ആലപ്പുഴ: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഭരണകാലാവധി അവസാനിക്കാന്‍ കേവലം ഒരാഴ്ച മാത്രം അവശേഷിക്കെ പദ്ധതി വിഹിതം ചെലവഴിക്കാന്‍ നിലവിലെ ജനപ്രതിനിധികള്‍ നെട്ടോട്ടത്തില്‍. ഈ മാസം 11ന് ശേഷം തദ്ദേശസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണമായിരിക്കും. തെരഞ്ഞെടുപ്പ് വൈകുന്ന സാഹചര്യത്തിലാണിത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങളാണ് അവസാനവട്ട ശ്രമങ്ങളുമായി സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. കാട് വെട്ടിതെളിക്കലും വഴിവിളക്ക് സ്ഥാപിക്കലും ഉള്‍പ്പടെ ഗ്രാമീണ റോഡുകളുടേയും പാലത്തിന്റെയും നിര്‍മ്മാണോദ്ഘാടനവും കൂടുതല്‍ പേരെ ലൈഫ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നീക്കങ്ങളുമാണ് ഓടിനടന്ന് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സര്‍ക്കാര്‍ ഓരോ ദിവസവും ഉദ്ഘാടന പ്രഹസനങ്ങളാണ് നടത്തുന്നത്.
ആറു മാസം പോലും ഭരണകാലാവധി ഇല്ലാത്ത സര്‍ക്കാര്‍, പൂര്‍ത്തീകരണത്തിന് വര്‍ഷങ്ങള്‍ വേണ്ടി വരുന്ന പദ്ധതികളുടെ ശിലാസ്ഥാപനങ്ങള്‍ നിര്‍വഹിക്കുകയാണ്. കൂടാതെ പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ ഉത്ഘാടനവും നടത്തുന്നു. ഇതിനിടെയാണ് തദ്ദേശസ്ഥാപന പ്രതിനിധികളും ഉദ്ഘാടനങ്ങളും പ്രഖ്യാപനങ്ങളുമായി മത്സരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് തനത് ഫണ്ട് അധികം ലഭ്യമല്ലാത്തതിനാല്‍ പൊതുവികസന പ്രവര്‍ത്തനങ്ങളില്‍ മങ്ങലേറ്റിട്ടുണ്ടെങ്കിലും എംപി, എംഎല്‍എ ഫണ്ട് വിനിയോഗിക്കാന്‍ അവരും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അംഗങ്ങളാണ് പ്രവര്‍ത്തനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഗ്രാമീണ റോഡുകളിലെ കാട് വെട്ടിതെളിച്ച് വഴിവിളക്ക് സ്ഥാപിക്കലും കലുങ്ക്, ഇടറോഡ് നിര്‍മ്മാണവും ലൈഫ് പദ്ധതിയില്‍ ഇടംപിടിക്കാത്ത വോട്ടര്‍മാരെ തേടിപ്പിടിച്ച് അപേക്ഷ നല്കാന് സഹായിക്കലും 2018ലെ പ്രളയദുരന്തത്തിലും 2019ലെ വെള്ളപ്പൊക്ക കെടുതിയിലും അടിയന്തിര സഹായം ലഭ്യമല്ലാത്തവര്‍ക്ക് സഹായ വാഗ്ദാനവുമായും അവര്‍ ഓടിനടക്കുകയാണ്.
ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകാനിരിക്കേ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി വോട്ട് തേടാനാണ് പലരുടേയും ശ്രമം. സാമൂഹിക മാധ്യമങ്ങളിലും ഇവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: