ന്യൂദല്‍ഹി : മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ കോടിയേരി തന്നെ അന്വേഷണം സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മകനെതിരെ കേസെടുത്തതിന് സംസ്ഥാന സെക്രട്ടറി പദം രാജിവെക്കേണ്ടതില്ലെന്നാണ് കേന്ദ്രകമ്മിറ്റിയും നിലപാട് എടുത്തിരിക്കുന്നത്. ബിനീഷിനെതിരെയുള്ള കേസില്‍ കോടിയേരി മറുപടി പറയേണ്ടതില്ലെന്നും യെച്ചൂരി അറിയിച്ചു.
സംസ്ഥാനത്തെ കേസുകളില്‍ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയാന്‍ കേന്ദ്രകമ്മിറ്റി തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇതു സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ധാരണയായെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
അതേസമയം ശിവശങ്കറും ബിനീഷ് കോടിയേരിയും തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് അനുഭവിക്കുക തന്നെ വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അറിയിച്ചു. ഇരുവരുടേയും പേര് പരാമര്‍ശിക്കാതെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെവേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കള്‍ക്കും ബാധകമാണ്.
പക്ഷേ കേരളത്തില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും അസംഘടിതവുമായ ആക്രമണമത്തെ ചെറുക്കുക എന്നത് ജനാധിപത്യ വാദികളുടെ സുപ്രധാന കടമയാണ്. സിപിഐഎമ്മിനെ തകര്‍ത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ടെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: