ദുബായ്: മലയാളിയായ യുവ ബാറ്റ്സ്മാന് ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ചു. അരങ്ങേറ്റ സീസണില്‍ നാനൂറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ അണ്‍കാപ്ഡ് (ദേശീയ ടീമിനായി ഇതുവരെ കളിക്കാത്ത) ഇന്ത്യന്‍ താരമെന്ന റെക്കോഡ് പടിക്കലിന് സ്വന്തമായി.
വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ദേവ്ദത്ത് പടിക്കല്‍ പന്ത്രണ്ട് മത്സരങ്ങളില്‍ 417 റണ്‍സ് നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 74 റണ്‍സ് നേടിയതോടെയാണ് പടിക്കല്‍ നാനൂറ് കടന്നത്.
ദല്‍ഹി ക്യാപിറ്റല്‍സിന്റെ ശ്രേയസ് അയ്യരാണ് ഐപിഎല്ലില്‍ അരങ്ങേറ്റ സീസണില്‍ നാനൂറില്‍ കൂടുതല്‍ റണ്‍സ് നേടിയ ആദ്യ അണ്‍കാപ്ഡ് ഇന്ത്യന്‍ താരം. 2015 ലാണ് അയ്യര്‍ ഈ നേട്ടം കൈവരിച്ചത്.
ഈ സീസണില്‍ ഇത്വരെ കളിച്ച 12 മത്സരങ്ങളില്‍ ദേവ്ദത്ത പടിക്കല്‍ നാല് അര്‍ധ സെഞ്ചുറികള്‍ നേടി. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അര്‍ധ സെഞ്ചുറി നേടി., പിന്നീട് മുംബൈ ഇന്ത്യന്‍സിനെതിരെയും (54), രാജസ്ഥാന് റോയല്‍സിനെതിരെയും (63) അര്‍ധ ശതകം കുറിച്ചു.
അബുദാബിയില്‍ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 45 പന്തില്‍ 74 റണ്‍സ് നേടി. പക്ഷെ പടിക്കലിന്റെ ഈ അര്‍ധ സെഞ്ചുറി പാഴായി. മത്സരത്തില്‍ മുംബൈ ഇന്തന്സ് അഞ്ചു വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്സിനെ തോല്‍പ്പിച്ചു. പടിക്കലിന്റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 164 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ മുംബൈ 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി വിജയിച്ചു. സൂര്യകുമാര്‍ പുറത്താകാതെ കുറിച്ച 79 റണ്‍സാണ് മുംബൈയ്ക്ക് വിജയം നേടിക്കൊടുത്തത്. ഈ വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് ഉറപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: