തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ മുണ്ടന്മലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി മുണ്ടന്മലയില് നിന്നുള്ള ദൂരക്കാഴ്ച്ച ആസ്വദിക്കുന്നതിനായി തയ്യാറാക്കിയ പവലിയന്റെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി.
നിര്‍വഹിച്ചു. പി.ജെ.ജോസഫ് എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷനായി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വല്‍സ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം ചിലവഴിച്ചാണ് പവലിയന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ദൂരക്കാഴ്ചകളും ആകാശ വിസ്മയങ്ങളും അടുത്തു കാണുന്നതിനായി ബൈനോക്കുലറും സ്ഥാപിച്ചിട്ടുണ്ട്. തൊടുപുഴ-വഴിത്തല റൂട്ടില്‍ വാഴപ്പള്ളിയില്‍ നിന്നും 1.7 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മുണ്ടന്‍ മലയിലെത്താം. തൊടുപുഴയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ളത്. കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ദിവസേന നെടിയശാലക്ക് സമീപമുള്ള മുണ്ടന്മലയിലേക്ക് എത്തുന്നത്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മണിയന്ത്രം മല വരെ നീണ്ടു കിടക്കുന്ന ദൂരക്കാഴ്ചയാണ് മുണ്ടന്മലയില് നിന്ന് ലഭിക്കുക. മഞ്ഞു മാറുന്നതോടെ കിലോമീറ്ററുകളോളം ദൂരത്തില്‍ പച്ചപ്പും, പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ കഴിയും. മുണ്ടന്മലയെന്ന സ്ഥലത്തിന്റെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ഇവിടേക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്തധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: