നാലുകെട്ടുകളും അവകളുടെ സമന്വയ രൂപങ്ങളും സാമാന്യേന വലുതും വിവിധോദ്ദേശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയുമാണ്. നാലുകെട്ട് ഗൃഹങ്ങള്‍ എല്ലാവര്ക്കും സ്വീകാര്യമായിക്കൊള്ളണമെന്നില്ല. എങ്കില്‍ നടുമുറ്റം ഇല്ലാത്ത സങ്കല്പത്തില് യഥാ ആവശ്യം ശാലകള്‍ ഏകശാല, ദ്വിശ്ശാല, ത്രിശ്ശാല നാമക്രമത്തില്‍ ഒറ്റയായോ ഇരട്ടയായോ മൂന്നെണ്ണം ചേര്‍ത്തോ നിര്മിക്കാവുന്നതാണ്. ഇത്തരത്തില്‍ നി ര്‍മിക്കുമ്പോള്‍ ഏത് ശാലാ സംവിധാനമാണ് സ്വീകരിക്കപ്പെടേണ്ടത് എന്നതിനും വാസ്തു നിര്‍ദേശമുണ്ട്.
ദിക് ഗൃഹങ്ങള്‍ നടുമുറ്റത്തേക്ക് ദര്ശനമായിട്ടുള്ളവയാണ് എന്ന സങ്കല്പത്തില് ഓരോ പ്രധാന ദിക്കിലേക്കും ദര്‍ശനം വരുന്ന വിധം ക്രമീകരിക്കുന്ന ഏകശാലകള്‍ നടുമുറ്റത്തിന്റ ഏത് ദിശയില്‍ വരുന്നു എന്നതിനെ അടിസ്ഥാനമാക്കി വടക്കോട്ട് മുഖമുള്ളവയെ തെക്കിനി എന്ന ക്രമത്തില്‍ പടിഞ്ഞാറ്റിനി, വടക്കിനി, കിഴക്കിനി എന്നിങ്ങനെ നാലു വിധമാകുന്നു. എല്ലാ ദിക്കുകളിലേക്കുള്ള ശാലകളും ശുഭകരമാണെന്നിരിക്കെ നിര്‍മാണത്തില്‍ ഏറ്റവും സ്വീകാര്യം തെക്കിനിയോ പടിഞ്ഞാറ്റിനിയോ ആണ് .
രണ്ടു ദിക്ശാലകള്‍ ചേര്‍ന്ന ദ്വിശ്ശാല പണിയുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് പടിഞ്ഞാറ്റിനിയും തെക്കിനിയും ചേര്ന്നതാകുന്നതാണ് ഉചിതം. മൂന്നെങ്കില്‍ ഇതിനോട് വടക്കിനി കൂടി ചേര്‍ക്കണം. ശാലകള്ക്കെല്ലാം മുന്‍പെ പറഞ്ഞ ചുറ്റളവ്, വിന്യാസം, യോനിക്രമം എന്നിവകള്‍ പാലിക്കുകയും വേണം. ശാലകളുടെ സമന്വയരീതികള് അനുസരിച്ചു പല ഗ്രന്ഥങ്ങളും പല നാമങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും ശാലാ വിന്യാസസ്വീകാര്യരീതി സമാനമാണ്.
ത്രിശാലകള്
ത്രിശാലകളില് കിഴക്കിനി ഇല്ലാത്ത സുക്ഷേത്ര നാമ വിദിതമായ രീതി അഭിവൃദ്ധിഫലം നല്‍കുന്നതും ശുഭവുമാകുന്നു. തെക്കിനി വിരഹിതമായ രീതി ചുല്ലി നാമത്തോട് കൂടിയതും ധനനാശ ഫലദായകവുമാകുന്നു. പടിഞ്ഞാറ്റിനി അഭാവത്തോട് കൂടിയതെങ്കില്‍ അത് ധ്വംസം എന്നതും പുത്രനാശം, ശത്രു പീഡാ എന്നിവ ഫലവുമാണ്. വടക്കിനി ഇല്ലെങ്കില്‍ അത് ഹിരണ്യനാഭി എന്ന് പറയപ്പെടുന്നതും ധനപുഷ്ടിയെ ചെയ്യുന്നതുമാകുന്നു.
ദ്വിശാലകള്
കിഴക്കിനിയും പടിഞ്ഞാറ്റിനിയും കൂടാതെയുള്ള ഭിന്ന ദ്വിശാല ഗൃഹത്തിന് കാചം എന്നാണ് പേര്. ഇത് കലഹത്തെയും ഭയത്തെയും ഉണ്ടാക്കുന്നു. എന്നാല്‍ തെക്കും വടക്കും ഗൃഹങ്ങളില്ലാത്ത ഭിന്ന ദ്വിശാല ധനലാഭത്തെ ഉണ്ടാക്കുന്ന സിദ്ധാര്ഥകം എന്ന് പേരുള്ളതാകുന്നു. തെക്കിനിയും പടിഞ്ഞാറ്റിനിയും ചേര്‍ന്ന ഗൃഹം ധനലാഭവും സുഖവും നല്കുമ്പോള് കിഴക്കിനിയും തെക്കിനിയും കൂടി ചേരുന്നവ വര്‍ജ്യവുമാകുന്നു.
ഏകാശാലകള്
ഏകശാലകള്‍ എല്ലാ ദിക്കിലേക്കുള്ളതും ശുഭകരമാണെന്നിരിക്കെ ഏറ്റവും നല്ലത് കിഴക്കോട്ടോ വടക്കോട്ടോ മുഖം വരുന്ന പടിഞ്ഞാറ്റി, തെക്കിനി പുരകളാണെന്നാകിലും തെക്കോട്ടു മുഖമുള്ള വടക്കിനിയും പടിഞ്ഞാറു മുഖമുള്ള കിഴക്കിനിയും വര്‍ജ്യങ്ങളല്ല. അത് കൊണ്ട് തന്നെ തെക്ക് മുഖം വരുന്ന വീടുകള്‍ക്കുള്ള അപഖ്യാതി വാസ്തുവിദ്യാ നിര്ദ്ദിഷ്ടവുമല്ല. അവ കിഴക്കിനികളെക്കാള് സ്വീകാര്യവുമാണ്. തെക്കു മുഖമായ വീടുകള്‍ പ്രാചീനകാലം മുതല്ക്കേ സ്വീകരിച്ചു വന്നിട്ടുള്ളതുമാകുന്നു. എന്നാല്‍ തെക്കു മുഖമായ വീടുകളുടെ വാതില്‍ മാത്രം കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിച്ചു വയ്ക്കുന്ന രീതി ചില സാഹചര്യത്തില്‍ വേധദോഷസാധ്യതയുള്ളതുമാകുന്നു.
നാലുകെട്ട് ഗൃഹങ്ങളില്‍ ഈ ശാലകളുടെ പ്രാധാന്യമനുസരിച്ചാണ് വിസ്താരം ഉയരം എന്നിവ നിശ്ചയിക്കുന്നത്. തെക്കിനിക്ക് ഏറ്റവും ഉയരം വരത്തക്ക വിധം വിസ്താരം നല്‍കുകയും ക്രമേണ പടിഞ്ഞാറ്റി വടക്കിനി കിഴക്കിനി ക്രമത്തില്‍ കുറച്ചു കൊണ്ട് നിര്‍മിക്കുകയും പതിവാണ്.
ഡോ. രാധാകൃഷ്ണന് ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: