Categories: Kerala

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍; എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് രേഖപ്പെടുത്തി

പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

Published by

ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അറസ്റ്റ് ചെയ്തു.: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഇഡിയുടെ ബെംഗളൂരുവിലെ ഓഫിസില്‍ വിളിച്ചുവരുത്തി 6  മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ബിനീഷിന് പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതോടെയാണ്  അറസ്റ്റിലേക്ക് നീങ്ങിയത്.കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് വ്യക്തമായ തെളിവുകള്‍ സമ്പാദിച്ചായിരുന്നു ഇ.ഡി.യുടെ നീക്കം. നേരത്തെ പല വിവാദങ്ങളിലും ഉള്‍പ്പെട്ട ബിനീഷ് കോടിയേരിക്ക് ഇത്തവണ മറ്റൊരു വഴിയും മുന്നിലുണ്ടായില്ല.

കേസില്‍ നേരത്തേ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതിനു പിന്നാലെയാണ് ബിനീഷിനെയും ചോദ്യം ചെയ്തത്. അതീവ രഹസ്യമായാണ് ബിനീഷ് ഇഡി ഓഫിസില്‍ എത്തിയത്. ലഹരിമരുന്നു കേസില്‍ മൂന്നാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്

പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി അനിഘ എന്നിവര്‍ക്കൊപ്പം കൊച്ചി വൈറ്റില സ്വദേശി അനൂപ് മുഹമ്മദ് ബെംഗളൂരുവില്‍ എന്‍.സി.ബിയുടെ പിടിയിലായതോടെയാണ് ബീനീഷ് ചിത്രത്തില്‍ വന്നത്. ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന അനൂപ് മുഹമ്മദ് എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകളുടെ വില്‍പനയില്‍ സജീവമായിരുന്നു. അനൂപിനെ വിശദമായി ചോദ്യം ചെയ്തതോടെ ബിനീഷ് കോടിയേരിയുമായുള്ള ബന്ധം വെളിച്ചത്തുവന്നു

ബിനീഷ് കോടിയേരി  സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നായിരുന്നു അനൂപ് മുഹമ്മദിന്റെ മൊഴി.  

ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും ഉള്‍പ്പെടെയുള്ളവര്‍ കുമരകത്ത് നിശാപാര്‍ട്ടി നടത്തി. ഇതിലടക്കം ലഹരിമരുന്ന് ഉപയോഗിച്ചു. തെളിവായി അനൂപും ബിനീഷ് കോടിയേരിയും ഒരുമിച്ചുള്ള ഫെയ്‌സ്ബുക്കിലെ ചിത്രവും പുറത്തുവന്നു.  

അനൂപിനെ എട്ട് വര്‍ഷമായി നേരിട്ടറിയാമെന്നും ബെംഗളൂരുവില്‍ ഹോട്ടല്‍ ആരംഭിക്കാന്‍ പണം കടമായി നല്‍കിയിട്ടുണ്ടെന്നും ബിനീഷ് സമ്മതിച്ചു.  അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ലെന്നും വിശദീകരണം നല്‍കി.  

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം ബിനീഷും അനൂപും നിരന്തരം ഫോണില്‍ സംസാരിച്ചത് സംശയത്തിനിടയാക്കി. പിന്നാലെ അനൂപ് മുഹമ്മദും സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസും തമ്മിലുള്ള ബന്ധം പുറത്തുവന്നു. സ്വര്‍ണക്കടത്തിന് ബെംഗളൂരു ലഹരിമാഫിയയില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നായിരുന്നു സൂചന. ഇതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിനിറങ്ങി.

ഹവാല ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയിലേക്ക് അന്വേഷണം നീണ്ടു.  

ബിനീഷിന്റെ ബിസിനസ് സംരംഭങ്ങളെക്കുറിച്ചുള്ള ദുരൂഹതകളും പുറത്തുവന്നു. ബെംഗളൂരുവിലെ ബി ക്യാപിറ്റല്‍ ഫിനാന്‍സ് സര്‍വീസ് എന്ന സ്ഥാപനത്തിനെതിരെയായിരുന്നു ആദ്യ ആരോപണം. ഈ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു ബിനീഷ് കോടിയേരി. സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച അന്വേഷണത്തില്‍ വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷിന് ലഭിച്ചെന്നും മൊഴികളുണ്ടായി. ഇതോടെയാണ് ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്ത് വിവരങ്ങളെക്കുറിച്ചും ഇ.ഡി. വിശദമായ അന്വേഷണം നടത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക