ദോഹ: ശൈത്യകാല പച്ചക്കറി ചന്ത വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഒന്നാം ദിനം റെക്കോർഡ് വിൽപ്പന. വ്യത്യസ്ത ഇനങ്ങളിലായി 70 ടണ്ണിലധികം പച്ചക്കറികള്‍ വിറ്റുപോയി. അഞ്ചിടങ്ങളിലായി സ്ഥാപിച്ച ശൈത്യകാല ചന്തകളിലേക്ക് നിരവധി ഉപഭോക്താക്കളാണ് എത്തിയത്.
ആദ്യ മൂന്ന് ദിവസങ്ങളിലായി മികച്ച വില്‍പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ പച്ചക്കറികള്‍ കൂടുതലായി എത്തും. വൈവിധ്യമാര്‍ന്ന പച്ചക്കറികളും വരുന്ന ദിവസങ്ങളില്‍ അഞ്ച് ചന്തകളിലായി ഉണ്ടാകും.150ഓളം പ്രാദേശിക പച്ചക്കറി ഫാമുകളാണ് ഇത്തവണ ന്യായവിലയില്‍ പച്ചക്കറി വില്‍പനയുമായി എത്തിയിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷികവകുപ്പ് ഉപ മേധാവി ആദില്‍ അല്‍ കല്‍ദി അല്‍ യാഫഇ പറഞ്ഞു.
ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ ചന്തകളിലൂടെ കര്‍ഷകര്‍ക്ക് കഴിയും. തങ്ങളുടെ നിക്ഷേപത്തിനും അധ്വാനത്തിനും അനുസരിച്ച വില ഇതിനാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതായും മന്ത്രാലയം പറയുന്നു. കക്കരി, തക്കാളി, ഉള്ളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, മാരോപ്പഴം, വഴുതന, ഇലയിനത്തിലുള്ള വിവിധയിനം പച്ചക്കറികള്‍, മത്തന്‍ തുടങ്ങിയവയാണ് ചന്തകളിലുള്ളത്. വിവിധയിനം പഴങ്ങളുമുണ്ട്. ഈത്തപ്പഴം, തേന്‍ എന്നിവയും ലഭ്യമാണ്.
അല്‍ ശീഹാനിയ, അല്‍ മസ്റൂഅ, അല്‍ വക്റ, അല്‍ ശമാല്‍, അല്‍വക്റ-ദഖീറ എന്നിവിടങ്ങളിലായാണ് മാര്‍ക്കറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാലുവരെയാണ് ചന്തകളുടെ പ്രവര്‍ത്തനം. എല്ലാവിധ കോവിഡ് പ്രതിരോധ നടപടികളും പാലിച്ചാണ് പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: