കൊച്ചി : കള്ളപ്പണം വെളുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കൂട്ടു നിന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോടതിയില്‍ ഹാജരാക്കവേയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. കേസില്‍ ഏഴാമതായാണ് ഇയാളെ പ്രതിചേര്‍ത്തിരിക്കുന്നത്.
എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഹാജരാക്കിയിരിക്കുന്നത്. ഇന്ന് അവധിയായതിനാല്‍ ജഡ്ജി പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു. ശിവശങ്കറിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം 14 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ചോദ്യം ചെയ്യലിനും കോടതി ഉപാധി വെച്ചിട്ടുണ്ട്. മൂന്ന് മണിക്കൂര്‍ വീതമുള്ള ചോദ്യം ചെയ്യലിന് ശേഷം ഒരു മണിക്കൂര്‍ ശിവശങ്കറിന് വിശ്രമം അനുവദിക്കണം. ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യല്‍ പാടില്ല. എന്നീ രണ്ട് ഉപാധികളാണ് കോടതി അന്വേഷണ സംഘത്തിന് മുമ്പാകെ വെച്ചിട്ടുള്ളത്. ശിവശങ്കറിന് ആരോഗ്യ പ്രശ്നങ്ങളുള്ളതായി അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തില്‍ ശിവശങ്കറിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ശിവശങ്കര്‍ വെളിപ്പെടുത്തിയതായി എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിലും ബാങ്ക് ലോക്കര്‍ എടുക്കുന്നതിലും ശിവശങ്കര്‍ നേരിട്ട് ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
നേരിട്ട് കൈകടത്തിയതായും തെളിവുണ്ടെന്നും എന്‍ഫോഴ്സ്മെന്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്. എന്നാല്‍ കള്ളക്കടത്തു കേസിലെ പ്രതിയുടെ സാമ്പത്തിക ഇടപാടില്‍ ശിവശങ്കര്‍ താല്‍പ്പര്യം കാണിച്ചുവെന്നത് കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നതില്‍ സംശയം ഉണ്ടെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: