കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അമൃതില്‍ ഉള്‍പ്പെടുത്തി നഗരത്തില്‍ നിര്‍മ്മിച്ച ഫൂട്ട് ഓവര്‍ബ്രിഡ്ജ് കം എസ്കലേറ്റര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അദ്ധ്യക്ഷനായി.
കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സന്ദേശം കോര്പ്പറേഷന് സെക്രട്ടറി ബിനു ഫ്രാന്‍സിസ് വായിച്ചു. എം.കെ. രാഘവന് എംപി വീഡിയോ കോണ്‍ ഫറന്‍സിലൂടെ ആശംസ അറിയിച്ചു. എ. പ്രദീപ് കുമാര്‍ എംഎല്‍എ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്, കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ, അമൃത് മിഷന് ഡയറക്ടര്‍ ഡോ.രേണു രാജ്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, കോര്പ്പറേഷന് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.സി. രാജന്, അനിത രാജന്, കെ.വി. ബാബുരാജ്, ടി.വി.ലളിത പ്രഭ, എം.സി. അനില്‍കുമാര്‍, ആശ ശശാങ്കന്, എം. രാധാകൃഷ്ണന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്, കൗണ്‍സിലര്‍മാരായ സി. അബ്ദുറഹിമാന്, ജയശ്രീ കീര്‍ത്തി, തുടങ്ങിയവര്‍ പങ്കെടുത്തു. സൂപ്രണ്ടിങ് എഞ്ചിനീയര്‍ കെ.ജി. സന്ദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രാജാജി റോഡില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കാന്‍ ഉതകുന്ന തരത്തിലാണ് എസ്കലേറ്ററും ലിഫ്റ്റും നടപ്പാലവും നിര്‍മ്മിച്ചിരിക്കുന്നത്. 11.35 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. ഇതില്‍ 50% തുകയായ 5.675 കോടി രൂപ കേന്ദ്രസര്‍ക്കാരാണ് നല്‍കിയത്. 30% തുകയായ 3.405 കോടി സംസ്ഥാന സര്‍ക്കാരും 20% തുകയായ 2.27 കോടി കോഴിക്കോട് കോര്‍പറേഷനുമാണ് വഹിച്ചത്. സംസ്ഥാനത്ത് ഒരു പൊതുറോഡില്‍ ഒരുങ്ങുന്ന ആദ്യ സംവിധാനമാണിത്. റോഡില്‍ നിന്ന് ആറര മീറ്റര്‍ ഉയരത്തിലാണ് മേല്‍പ്പാലം. നടപ്പാലത്തിന് മൂന്ന് മീറ്റര്‍ വീതിയും 25.37മീറ്റര്‍ നീളവുമുണ്ട്. ഒരേസമയം 13 പേര്‍ക്ക് ലിഫ്റ്റിലും മണിക്കൂറില്‍ 11,700 പേര്‍ക്ക് എസ്കലേറ്ററിലും നടപ്പാലത്തില്‍ ഒരേസമയം 300 പേര്‍ക്കും കയറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: