ശ്ലോകം 247
തതസ്തു തൗ ലക്ഷണയാ സുലക്ഷ്യൌ
തയോരഖണ്ഡൈകരസത്വസിദ്ധയേ
നാലം ജഹത്യാ ന തഥാജഹത്യാ
കിന്തുഭയാര്ത്ഥാത്മികയൈവ ഭാവ്യം
അതിനാല്‍ ഈശ്വരനും ജീവനും ഒട്ടും ഭിന്നമല്ല ഒന്ന് തന്നെയാണ്. രണ്ട് പദങ്ങളുടേയും ലക്ഷണാവൃത്തി കൊണ്ട് അഖൈണ്ഡകരസമാണെന്ന് സിദ്ധിക്കുന്നു. ജഹല്ലക്ഷണയോ അജഹല്ലക്ഷണയോ പോരാ രണ്ടും ചേര്‍ത്തുള്ള ജഹദജഹല്ലക്ഷണയാണ് ഇവിടെ.
ജീവനും ഈശ്വരനും ഒന്ന് തന്നെയെന്ന് സ്ഥാപിക്കുന്നത് ജഹദജഹല്ലക്ഷണകൊണ്ടാണ്. അതിനെ ഭാഗത്യാഗ ലക്ഷണ എന്നും പറയും.ഇത് ജഹല്ലക്ഷണയും അജഹല്ല ക്ഷണയും ചേര്‍ന്നതാണ്.
ഈശ്വരനും ജീവനും തമ്മിലുള്ള ഏകത്വസിദ്ധി നേടണമെങ്കില്‍ ശ്രവണമനന നിദിദ്ധ്യാസനങ്ങളിലൂടെ ബുദ്ധി നന്നായി തെളിയണം. ആ വിവേക ബുദ്ധി കൊണ്ട് ഉപാധികളെ തള്ളിക്കളഞ്ഞ് പരമസത്യത്തെ അറിയണം.
വാക്യങ്ങളുടെ അര്‍ഥം ഗ്രഹിക്കാന്‍ സാധാരണയായി മൂന്ന് ലക്ഷണാവൃത്തികള് സ്വീകരിക്കാറുണ്ട്. ഒരു വാക്യത്തിലെ വാച്യാര്‍ത്ഥം തള്ളിക്കളയുന്നത് ജഹല്ലക്ഷണ. ഉദാഹരണം.
ഗംഗായാം ഘോഷഃ ഗംഗാ തീരത്തെ വീട്.
എന്റെ വീട് നേരെ സമുദ്രത്തിലാണ് എന്ന് പറഞ്ഞാല്‍ വീട് വെള്ളത്തിലല്ല, സമുദ്രതീരത്താണ്. ഇവിടെ വാച്യാര്‍ത്ഥം തള്ളുന്നു.
അര്‍ഥം പൂര്ണമാകാന് അതുമായി ബന്ധപ്പെട്ടവ വാച്യാര്ത്ഥത്തിനോട് കൂട്ടിച്ചേര്‍ത്ത് പറയുന്നത് അജഹല്ലക്ഷണ.
ഉദാഹരണം: ചുവപ്പ് ഓടുന്നു. ഇവിടെ വാച്യാര്‍ഥം വിടാതെ സന്ദര്‍ഭമനുസരിച്ചാണ് കൂട്ടിച്ചേര്‍ക്കല്‍. ചുവന്ന കുതിര ഓടുന്നു. ചുവന്ന വണ്ടി ഓടുന്നു എന്നിങ്ങനെ. മൂന്നാമത്തേതായ ജഹദജഹല്ലക്ഷണയില് വച്യാര്ത്ഥത്തിലെ കുറച്ച് ഭാഗം കളഞ്ഞ് വേറെ ചിലത് കൂട്ടിച്ചേര്‍ക്കണം. എന്നാലേ അര്‍ത്ഥം പൂര്‍ണമായി ഗ്രഹിക്കാനാവൂ.അതിനാല്‍ ഇതിനെ ഭാഗത്യാഗ ലക്ഷണ എന്ന് പറയുന്നു.
ഉദാഹരണം
സോളയം ദ്വിജഃ ഇവനാണ് ആ ബ്രാഹ്മണന്. ആ ബ്രഹ്മണന് തന്നെ ഈ ബ്രാഹ്മണന്. ഇതിലെ സോളയം = ഇവന്, ആ എന്നതിനെ ഉപേക്ഷിച്ച് ദ്വിജന് എന്നതിനെ മാത്രം എടുക്കുന്നു. ജീവേശ്വരന്മാരുടെ ഐക്യം ഈ ലക്ഷണയിലൂടെ അറിയണം.
ജഹദജഹല്ലക്ഷണ ഉപയോഗിച്ച് തത്ത്വമസി മഹാവാക്യത്തിന്റെ ലക്ഷാര്ഥത്തെ അറിയണം. തത്പദം കൊണ്ട് സൂചിപ്പിക്കുന്ന ഈശ്വരന്റെയും ത്വം പദം കൊണ്ട് സൂചിപ്പിക്കുന്ന ജീവന്റെയും ഉപാധികള്‍ നീക്കിയാല്‍ അവശേഷിക്കുന്നത് ഏകമായ ബ്രഹ്മം മാത്രമാണ്. വേദാന്ത പഠനത്തിലൂടെയും യുക്തിവിചാരത്തിലൂടെയും ബുദ്ധിക്ക് പക്വത നേടുന്ന സാധകന് ശരീരം, മനസ്സ്, ബുദ്ധി തുടങ്ങിയ ഉപാധികളിലെ അഭിമാനത്തെ വെടിഞ്ഞാല്‍ ബ്രഹ്മ സാക്ഷാത്കാരം നേടാം. ജീവഭാവത്തിനും ഈശ്വരഭാവത്തിനും അധിഷ്ഠാനമാണ് ബ്രഹ്മം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: