Categories: Kollam

ശാസ്ത്രലോകത്തേക്ക് ഒരു പരല്‍ മത്സ്യം കൂടി

ഭക്ഷ്യയോഗ്യമായ ശുദ്ധ ജലമത്സ്യമായ പരലിന്റെ ഗ്രൂപ്പിലേക്ക് ഒരു അതിഥികൂടി. 'പൂണ്ടിയസ് ഓസല്ലസ്' എന്ന് പേരിട്ടിരിക്കുന്ന ഈ മത്സ്യത്തെ കണ്ടെത്തിയത് കാസര്‍ഗോഡിലെ ഒരു അരുവിയില്‍ നിന്നാണ്

Published by

കൊല്ലം: ഭക്ഷ്യയോഗ്യമായ ശുദ്ധ ജലമത്സ്യമായ പരലിന്റെ ഗ്രൂപ്പിലേക്ക് ഒരു അതിഥികൂടി. ‘പൂണ്ടിയസ് ഓസല്ലസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സ്യത്തെ കണ്ടെത്തിയത് കാസര്‍ഗോഡിലെ ഒരു അരുവിയില്‍ നിന്നാണ്. പുതിയ മത്സ്യത്തിന്റെ കണ്ടെത്തല്‍ പ്രതിപാദിക്കുന്ന ശാസ്ത്രലേഖനം ഈജിപ്ഷ്യന്‍ അക്കാദമിക് ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ഉരുളന്‍ പരലുകളുടെ വര്‍ഗത്തില്‍പെടുത്താവുന്നവയാണ് പുതിയ മത്സ്യവും. ഉയരം കുറഞ്ഞ് നീണ്ടതും ഉരുണ്ടതുമായ ശരീരഘടനയാണ് ഇവയ്‌ക്കുള്ളത്. ചുണ്ട് അസാധാരണമായി ദൈര്‍ഘ്യമേറിയതും കൂര്‍ത്തതുമാണ്. വാല്‍ ചുവട്ടില്‍ കറുത്ത വൃത്താകൃതിയിലുള്ള പൊട്ടുണ്ട്. ഇതിനു ചുറ്റും സ്വര്‍ണനിറത്തിലുള്ള ഒരു വളയവും ഉണ്ട്. മുതുക് ചിറകിന്റെ സ്ഥാനം കാല്‍ ചിറകിന്റെ മുമ്പിലായിട്ടാണ്. ശരീരത്തിലെ ഒരു ചിറകിലും മുള്ളുകള്‍ ഇല്ല. നിലവില്‍ കാസര്‍ഗോഡുള്ള അരുവികളില്‍ മാത്രമാണ് ഇവ കാണപ്പെടുന്നത്. ഏഴ് സെന്റീമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ളതെങ്കിലും ഇവ ഭക്ഷ്യയോഗ്യമാണ്. അലങ്കാര മത്സ്യമായും ഉപയോഗിക്കാവുന്നതാണ്.

പുതിയ മത്സ്യത്തെ കണ്ടെത്തുകയും ശാസ്ത്രലേഖനം എഴുതുകയും ശാസ്ത്രീയ നാമം നല്‍കുകയും ചെയ്തത് ചവറ ഗവണ്‍മെന്റ് കോളേജ് സുവോളജി വിഭാഗം മേധാവിയും മാവേലിക്കര തടത്തിലാല്‍ സ്വദേശിയായ ഡോ. മാത്യൂസ് പ്ലാമൂട്ടിലും ചവറ ഗവണ്‍മെന്റ് കോളേജിലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോയും കാസര്‍ഗോഡ് ചുള്ളി സ്വദേശിയുമായ വിനീത് കുന്നത്തുമാണ്. മത്സ്യത്തിന്റെ സാമ്പിളുകള്‍ പൂനെയിലെ സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ജന്തു ശാസ്ത്രനാമകരണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് സുവോജളിക്കല്‍ നോമന്‍ക്ലേച്ചറിന്റെ സൂബാങ്ക് രജിസ്റ്റര്‍നമ്പരും പുതിയ മത്സ്യത്തിനും ഈ ശാസ്ത്രലേഖനത്തിനും ലഭിച്ചിട്ടുണ്ട്. മത്സ്യത്തിന്റെ സ്പീഷ്യസ് നാമം ലാറ്റിന്‍ ഭാഷയിലെ ‘ഒക്കലസ്’ എന്ന വാക്കില്‍ നിന്നാണ് സ്വീകരിച്ചത്. ഇതിനു ചെറിയകണ്ണ് എന്നര്‍ഥം. പുതിയ മത്സ്യത്തിന്റെ വാല്‍ച്ചുവട്ടിലെ സ്വര്‍ണവലയമുള്ള കറുത്തപൊട്ടിനെ ഇത് സൂചിപ്പിക്കുന്നു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഗവേഷണം നടത്തപ്പെട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by