തൊടുപുഴ: വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനാല്‍ കൊറോണ രോഗി മരിച്ച സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും സബ് ജഡ്ജുമായ ദിനേശ് എം. പിള്ള ജില്ലാ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി.
വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനാല്‍ വെങ്ങല്ലൂര്‍ സ്വദേശിയായ 52 കാരി ചികിത്സ വൈകിയതിനെത്തുടര്‍ന്ന് മരിച്ച സംഭവം വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ടോം തോമസ് പൂച്ചാലില്‍ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അതോറിറ്റി ചെയര്‍മാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടി.
ജില്ലാ ആശുപത്രിയില്‍ കൊറോണ ചികിത്സ ആരംഭിക്കുന്നതിന് മുന്‍പ് രണ്ട് വെന്റിലേറ്ററുകള്‍ ഉണ്ടായിരുന്നെന്നും രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എട്ടു വെന്റിലേറ്റര്‍ കൂടി ക്രമീകരിച്ചിട്ടുണ്ടെന്നും ഡിഎംഒ റിപ്പോര്‍ട്ട് നല്‍കി.
ഇതിന്റെ നിജസ്ഥിതി അറിയാനാണ് അതോറിറ്റി ചെയര്‍മാന്‍ ദിനേശ് എം.പിള്ള ഇന്നലെ വൈകുന്നേരം 4.30ഓടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് ആശുപത്രിയിലെ കൊറോണ ഐസിയു പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ നിന്നും മനസിലായതായി ദിനേശ് എം. പിള്ള പറഞ്ഞു.
പത്തോളം വെന്റിലേറ്ററുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമല്ല. ഒക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുകയോ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇതു പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ടെക്നീഷ്യന്‍മാരോ സ്റ്റാഫുകളോ ഇല്ല. ഡോക്ടര്‍മാര്‍ ഇക്കാര്യത്തില്‍ നിസഹായകരാണെന്നും ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ് അനാസ്ഥയ്‌ക്ക് കാരണമായതെന്നും അതോറിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് വിശദ റിപ്പോര്‍ട്ടു നല്‍കുമെന്നും നടപടിയായില്ലേല്‍ ഹൈക്കോടതിയുടെ അഭിപ്രായം തേടി മറ്റുകാര്യങ്ങളിലേയ്‌ക്ക് കടക്കുമെന്നും ദിനേശ് എം. പിള്ള പറഞ്ഞു.
കൊറോണ രോഗികള്‍ക്ക് 10 ശതമാനം കിടക്കകള്‍ നീക്കി വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് നിജസ്ഥിതി അറിയാന്‍ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനും ഐഎംഎയ്‌ക്കും അടുത്ത മാസം 11ന് ഹാജരാകാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക