പട്ന: ഉത്തര്‍പ്രദേശില്‍ യുവരാജാക്കന്മാര് എങ്ങനെയാണോ പരാജയപ്പെട്ടത് അതുപോലെ ബീഹാറിലും പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തും. ബീഹാറില്‍ വിവിധ തെരഞ്ഞടുപ്പുറാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബിനാമി സ്വത്ത് സംരക്ഷിക്കുന്നതിനും ജംഗിള്‍രാജിനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനങ്ങളുടെ സമ്പത്തിലാണ് അവരുടെ കണ്ണ്. അവര്‍ക്ക് ഒരിക്കലും ജനങ്ങളുടെ ദുരിതം മനസ്സിലാക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പണം തട്ടിയെടുക്കുകയാണ് ആര്‍ജെഡി ചെയ്തത്. അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് വീണ്ടും ജംഗിള്‍ രാജ് തിരിച്ചുവരും. അവര്‍ ജനങ്ങളെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കില്‍ ബീഹാര്‍ വികസനത്തില്‍ താഴേക്ക് പോവില്ലായിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ സംസ്ഥാനത്തെ പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താനാണ് ശ്രമിക്കുന്നത്.
ബീഹാറിലെ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രയത്നിക്കുന്നത്, അതേസമയം രണ്ട് യുവരാജാക്കന്മാര് അവരുടെ സിംഹാസനം സംരക്ഷിക്കാനാണ് പോരാടുന്നതെന്ന് മോദി പറഞ്ഞു. പേര് പരാമര്‍ശിക്കാതെ കോണ്‍ഗ്രസ് നേതാവ് രാഹുലിനും തേജസ്വി യാദവിനുമെതിരായ മോദിയുടെ വിമര്‍ശനം.
ബീഹാറില്‍ ചിലര്‍ ജനങ്ങള്‍ക്ക് തെറ്റായ പ്രതീക്ഷകള്‍ നല്കാന് ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ബീഹാറിലെ ജനങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിക്കാറില്ല. അവര്‍ സ്വന്തം കുടുംബത്തെക്കുറിച്ചും അവരുടെ സ്വന്തം കാര്യത്തെക്കുറിച്ചും മാത്രമേ ആലോചിക്കാറുള്ളൂവെന്നും രാഹുലിനേയും തേജസ്വിയേയും പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ഭയവും അസ്വസ്ഥതയും ഉണ്ടാക്കുവാനാണ് ശ്രമിക്കുന്നത്. ഭഗവാന് ശ്രീരാമന്റെ അസ്തിത്വത്തെ ഇവര്‍ ചോദ്യം ചെയ്തകാര്യം മറക്കരുത്. ഇന്ന് അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയാണ്. പട്ടികജാതി വര്‍ഗ്ഗ സംവരണങ്ങള്‍ ഇല്ലാതാക്കുവാന്‍ പോവുകയാണെന്ന് ഇവര്‍ അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണ്. കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് റദ്ദാക്കിയപ്പോഴും ഇവര്‍ പ്രശ്നങ്ങളുണ്ടാക്കി. ഇതുപോലെ സിഎഎക്കെതിരെ കലാപം അഴിച്ചുവിട്ട് ഇവര്‍ ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു. പുതിയ നിയമങ്ങളൊന്നും തന്നെ ഇവര്‍ അംഗീകരിക്കാന്‍ തയാറാവുന്നില്ല. പുല്‍വാമ ഭീകരാക്രമണത്തെ പാക്കിസ്ഥാന് അംഗീകരിച്ചിട്ടും ഇവര്‍ സംശയം പ്രകടിപ്പിച്ചു. ബീഹാറിലെ ജനങ്ങള്‍ ഇതൊന്നും പൊറുക്കില്ല.
കുറച്ചുദിവസങ്ങള്‍ കഴിഞ്ഞാല്‍ ഛത് പൂജാ ആഘോഷങ്ങളാണ്. അത് നടത്താന്‍ സാധിക്കുമോ എന്ന് ബീഹാറിലെ അമ്മമാര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ വിഷമിക്കേണ്ടതല്ല. നിങ്ങളുടെ ഈ മകന് ദല്‍ഹിയിലുണ്ട്. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും മകന് നോക്കും, മോദി പറഞ്ഞു.
ബീഹാറില്‍ ഇത്തവണയും എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മോദി പറഞ്ഞു. ആദ്യഘട്ട വോട്ടിങ് കഴിഞ്ഞയുടന്‍ ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിതീഷ് കുമാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന് മുന്‍പ് നിരവധി റാലികള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ രാവിലെ 10 മണിക്ക് മുന്‍പ് തന്നെ ഇത്രയും വലിയ ജനക്കൂട്ടമുള്ള ഒരു റാലി മുന്‍പ് ഉണ്ടായിട്ടില്ല, മോദി പറഞ്ഞു.
കര്‍ഷകര്‍ക്കായി ബീഹാറില്‍ ആയിരം ഫാര്‍മര്‍ പ്രൊഡ്യുസേഴ്സ് ഓര്‍ഗനൈസേഷന്‍സ് സ്ഥാപിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകരുടെ അടിസ്ഥാന വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ നിതീഷിന്റെ ബന്ധുക്കളാരെയെങ്കിലും രാജ്യസഭയിലേക്ക് അയച്ചിട്ടുണ്ടോ? മോദിയുടെ ബന്ധുക്കള്‍ ആരെങ്കിലും പാര്ലമെന്റിലുണ്ടോ? മോദി ചോദിച്ചു. നാളെയാണ് ബീഹാറില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. മൂന്നാംഘട്ടം ഏഴിനും. പത്തിനാണ് ഫലപ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: