തൃശൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൊറോണ മഹാമാരിയെന്ന ആശങ്കയുടെ മുള്‍മുനയില്‍. തെരഞ്ഞെടുപ്പ് ഗോദായില്‍ മുഖ്യ എതിരാളിയായി ഇത്തവണ നില്‍ക്കുന്നത് കൊറോണ. നാടിനെയും ജനങ്ങളെയും ഭീതിയിലാഴ്ത്തി കുതിക്കുന്ന കൊറോണയെ അടര്‍ക്കളത്തില്‍ ചെറുത്തു തോല്‍പ്പിക്കുകയെന്നതാണ് കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി.
കൊറോണയെന്ന വില്ലനോടാണ് ആദ്യഘട്ടത്തില്‍ എല്ലാ പാര്‍ട്ടികളുടെയും പോരാട്ടം. കൊറോണ ഭീതിയുടെ നിഴലിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടിട്ടുള്ള പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്കും ജയസാധ്യത കണക്കിലെടുത്തുള്ള നീക്കുപോക്കുകളിലേക്കും കടന്നിരിക്കുകയാണ്.
തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം, പ്രചരണം, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ തുടങ്ങി എല്ലാ നടപടി ക്രമങ്ങള്‍ക്കും വില്ലന്റെ രൂപത്തില്‍ കൊറോണയുണ്ട്. മറ്റു പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളെയല്ല ഇപ്പോള്‍ പാര്‍ട്ടികള്‍ക്ക് ഭയം. പ്രധാന എതിരാളിയായ കൊറോണയെ ചെറുത്ത് തോല്‍പ്പിച്ച് എങ്ങനെ വിജയം നേടുമെന്നതിനെ കുറിച്ചാണ് എല്ലാവരുടെയും ചിന്ത. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി കൊറോണ പോസിറ്റീവോ, ക്വാറന്റൈനിലോ ആണെങ്കില്‍ നിര്‍ദേശകനാണ് പത്രിക സമര്‍പ്പിക്കേണ്ടത്. സ്ഥാനാര്‍ത്ഥിയോടൊപ്പം പരമാവധി അഞ്ചു പേര് അടങ്ങുന്ന ചെറു സംഘങ്ങളായി വീടുകളിലെത്തി വോട്ടു ചോദിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.
കൊറോണ പോസിറ്റീവോ, ക്വാറന്റൈനിലോ ആയാല്‍ പ്രചാരണത്തിനിറങ്ങരുതെന്ന നിര്‍ദ്ദേശവും സ്ഥാനാര്‍ത്ഥികളെ വെട്ടിലാക്കിയിട്ടുണ്ട്. ജില്ലയില്‍ നിരവധി ക്രിട്ടിക്കല്‍ കണ്ടൈയ്മെന്റ് സോണുകളും കണ്ടൈയ്മെന്റ് സോണുകളും നിലവിലുണ്ട്. തൃശൂര്‍ കോര്പ്പറേഷന്-വിവിധ നഗരസഭാ-ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളും ഇവയിലുള്‍പ്പെടും. ചില പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണം സാധിക്കുമോയെന്നതാണ് സ്ഥാനാര്‍ത്ഥികള്‍ നേരിടുന്ന പ്രധാന പ്രശ്നം.
കണ്ടൈയ്മെന്റ് സോണായ വാര്‍ഡുകളില്‍ ഇപ്പോള്‍ സഞ്ചാരത്തിനടക്കം നിയന്ത്രണങ്ങളുണ്ടെന്നതാണ് പാര്‍ട്ടികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി.
എന്നാല്‍ ക്രിട്ടിക്കല്‍ കണ്ടൈയ്മെന്റ് സോണുകളിലും കണ്ടൈയ്മെന്റ് സോണുകളിലും വീടുകളില്‍ ചെന്നുള്ള വോട്ടഭ്യര്‍ത്ഥന പ്രായോഗികമാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജനങ്ങളെ നേരിട്ട് കാണാതെ എങ്ങനെ വോട്ട് നേടാമെന്നതിനെ കുറിച്ചുള്ള കണക്കുകൂട്ടലുകളിലാണ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: