കണ്ണൂര്‍: ധര്‍മടം ബേസിക് യുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി അവതരിപ്പിച്ച ബോധവല്‍ക്കരണ നാടകം ‘കൊറോണ കുപ്പായം’ ശ്രദ്ധേയമാകുന്നു. കൂട്ടുകാരില്‍ ഒരാള്‍ക്ക് ഉണ്ടായ കൊറോണ ഭയത്തെ ഇല്ലാതാക്കാന്‍ കൊറോണക്കാലത്ത് പാലിക്കേണ്ട സുരക്ഷാ കാര്യങ്ങളെ കുറിച്ച് സഹപാഠികള്‍ പറഞ്ഞു കൊടുത്ത് ഭയത്തെ ഇല്ലാതാക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. ഓണ്‍ലൈന്‍ നാടകത്തിലൂടെ കുട്ടികളിലെ വിരസത അകറ്റുന്നതോടൊപ്പം സര്‍ഗശേഷി വികാസവും കൊറോണ എന്ന മഹാഭീതിയെക്കുറിച്ചുള്ള വ്യക്തമായ ധാരണ സമൂഹത്തിന് ഉണ്ടാക്കിക്കൊടുക്കുകയുമാണ് ധര്‍മടം ബേസിക് യുപി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്ത കൊറോണ നാടകത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ സ്കൂളില്‍ വരുത്താതെ അവരുടെ വീടുകളില്‍ പോയി ഫോണില്‍ ഷൂട്ട് ചെയ്താണ് നാടകം തയ്യാറാക്കിയിരിക്കുന്നത്. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇത്തരമൊരു സംരംഭം നടത്തുകയെന്നത് പ്രയാസമായിരുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തെ ലാഘവത്തോടെയാണ് പ്രധാനാധ്യാപിക സന്മ ടീച്ചറും സഹപ്രവര്‍ത്തകരും ഏറ്റെടുത്തത്. എല്ലാവിധ പിന്തുണയുമായി പിടിഎയും വിദ്യാഭ്യാസ വകുപ്പും പൊതുപ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു. ആദ്യമായി ഗൂഗിള്‍ മീറ്റ് വഴി നാടകത്തെ പറ്റി കുട്ടികളുമായി ചര്‍ച്ച നടത്തുകയും കഥയും കഥാപാത്രങ്ങളും തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി ചര്‍ച്ച ചെയ്ത് സ്ക്രിപ്റ്റ് തയ്യാറാക്കി. കുട്ടികള്‍ക്ക് സംഭാഷണങ്ങള്‍ അവതരിപ്പിക്കേണ്ട രീതിയില്‍ വോയ്സ് മെസേജ് ആയി വാട്സ് ആപില്‍ മെസേജ് ചെയ്തു. പിന്നീട് കുട്ടികളുടെ വീടുകളില്‍ അധ്യാപകര്‍ കൊവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് കഥാപാത്രത്തിനു യോജ്യമായ രീതിയില്‍ വേഷവിധാനങ്ങള്‍ നല്കി കഥാപാത്രമാക്കി മാറ്റുകയും ചെയ്തു. മാസ്ക് ധരിച്ച് അഭിനയിക്കുന്നതിനാല്‍ കണ്ണുകളില്‍ കൂടിയും ശാരീരിക ചലനങ്ങളില്‍ കൂടിയും അഭിനയമികവ് വെളിവാക്കണമെന്ന് അവരെ ബോധവാന്മാരാക്കി. അധ്യാപകര്‍ തന്നെ അഭിനയിച്ചു കാണിച്ചു കൊടുത്തു. അധ്യാപകര്‍ സ്വന്തം മൊബൈലില്‍ ആണ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.
വിദ്യാര്‍ത്ഥികളായ എസ്. രാജ് ദൈവിക്, പി. അനുബിന്, പി. അനന്യ, ഇ.കെ. ദേവശ്രീ ഇ.കെ. സുഹാമറിയം, സിയ റിജേഷ്, അനയ റോണേഷ് എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്. പ്രധാനാധ്യാപിക ആര്.സി.പി. സന്മ ടീച്ചറുടെ നേതൃത്വത്തില്‍ അധ്യാപികമാരായ അനിത വടവതി, കെ. മേഘ, എം. ജിന്‍ഷ, ഷജിന ലക്ഷ്മണന്, ലയ ലക്ഷ്മണന് എന്നിവര്‍ ചേര്‍ന്നാണ് നാടകം തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: