കൊച്ചി: ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവരങ്ങള്‍ വെളിപ്പെടുത്തി. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് നീങ്ങുന്നത്. ഓഫീസിലെ രണ്ട് അഡീഷണല്‍ സെക്രട്ടറിമാരെ ഇഡി വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
എന്‍ഐഎയുടെയും കസ്റ്റംസിന്റെയും ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ മറച്ചുവച്ച ശിവശങ്കര്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ പതറി. കേസില്‍ തനിക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കത്തില്‍ ശിവശങ്കര്‍. ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി മാനസിക സമ്മര്‍ദ്ദത്തിലാക്കിയുള്ള ഇഡിയുടെ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ എല്ലാം തുറന്ന് പറയുകയായിരുന്നു.
ബുധനാഴ്ച രാത്രി ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കര്‍ മാധ്യമങ്ങള്‍ക്കു മുന്നിലും ആശുപത്രിയിലും നിര്‍വികാരനായി നിന്നു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച അദ്ദേഹം പലപ്പോഴും മേശയില്‍ തലവച്ച് ചാഞ്ഞുകിടക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്.
ഇത്തരമൊരു കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് അറസ്റ്റിലാകുന്നത് സംസ്ഥാന സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമാണ്. ശിവശങ്കര്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായതോടെ ചങ്കിടിക്കുന്നത് സിപിഎം നേതാക്കള്‍ക്കാണ്. ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: