Categories: Samskriti

ഭക്തിയുടെ വാങ്മയ ചിത്രം

ക്തിയും ജ്ഞാനവും സാമാന്യ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഉത്തമ വാങ്മയ ചിത്രങ്ങളില്‍ ഒന്നാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ‘ഹരിനാമ കീര്‍ത്തനം’. അറുപത്തിയാറ് ശ്ലോകരത്‌നങ്ങളുള്ള ഈ സ്‌തോത്രകാവ്യം സന്ധ്യാവേളയില്‍  പാരായണം ചെയ്യുന്നതും ശ്രേഷ്ഠമത്രേ. ഓരോ ശ്ലോകവും ‘ഹരി നാരായണായ നമഃ’ എന്നാണ് അവസാനിക്കുന്നത്.  

ഹരിനാമകീര്‍ത്തനം തുടങ്ങുന്നത് ഇങ്ങനെയാണ്:

‘ഓംകാരമായ പൊരുള്‍  

മൂന്നായ് പിരിഞ്ഞുടനെ

ആങ്കാരമായതിനു  

താന്‍ തന്നെ സാക്ഷിയതു

ബോധം വരുത്തുവതി

നാളായി നിന്ന പര

മാചാര്യരൂപ  

ഹരി നാരായണായ നമഃ’

(ഓംകാരത്തിന്റെ പൊരുളായ പരബ്രഹ്മം തന്നെ മൂന്നായി വേര്‍പെട്ട് അഹങ്കാരങ്ങളായി ആവിര്‍ഭവിച്ചു. ആ അഹങ്കാരങ്ങളെ പ്രകാശിപ്പിച്ചു കൊണ്ട് ഓംകാരമായ പൊരുള്‍ തന്നെ സാക്ഷിയായി വിളങ്ങി. ഈ വസ്തുസ്ഥിതി പ്രത്യക്ഷമായി അനുഭവിച്ചറിയുന്നതിനു സഹായിയായി ഭവിച്ച പരമഗുരുവായി വിളങ്ങുന്ന ഹരിരൂപനായ നാരായണന് നമസ്‌കാരം).  

ഗുരുവന്ദനം, അഹങ്കാര നിരാസം, പ്രപഞ്ചത്തിന്റെ അസ്ഥിരത, സഗുണ നിര്‍ഗുണ ഭാവങ്ങള്‍, വിരാഡ്‌രൂപം, അദൈ്വതചിന്ത, ബ്രഹ്മം, മായ, പ്രപഞ്ചോപാസന, സാംഖ്യയോഗം, രാജയോഗം, ജപയജ്ഞം, ഭക്തിയോഗം, ഹൃദയസ്ഥനായ ദൈവം എന്നിവയാണ് ഉള്ളടക്കം. അദൈ്വതാനുഭൂതി സാന്ദ്രമായ ഈ ഗ്രന്ഥത്തിന്റെ സമാപനവും ഉദ്ധരിക്കാം.  

‘മദമത്സരാദികള്‍  

മനസ്സില്‍ തൊടാതെ  

ജനമിതു കൊണ്ടു വാഴ്‌ത്തുക  

നമുക്കും ഗതിക്കു വഴി  

ഇതു കേള്‍ക്കതാനിതൊരു  

മൊഴി താന്‍ പഠിപ്പവനും

പതിയാ ഭവാംബുധിയില്‍  

നാരായണായ നമഃ’

(മദം, മത്സരം തുടങ്ങിയ ദോഷങ്ങള്‍,  ഉള്ളില്‍ നിന്നും അകറ്റാന്‍ ഈ കീര്‍ത്തനം പാടി ഭഗവാനെ വാഴ്‌ത്തട്ടെ. നമുക്കും അത് മോക്ഷമാര്‍ഗം തെളിക്കും. ഈ സ്തുതി ചൊല്ലിക്കേള്‍ക്കുകയോ, ഇതിലെ ഒരു പദ്യമെങ്കിലും കാണാതെ പഠിക്കുകയോ ചെയ്യുന്നവന്‍ സംസാരസാഗരത്തില്‍ മുങ്ങി ദുഃഖിക്കുകയില്ല. നാരായണനു നമസ്‌ക്കാരം).  

രണ്ടാം ഘട്ട ഭക്തി പ്രസ്ഥാനത്തിന്റെ (1400-1750) സദ്ഫലമത്രേ മലയാള ഉപനിഷത്തായ ഹരിനാമകീര്‍ത്തനം. നിലനില്‍പ്പിന്റെ പരമസത്യം ശാസ്ത്രീയമായും സുവ്യക്തമായും വെളിപ്പെടുത്തി തരുന്ന വേദഭാഗമാണ് ഉപനിഷത്തുകള്‍. ഏഴും പതിനെട്ടും തട്ടുകളുള്ള ദീപസ്തംഭങ്ങളാകുന്നു ശ്രീരാമായണവും മഹാഭാരതവും. ഹരിനാമ കീര്‍ത്തനം മറ്റൊരു ദീപസ്തംഭം. മനുഷ്യ മനസ്സിലെ ഇരുട്ടു മാറ്റിക്കൊണ്ടിരിക്കുന്ന കെടാവിളക്ക്.  

ഭക്തിയുടെ നവഭാവങ്ങള്‍ ഭാഗവതത്തില്‍ പ്രഹ്ലാദന്‍ വിസ്തരിക്കുന്നുണ്ട്.  

‘ശ്രവണം കീര്‍ത്തനം വിഷ്‌ണൊഃ

സ്മരണം പാദസേവനം

അര്‍ച്ചനം വന്ദനം ദാസ്യം

സംഖ്യമാത്മനിവേദനം’  

ഈ ഭാവങ്ങള്‍ സ്‌തോത്ര കാവ്യത്തില്‍ സ്പഷ്ട ദൃഷ്ടമാകുന്നു. മഹാമാരിയുടെ ഇക്കാലത്ത് ഹരിനാമ കീര്‍ത്തനം ഒരു സാന്ത്വനമാണ്.

മേലാറ്റൂര്‍ രാധാകൃഷ്ണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക