ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ പിടിമുറുക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും(എന്‍സിബി). നിലവില്‍ അറസ്റ്റിലായി കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് നല്‍കിയ മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫീസിലെത്തി എന്‍സിബി ശേഖരിച്ചു കഴിഞ്ഞു. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബീനീഷിനേയും പ്രതിചേര്‍ക്കാനാണ് നിലവില്‍ എന്‍സിബിയുടെ നീക്കം.
ഇതിന്റെ ഭാഗമായി ശനിയാഴ്ച വൈകുന്നേരത്തോടെ എന്‍സിബിയുടെ മൂന്ന് ഉദ്യോഗസ്ഥര്‍ ശാന്തിനഗറിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തി മൊഴികള്‍ ശേഖരിക്കുകയായിരുന്നു. ബിനീഷില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ അല്‍പ സമയം ചെലവഴിച്ച ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി രണ്ടു മണിക്കൂറിലധികം നീണ്ട ചര്‍ച്ച നടത്തി.
മുഹമ്മദ് അനൂപിനെ പ്രതിയാക്കി എന്‍സിബി രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിനെ പ്രതി ചേര്‍ക്കുന്നതിനായുള്ള പ്രാഥമിക നടപടിയാണിത്. ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബിയും ആവശ്യപ്പെട്ടേക്കും. ബിനീഷിനെതിരായ ഇഡിയുടെ നിര്‍ണായക കണ്ടെത്തലുകളാണ് എന്‍സിബിയുടെ നടപടികള്‍ ഇത്ര വേഗത്തിലാക്കിയത്.
ബിനീഷിന്റെ നിര്‍ദ്ദേശപ്രകാരം ലഹരിമരുന്ന് ഇടപാടിനായി 50 ലക്ഷം രൂപ 20 അക്കൗണ്ടുകള്‍ വഴി എത്തിയെന്നാണ് അനൂപ് മുഹമ്മദ് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതാണ് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നതിലേക്ക് വഴിവെച്ചത്.
അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനോട് ബിനീഷ് കൊടിയേരി ശനിയാഴ്ചയും നിസ്സഹകരണം തുടരുകയാണ്. പണമിടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബിനീഷ് തയ്യാറാവുന്നില്ല മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. ഇതിനെ തുടര്‍ന്ന് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ എട്ട് മണിയോടെ അവസാനിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. അതിനിടെ ബിനീഷിനെ കാണാന്‍ ബന്ധുക്കളെ അനുവദിക്കാത്ത എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി ബിനീഷിന്റെ അഭിഭാഷകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക