കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡ് ഹിന്ദു ശ്മശാനത്തില്‍ പരമ്പരാഗത ശവസംസ്കാര ചടങ്ങ് നിര്‍ത്തിവെച്ച കോഴിക്കോട് കോര്പറേഷന് നടപടിക്കെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ സാമുദായിക-ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ സമരം വിജയം. ഒരു മാസത്തിലധികമായി സമരം തുടര്‍ന്ന സാഹചര്യത്തില്‍ കോര്പറേഷന് ഹിന്ദുഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനാ പ്രതിനിധികളെയും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദുഐക്യവേദി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മേയര്‍ അറിയിക്കുകയായിരുന്നു.
പരമ്പരാഗത ആചാരപ്രകാരം ശവസംസ്കാരത്തിനുള്ള സൗകര്യം നവീകരിക്കുന്ന ശ്മശാനത്തില്‍ ഒരുക്കുന്നതിനെകുറിച്ച് ആലോചിക്കാന്‍ ഹൈന്ദവസംഘടനാ പ്രതിനിധികളെയും ആര്‍ക്കിടെക്റ്റിനെയും ഉള്‍പ്പെടുത്തി യോഗം ചേരും. ശ്മശാനത്തിന്റെ സ്ഥലം കയ്യേറിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സര്‍വ്വേയര്‍മാരെ ചുമതലപ്പെടുത്തും. മാവൂര്‍ റോഡ് ശ്മശാനത്തിലെ തൊഴിലാളികളെ താല്‍ക്കാലികമായി വെസ്റ്റ്ഹില്‍, പുതിയപാലം ശ്മശാനങ്ങളില്‍ ജോലി ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.
എ. പ്രദീപ് കുമാര്‍ എംഎല്‍എ, കോര്പറേഷന് ആരോഗ്യകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.വി. ബാബുരാജ്, ആര്‍എസ്എസ് പ്രാന്തഘോഷ് സംയോജക് പി. ഹരീഷ് കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, വിഎച്ച്പി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സന്തോഷ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമുദായിക സംഘടനാ പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: