ദുബായ്: ഈ സീസണില്‍ ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ കടക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആറു വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റതിനെ തുടര്‍ന്നാണ് മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് ഉറപ്പായത്.
ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റത് കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. പതിമൂന്ന് മത്സരങ്ങളില്‍ കൊല്‍ക്കത്തയ്ക്ക് 12 പോയിന്റാണുള്ളത്. അവസാന ലീഗ് മത്സരത്തില്‍ വിജയിച്ചാലും അവര്‍ക്ക് പതിനാല് പോയിന്റേ ലഭിക്കൂ.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് 12 മത്സരങ്ങളില്‍ പതിനാറ് പോയിന്റുണ്ട്. ലീഗ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് മുംബൈ ഇന്ത്യന്‍സിന് ലഭിക്കും. കൊല്‍ക്കത്ത ചെന്നൈയോട് തോറ്റതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ദല്‍ഹി ക്യാപിറ്റല്‍സിനും പ്ലേ ഓഫിലേക്കുള്ള വഴി എളുപ്പമായി. രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കേ ബെംഗളൂരുവിനും ദല്‍ഹിക്കും പതിനാല് പോയിന്റ് വീതമുണ്ട്.
ദുബായില്‍ നടന്ന മത്സരത്തില്‍ ഋതുരാജ് ഗെയ്കുവാദിന്റെയും രവീന്ദ്ര ജഡേജയുടെയും മികച്ച പ്രകടനമാണ് ചെന്നൈയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വിജയം ഒരുക്കിയത്. ഗെയ്ക്കുവാദാണ് കളയിലെ കേമന്‍.
173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റിന് 178 റണ്‍സ് നേടി വിജയിച്ചു. അവസാനത്തെ രണ്ട് പന്തുകള്‍ സിക്സര്‍ പൊക്കി ജഡേജയാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. പതിനൊന്ന് പന്തില്‍ 31 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. 13 റണ്‍സ് എടുത്ത സാം കറനും കീഴടങ്ങാതെ നിന്നു. ഗെയ്കുവാദ് 53 പന്തില്‍ ആറു ഫോറും രണ്ട് സിക്സറും സഹിതം 72 റണ്‍സ് എടുത്തു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിതീഷ് റാണയുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 172 റണ്‍സ് എടുത്തു. റാണ 61 പന്തില്‍ 87 റണ്‍സ് നേടി. പത്ത് ഫോറും നാല് സിക്സറും അടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: