്ന അന്നാസാഹേബ് രാജോപാദ്ധ്യയാണ് ഭാനുവിന്റെ പിതാവ്. അച്ഛന്റെ സ്വാധീനം കൊണ്ടാവാം ചിത്രകലയോടും സിനിമയോടും ഒരുപോലെ അഭിരുചിയുണ്ടായിരുന്നു ഭാനുവിന്. ‘ഫാഷന്‍’ മാഗസിന് വേണ്ടി അവര്‍ വരച്ച വസ്ത്ര മാതൃകകള്‍ ബോളിവുഡിലേക്കുള്ള അവരുടെ വഴിതുറന്നു. സിഐഡി (1956) എന്ന ഗുരുദത്ത് സിനിമയിലൂടെയാണ് അവര്‍ ബോളിവുഡില്‍ തുടക്കം കുറിച്ചത്. സംഗം, അമ്രപാലി, കാഗസ് കെ ഫൂല് തുടങ്ങി അനവധി സിനിമള്‍ക്കു വേണ്ടി ഭാനു വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചു. ഗാന്ധി സിനിമയ്ക്കു ശേഷം ബ്രിട്ടീഷ് ഇന്ത്യയുടെ പശ്ചാത്തലത്തില്‍ തന്നെയുള്ള ആമിര്‍ ഖാന് ചിത്രമായ ലഗാന്റെയും (2001), ഷാരൂഖ് ഖാന് ചിത്രമായ സ്വദേശിന്റെയും (2004) വസ്ത്രാലങ്കാരവും അവര്‍ നിര്‍വ്വഹിച്ചു.
ബോളിവുഡില്‍ ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ടപ്പോഴാണ് ഭാനു അത്തയ്യയെ തേടി റിച്ചാര്‍ഡ് അറ്റന്‍ബൊറോ എത്തുന്നത്. ഇന്ത്യയെ അറിയുന്ന, അനുഭവ സമ്പത്തുള്ളൊരു ഡിസൈനറെയായിരുന്നു അദ്ദേഹത്തിന് ആവശ്യം. പലരെയും ഓഡിഷന് ചെയ്തതിനു ശേഷമാണ് അറ്റന്‍ബൊറോ ഭാനു
വിനെ കണ്ടെത്തുന്നത്. ഗാന്ധിയുടെ കഥാപാത്രം മുതല്‍ തെരുവുകളില്‍ അദ്ദേഹത്തോടൊപ്പമുള്ള നൂറുകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വരെ വേഷം അവര്‍ ഗാന്ധിയുഗത്തിലെ ഇന്ത്യയുടേതാക്കി. ഏതാണ്ട് അന്‍പത് വര്‍ഷത്തെ വസ്ത്രധാരണരീതിയിലുള്ള മാറ്റങ്ങളും സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. മൂന്നു മാസം കൊണ്ട് ഈ ശ്രമകരമായ ദൗത്യം ഭാനു അത്തയ്യ പൂര്‍ത്തിയാക്കി.
നിരവധി സംഭവങ്ങള്‍, പല വേഷക്കാര്‍, സമയത്തിലും ശൈലിയിലുമുള്ള മാറ്റങ്ങളോടെ അരനൂറ്റാണ്ട് കാലത്തെ വസ്ത്രരീതികള്‍… ഇതൊക്കെ അവതരിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. കഥ പുരോഗമിക്കുന്നതിനനുസരിച്ച് പ്രധാന കഥാപാത്രങ്ങളുടെ രൂപം പ്രായത്തിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമായി. സമയപരിധി പാലിക്കാന്‍ ടീമിലുള്ള ഏതൊരു വ്യക്തിയെയുംപോലെ ഭാനുവും രാവും പകലും പ്രവര്‍ത്തിച്ചു. ദില്ലിയിലെ മ്യൂസിയങ്ങളും ലൈബ്രറികളും കയറിയിറങ്ങി റഫറന്‍സ് മെറ്റീരിയലുകള്‍ ശേഖരിച്ചു. എല്ലാം മൂന്ന് മാസക്കാലം കൊണ്ട് നടന്നു. ഭാനുവിലെ ആ പ്രതിഭ അറ്റന്‍ബറോ ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു. ഗാന്ധി സിനിമയ്ക്കു വേണ്ടി തനിക്ക് പതിനേഴ് വര്‍ഷം ചെലവഴിക്കേണ്ടി വന്നു എന്നും, എന്നാല്‍ ചിത്രത്തിന് വസ്ത്രങ്ങള്‍ രൂപകല്പന ചെയ്യാന്‍ ഭാനു അത്തയ്യ ശരിയായ വ്യക്തിയാണെന്ന് മനസ്സിലാക്കാന്‍ തനിക്ക് 17 മിനുട്ട് പോലും വേണ്ടി വന്നില്ലെന്നും അറ്റന്‍ബറോ പറഞ്ഞതും അതുകൊണ്ടാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: