നൂറുവര്‍ഷം തികച്ച ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും അസ്തിത്വം നഷ്ടപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. കള്ളക്കടത്ത്, ലഹരി മാഫിയക്കായി പ്രസ്താവന ഇറക്കുന്ന അധോലോകസംഘമായി ആ പാര്‍ട്ടി അധഃപതിച്ചു. ഒന്നാം ലോക്സഭയില്‍ രാജ്യത്തെ മുഖ്യപ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി, ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അടിയാളന്മാരായി തീര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസിനോടും ദേശീയതയോടും സ്വീകരിക്കേണ്ട നിലപാടുകളെച്ചൊല്ലി 1964ല്‍ മാതൃപാര്ട്ടിയോട് കലഹിച്ച് ഇറങ്ങിപ്പോന്നവരാണ് ഇഎംഎസും കൂട്ടരും. കോണ്‍ഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച ഇഎംഎസിന്റെ പാര്‍ട്ടി ഇന്ന് കേരളത്തിലുള്‍പ്പെടെ ഗാന്ധികുടുംബത്തിന്റെ വിനീതദാസന്മാരായി മാറിയിരിക്കുന്നു. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടുകള്‍ക്ക് അടിസ്ഥാനമായി കേരളത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത് സീതാറാം യച്ചൂരിയുടെ വാക്കുകളല്ല മറിച്ച് സോണിയഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും പ്രസ്താവനകളാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകയ്യായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന് കള്ളപ്പണ ഇടപാടിലും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ലഹരി ഇടപാടിലും കുടുങ്ങിയതോടെയാണ് കേരളപാര്‍ട്ടി ഗാന്ധികുടുംബത്തിന്റെ വക്താക്കളായി മാറിയത്. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസിനുള്ള അനുഭവപരിചയമാകാം സിപിഎമ്മിന് ആത്മവിശ്വാസം പകരുന്നത്. അടുത്തടുത്ത് രണ്ട് മുഖപ്രസംഗങ്ങളാണ് പാര്‍ട്ടി പത്രം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളെ പുകഴ്ത്തി എഴുതിയത്. ഒക്ടോബര്‍ 28ലെ മുഖപ്രസംഗത്തിന്റെ തലക്കെട്ട് ‘പാര്‍ട്ടി അധ്യക്ഷ പറയുന്നതും കേള്‍ക്കുന്നില്ലേ’ എന്നായിരുന്നു. അത് വായിക്കുന്ന സാധാരണ പ്രവര്ത്തകന് സോണിയഗാന്ധിയാണോ സിപിഎമ്മിന്റെ ദേശീയ അധ്യക്ഷ എന്ന് തോന്നിപ്പോവും. വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ രാഹുല്‍ ഗാന്ധിയുടെ വാക്കുകളേറ്റെടുത്തായിരുന്നു ഒക്ടോബര്‍ 26ന്റെ മുഖപ്രസംഗം. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഒരു ലജ്ജയുമില്ലാതെ സോണിയയുടെയും രാഹുലിന്റെയും പ്രസ്താവനകളെ വാര്‍ത്താസമ്മേളനത്തില്‍ അഭിമാനത്തോടെ ഉദ്ധരിക്കുന്നു. കേരളത്തിലെ സിപിഎം കൂടി കോണ്‍ഗ്രസ് വിധേയത്വം പരസ്യമാക്കിയതോടെ പാര്‍ട്ടിലൈനില്‍ സമ്പൂര്ണമാറ്റമായി. രാഹുല്‍ഗാന്ധിയാവട്ടെ കേരളത്തിലെത്തിയാല്‍ പിണറായി സര്‍ക്കാരിനെ പുകഴ്ത്തുന്നു. യൂത്ത് കോണ്‍ഗ്രസുകാരെ വെട്ടിക്കൊന്ന പ്രതികളെ രക്ഷിക്കാന്‍ കേസ് നടത്തുന്ന സര്‍ക്കാരിനെക്കുറിച്ച് അദ്ദേഹത്തിന് ഒരു ആക്ഷേപവുമില്ല.
കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം പാടില്ല എന്ന ഇരുപത്തിരണ്ടാം പാര്‍ട്ടികോണ്‍ഗ്രസ് പ്രമേയം പൂര്‍ണമായും അപ്രസക്തമാക്കുന്നതാണ് കേന്ദ്രകമ്മിറ്റിയുടെ പുതിയ തീരുമാനം. അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം ത്രിപുരയിലും ഉണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. ബിഹാറില്‍ ഇപ്പോള്‍ തന്നെ ഇരുപാര്‍ട്ടികളും ആര്‍ജെഡിയുടെ മഹാഗഡ്ബന്ധന് ഒപ്പമാണ്. നിലപാടുകളില്‍ സ്ഥിരതയില്ലാത്ത, പ്രത്യയശാസ്ത്രത്തോട് കൂറില്ലാത്ത പ്രാദേശികപാര്‍ട്ടിയായി കമ്യൂണിസ്റ്റ് പാര്‍ട്ടി ചുരുങ്ങിയിരിക്കുന്നു എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. ‘പാര്‍ട്ടി കോണ്‍ഗ്രസാക്കണം’ എന്ന യച്ചൂരി ലൈനിനെച്ചൊല്ലി ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന കോലാഹലങ്ങള്‍ എത്ര പരിഹാസ്യമായിരുന്നു എന്ന് ഇപ്പോള്‍ തെളിയുന്നു. ‘സിപിഎമ്മെന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള’ എന്നല്ല എന്ന് യച്ചൂരി തൃശൂര്‍ സംസ്ഥാന സമ്മേളനത്തില്‍ രോഷം കൊണ്ടത് കേരളഘടകത്തിന്റെ കോണ്‍ഗ്രസ് വിരോധത്തെക്കുറിച്ചായിരുന്നു. ഇപ്പോള്‍ അതെല്ലാം പഴങ്കഥയായിരിക്കുന്നു.
2004ല്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാനുണ്ടാക്കിയ അവിശുദ്ധസഖ്യം രാജ്യത്തെ കട്ടുമുടിക്കുന്നതാണ് കണ്ടത്. കൈപ്പത്തി പിടിച്ചുള്ള അരിവാള്‍ ചുറ്റികയുടെ പുതിയ നീക്കവും ബിജെപിയെ പരാജയപ്പെടുത്താനാണ്. കേരളത്തില്‍ പരസ്യസഖ്യമുണ്ടാക്കില്ലെങ്കിലും രഹസ്യധാരണയ്ക്കാണ് നീക്കം. 1991ല്‍ കെ.ജി. മാരാരെയും 2016ല്‍ കെ. സുരേന്ദ്രനെയും മഞ്ചേശ്വരത്ത് നിസാരവോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് ഈ രഹസ്യധാരണയിലാണ്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ഇക്കഴിഞ്ഞ വര്‍ഷം ഈ കൂട്ടുകെട്ട് പരസ്യമായി പുറത്തുവന്നു. രമേശ് ചെന്നിത്തലയും പിണറായി വിജയനും കൈകോര്‍ത്ത് നരേന്ദ്രമോദിക്കെതിരെ സമരത്തിനിറങ്ങി.
പക്ഷേ രാഷ്ട്രീയധാര്‍മികതയ്ക്ക് നിരക്കാത്ത ഇത്തരം അടവുനയങ്ങളെ ജനം തള്ളിക്കളയുന്ന കാലം വിദൂരമല്ല. ജനറല്‍ സെക്രട്ടറിയായ ശേഷം യച്ചൂരിയുടെ ആദ്യ കോണ്‍ഗ്രസ് ബാന്ധവ പരീക്ഷണം ബംഗാളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ബിജെപിക്കും പിറകില്‍ നാലാം സ്ഥാനത്താണ് എത്തിച്ചത്. കേരളത്തിലും കാലങ്ങളായുള്ള ഈ പരസ്പര സഹകരണസംഘത്തെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. കെ.എം. മാണിയുടെ അഴിമതി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടവര്‍ അധികാരക്കസേരയിലെത്തിയപ്പോള്‍ മാണിയുടെ മകനെ ഒപ്പം കൂട്ടി. നോട്ടെണ്ണല്‍ യന്ത്രം അധികാരത്തിലിരിക്കുമ്പോള്‍ പരസ്പരം കൈമാറും.
പിണറായി അധികാരത്തിലേറിയപ്പോള്‍ സോളര്‍ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയതുപോലെ യുഡിഎഫ് വന്നാല്‍ ലൈഫ് അഴിമതിയും കുഴിച്ചുമൂടും. അതിനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഒന്നിച്ചുള്ള നീക്കം. കേരളത്തില്‍ മാത്രം ഭരണമുള്ള ഒരു പാര്‍ട്ടിയെ വേട്ടയാടിയിട്ട് കേന്ദ്ര ഏജന്‍സികള്‍ എന്താണ് നേടുന്നതെന്ന് യുക്തിസഹമായി വിവരിക്കാന്‍ പോലുമാവാത്ത സിപിഎം, സാധാരണപ്രവര്‍ത്തകന്റെ കണ്ണില്‍ പൊടിയിടുകയാണ്. ശിവശങ്കരനും ബിനീഷ് കോടിയേരിക്കും സര്‍ക്കാരുമായോ പാര്‍ട്ടിയുമായോ ബന്ധമില്ലെന്ന് ആണയിടുന്നവര്‍ തന്നെയാണ് ഈ വേട്ടയാടലിനെക്കുറിച്ചും പറയുന്നത് എന്നത് മറ്റൊരു വൈരുധ്യം. പ്രത്യയശാസ്ത്രപരമായ വിഷയങ്ങളിലല്ല കേന്ദ്രനേതൃത്വം കേരള പാര്‍ട്ടിക്ക് അകമഴിഞ്ഞ
പിന്തുണ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിച്ച് കള്ളക്കടത്ത് നടത്തിയതും ഭരണകക്ഷിയുടെ ബലത്തില്‍ മയക്കുമരുന്ന് കടത്തിയതുമാണ് വിഷയം. കള്ളക്കടത്തിന്റെ പങ്കുപറ്റുന്നതിനാലാണോ വിധ്വംസകശക്തികള്‍ക്ക് വേണ്ടി പ്രമേയം പാസാക്കുന്നതെന്ന് സീതാറാം യച്ചൂരി വിശദീകരിക്കണം. രാജ്യത്തിന്റെ സമ്പദ്ഘടന അട്ടിമറിക്കാനുള്ള നീക്കത്തിനാണ് പിണറായി വിജയന്റെ ഓഫീസ് കൂട്ടുനിന്നത്. പകലന്തിയോളം മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി എന്തുകൊണ്ട് ഈ വിധ്വംസക പ്രവര്‍ത്തനത്തെ തള്ളിപ്പറയുന്നില്ല? അനധികൃതസ്വത്ത് സമ്പാദനം, കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനം എന്നിവ സംബന്ധിച്ച തെറ്റുതിരുത്തല്‍ നടപ്പാക്കണമെന്ന പാര്‍ട്ടി പ്ലീനങ്ങളുടെ നിര്‍ദേശം പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബത്തില്‍പ്പോലും നടപ്പാക്കാനായില്ല എന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് സംഭവിക്കാവുന്ന അപചയത്തിന്റെ അങ്ങേയറ്റമാണ്. ഇത്തരം നിലപാടുകള്‍ക്കെതിരെയാണ് വി.എസ്. അച്യുതാനന്ദനെന്ന കമ്യൂണിസ്റ്റ് പാര്ട്ടിസ്ഥാപകനേതാവ് ശബ്ദമുയര്‍ത്തിയിരുന്നത്.
വിഎസിന്റെ അനാരോഗ്യവും കണ്ണൂര്‍ ലോബിക്ക് എന്തും ചെയ്യാനുള്ള അവസരമൊരുക്കുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഖജനാവ് കട്ടുമുടിയ്ക്കലും നടത്തുന്നവരെ പുറത്തുകൊണ്ടുവരാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. അധോലോക സംഘങ്ങളുമായുള്ള കൂട്ടുകെട്ട് 34 വര്‍ഷം ഭരിച്ച പശ്ചിമബംഗാളിലും 25 വര്‍ഷം ഭരിച്ച ത്രിപുരയിലും ഉണ്ടാക്കിയ അതേ ഗതി കേരളത്തിലും സിപിഎമ്മിന് സമ്മാനിക്കും. പ്രശസ്ത പോര്‍ച്ചുഗീസ് സാഹിത്യകാരന് യോസെ സരമാഗോ തന്റെ സുഹൃത്ത് ഫിഡല്‍ കാസ്ട്രോയോട് പറഞ്ഞത് കേരളത്തിലെ ബുദ്ധിജീവികള്‍ സിപിഎം നേതൃത്വത്തോട് പറയുന്ന കാലം വിദൂരമല്ല. ‘നിങ്ങളില്‍ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു, എന്റെ പ്രതീക്ഷകളെ നിങ്ങള്‍ നശിപ്പിച്ചു, എന്റെ സ്വപ്നങ്ങളെ നിങ്ങള്‍ വഞ്ചിച്ചു’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: