അഹമ്മദാബാദ്: ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്നത് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145ാം ജന്മദിന പരിപാടികളുടെ ഭാഗമായി ഗുജറാത്തിലെ കെവാഡിയയില്‍ നര്‍മ്മദ നദീതീരത്തുള്ള പട്ടേല്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം സൈനിക പരേഡിനെ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെവാഡിയയില്‍ സൈനിക പരേഡ് ഉള്‍പ്പടെയുള്ളവ നടത്തിക്കൊണ്ടാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന് രാജ്യം ആദരവ് അറിയിച്ചത്. ഇന്ത്യയിലെ കൊറോണ പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണ്. ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്. കര്‍ഷകരെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുകയാണ്. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം. ചിലര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിലൂടെ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും മോദി പറഞ്ഞു.
ലോകത്തെ തന്നെ ഒരു കുടുംബമായി കാണുകയാണ് വേണ്ടത്. ഭീകരരെ നേരിടുന്നതിനിടയില്‍ ഇന്ത്യക്ക് ഒരുപാട് ധീരജവാന്മാരെ നഷ്ടമായി. അത് രാജ്യം ഒരിക്കലും മറക്കില്ല. സമാധാനം എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നത്. ചിലര്‍ പുല്‍വാമ ആക്രമണത്തില്‍ രാഷ്ട്രീയം കളിക്കുന്നു. അതിര്‍ത്തിയിലെ ഏത് വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്. പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയ വത്കരിക്കുന്നതില്‍ ദുഃഖമുണ്ട്. രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്നും മോദി പറഞ്ഞു.
ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിരവധി പ്രമുഖര്‍ സര്‍ദാര്‍ പട്ടേലിന് ആദരവ് അര്‍പ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ എന്നിവരും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: