ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ചില മാറ്റങ്ങള്‍ക്ക് ഈ നവംബര്‍ മാസം വഴിയൊരുക്കുമെന്ന് റിപ്പോര്‍ട്ട്. അതില്‍ സുപ്രധാനമാണ് ബിജെപി നയിക്കുന്ന വേല്‍യാത്രയും രജനികാന്തിന്റെ രാഷ്ട്രീയനിലപാട് പ്രഖ്യാപനവും. തമിഴ് ഹൈന്ദവരുടെ ആരാധാനപാത്രമായ വേല്‍മുരുകനെ അവഹേളിച്ച യുക്തിവാദ സംഘമായ കറുപ്പര്‍ കൂട്ടത്തിനെതിരേ തമിഴ്നാട്ടിലെങ്ങും പ്രതിഷേധം അതിശക്തമായിരുന്നു. ഈ വികാരം ഏറ്റെടുത്താണ് തമിഴ്നാട്ടില്‍ ‘വേലിനെ’ പ്രതീകമായി മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിന് ബിജെപി തീരുമാനം. ദ്രാവിഡ രാഷ്ട്രീയത്തെ നേരിടാന്‍ വേലിന് സാധിക്കും എന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തമിഴ്നാട്ടില്‍ വേല് യാത്ര സംഘടിപ്പിക്കും. ഡിസംബര്‍ ആറിന് അവസാനിക്കുന്ന രീതിയില്‍ വേല് യാത്ര സംഘടിപ്പിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
ഈ വേല്‍യാത്രയില്‍ അടക്കം പങ്കാളിയാകാന്‍ രജനികാന്ത് എത്തുമോ എന്നതാണ് തമിഴ്നാട്ടിലെ സജീവചര്‍ച്ച വിഷയം. ബിജെപി അനുകൂല നിലപാട് രജനി സ്വീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന കഴിഞ്ഞ ദിവസം ഒരു കൂടിക്കാഴ്ചയും നടന്നു. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്ത്തിയുമായാണു നടന് രജനീകാന്ത് കൂടിക്കാഴ്ച നടത്തിയത്. ഞായറാഴ്ച വൈകുന്നേരം പോയസ് ഗാര്‍ഡനിലെ വസതിയില്‍ വച്ച് നടന്ന കൂടിക്കാഴ്ച രണ്ടു മണിക്കൂര്‍ നീണ്ടു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. രജനീകാന്തിന് രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവിയുണ്ടെന്നും ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്തിന് നല്ലതാണെന്നും ഗുരുമൂര്‍ത്തി നേരത്തെ വ്യക്തമാക്കിയിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് നിര്‍ണായക കൂടിക്കാഴ്ചയാണ് നടന്നതെന്നാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദേശീയ നേതാക്കള്‍ അടക്കമുള്ളവരാകും ബിജെപിയുടെ വേല് യാത്രയില്‍ പങ്കെടുക്കുക. സൂപ്പര്‍ സ്റ്റാര്‍ രജനീ കാന്ത് ഡിസംബര്‍ ആറിന് നടക്കുന്ന വേല് യാത്രയുടെ സമാപന സമ്മേളനത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വേല് യാത്രയുടെ മുന്നോടിയായി ഗ്രാമങ്ങളിലും നഗരങ്ങളിലും വേല് സംഗമങ്ങളും സംഗീത പരിപാടികളും സംഘടിപ്പിക്കും. അതേസമയം, ബി.ജെ.പിയുടെ വേല് യാത്രയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എമ്മും വി.സി.കെയും രംഗത്തെത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ ഹൈന്ദവവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ അപ്പോസ്തലന് രാമസ്വാമി നായ്ക്കര്‍ അഥവാ പെരിയോരുടെ അനുയായികളാണ് കറുപ്പര്‍ കൂട്ടം. വേല്‍മുരുകനെ സ്തുതിച്ചുള്ള സ്കന്ദ ഷഷ്ഠി കവച കീര്‍ത്തനത്തെ പരിഹസിച്ചാണ് തീവ്ര യുക്തിവാദി സംഘടനയായ കറുപ്പര്‍ കൂട്ടം വീഡിയോ പുറത്തിറക്കിയത്. ഇതേത്തുടര്‍ന്ന് തമിഴ് ഹൈന്ദവ ജനത ഒറ്റക്കെട്ടായി രംഗത്തുവന്നിരുന്നു. കറുപ്പര്‍ കൂട്ടം യൂട്യൂബ് ചാനലിന്റെ ചെന്നൈ ഓഫീസ് പൊലീസ് പൂട്ടി.
സാക്ഷാല്‍ ശ്രീ മുരുകന് ശൂരപദ്മാസുരനെ നിഗ്രഹിച്ച സ്കന്ദഷഷ്ടി നാളില്‍ തന്നെയാണ് അവഹേളന വീഡിയോ കറുപ്പര്‍ കൂട്ടം പുറത്തിറക്കിയത്. വേലെടുത്ത മുരുകന് ശൂരപദ്മാസുരനെ രണ്ടു കഷ്ണമാക്കി ഒരു കഷ്ണം സഞ്ചരിക്കാനുള്ള മയിലാക്കി മാറ്റി, മറ്റേ കഷ്ണം കോഴിയാക്കി സ്വന്തം കൊടിയില്‍ തൂക്കിയെന്നാണ് ഐതിഹ്യം. ഹൈന്ദവ ദേവതാ സങ്കല്പങ്ങള്ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളുടെ ഭാഗമാണ് കറുപ്പര്‍ കൂട്ടത്തിന്റെ നടപടിയെന്ന് ബിജെപി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: