ഇസ്ലാമബാദ് : അതിര്‍ത്തി ലംഘിച്ച് പ്രകോപനം ഉയര്‍ത്തിയ പാക് പോര് വിമാനത്തെ തുരത്തുന്നതിനിടെ പിടിയിലായ വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്‍ദ്ധമാനെ പാക്കിസ്ഥാന് തിരിച്ചു നല്‍കിയത് ഇന്ത്യയെ ഭയന്നെന്ന് വെളിപ്പെടുത്തല്‍. അഭിനന്ദന് വര്‍ദ്ധമാനെ വിട്ട് നല്‍കിയില്ലെങ്കില്‍ ഇന്ത്യ ആക്രമിക്കുമെന്ന് പാക് സര്‍ക്കാര്‍ ഭയപ്പെട്ടിരുന്നെന്നും പാക്കിസ്ഥാന് പ്രതിപക്ഷവും മുസ്ലിം ലീഗ് നേതാവും ആയാസ് സാദിഖ് അറിയിച്ചു. പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെയാണ് സാദിഖ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അഭിനന്ദന് പാക് സൈന്യത്തിന്റെ പിടിയിലായതിന് പിന്നാലെ പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുടേയും വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുടേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. അതില്‍ താനും കൂടി പങ്കെടുത്തു. കോണ്‍ഫറന്‍സ് മുറിയിലേക്ക് കയറി വന്ന ബജ്വയുടെ മുട്ടിടിക്കുന്നുണ്ടായിരുന്നു. ഷാ മുഹമ്മദ് ഖുറേഷി ആകെ വിയര്‍ത്ത് വിവശനായിരുന്നു. ദയവ് ചെയ്ത് അഭിനന്ദനെ എത്രയും പെട്ടെന്ന് തിരിച്ചു കൊടുക്കാന്‍ തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ ഇന്ന് രാത്രി 9 മണിക്ക് ഇന്ത്യ ആക്രമിക്കുമെന്ന് ഖുറേഷി പറഞ്ഞുവെന്നും ആയാസ് സാദിഖ് പാര്‍ലമെന്റില്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ സന്നിഹിതനായ മെഹ്മൂദ് ഖുറേഷിക്ക് ഈ വിവരം നിഷേധിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ സൈനിക ആക്രമണത്തെ ഭയന്നാണ് അഭിനന്ദനെ വിട്ടുനല്‍കാന്‍ പാക്കിസ്ഥാന് തീരുമാനമെടുത്തതെന്നും സാദിഖ് കൂട്ടിച്ചേര്‍ത്തു.
പുല്‍വാമ ഭീകരാക്രമത്തിന് ബലാകോട്ടില്‍ ഇന്ത്യ തിരിച്ചടി നല്കിയ ശേഷം പ്രകോപനം ഉയര്‍ത്തി അതിര്‍ത്തികടന്നെത്തിയ പാക് പോര് വിമാനത്തെ പിന്നാലെ പോയി തകര്‍ത്ത അഭിനന്ദന് സ്വന്തം വിമാനം തകര്‍ന്നാണ് പാക് പിടിയിലായത്. തുടര്‍ന്ന് രാത്രിയോടെയാണ് പാക്കിസ്ഥാന് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്. പാക് സര്‍ക്കാരിന്റെ ഈ നടപടികള്‍ക്ക് പിന്നിലെ ഉള്ളറ രഹസ്യങ്ങളാണ് പാക് പ്രതിപക്ഷ നേതാവ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
അഭിനന്ദനെ തിരിച്ചു നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണം ഉണ്ടാകുമെന്ന് പാക്കിസ്ഥാനെ അറിയിച്ചിരുന്നുവെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: