ഹരിശ്ചന്ദ്രന് ചിന്താകുലനായി. ഇന്ന് അസ്തമിക്കുന്നതിനു മുമ്പ് വിശ്വാമിത്ര മഹര്‍ഷി വീണ്ടും വരും. രാജ്യദാനത്തിന്റെ ദക്ഷിണ നല്കാനായില്ലെങ്കില് ഞാന്‍ സത്യം തെറ്റിച്ചവനാകും. മഹര്‍ഷി കോപിച്ച് ശപിക്കുകയും ചെയ്യും.
ഇത്രയും കാലം കൊടുത്തേ ശീലിച്ചിട്ടുള്ളൂ. ഇപ്പോള്‍ യാചിക്കുന്നതെങ്ങനെ. മകന് വിശന്നു കരച്ചിലാണ്. അവന് എന്തെങ്കിലും കഴിക്കാന്‍ നല്‍കാനും കഴിയുന്നില്ല. ദേഹമാകെ തളരുന്നു.
ഈ തളര്‍ച്ച കണ്ട് ഹരിശ്ചന്ദ്ര പത്നി പരിഹാരമാര്‍ഗമാണ് ആലോചിച്ചത്. എന്നെ വിറ്റിട്ടാണെങ്കിലും വിശ്വാമിത്ര മഹര്‍ഷിയുടെ കടം വീട്ടിയാലും. ഞാനിത് ആത്മാര്‍ഥമായാണ് പറയുന്നത്.
‘ന ദ്യൂതഹേതോര്‍
ന ചമദ്യഹേതോര്‍
ന രാജ്യഹേതോര്‍
ന ച ഭോഗഹേതോഃ
ദദസ്വഗുര്‍വര്‍ഥമതോ,
മയാത്വം
സത്യവ്രതം ത്വം
സഫലം കുരുഷ്വ’
ചൂതുകളിച്ചു കളയാനോ മദ്യപിച്ചു നശിപ്പിക്കാനോ രാജ്യം പിടിച്ചു വാങ്ങാനോ കളിച്ചു രസിച്ചു നടക്കാനോ അല്ലല്ലോ? സത്യപാലനത്തിനു വേണ്ടിയല്ലേ? എങ്ങനെയും മഹര്‍ഷിയുടെ കടം വീട്ടേണ്ടതാണ്. എന്നെ കൊടുത്തിട്ടായാലും ആ ധനം നല്‍കണം.
ഇതുകേട്ട് ഹരിശ്ചന്ദ്രന് ശോകത്താല്‍ കോപിച്ചു. നീ ഇതു തന്നെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ ഞാന്‍ അതു തന്നെ ചെയ്യാന്‍ നിര്‍ബന്ധിതനാകും. ഒരു ക്രൂരനെപ്പോലെ. മനുഷ്യത്വമറ്റവനെപ്പോലെ. നിര്‍ദയനെപ്പോലെ. ഒരു കഠിന ഹൃദയനായി.
വിശ്വാമിത്രന്റെ ആഗമത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ഇനി വേറെ മാര്‍ഗമില്ലെന്നു ചിന്തിച്ച് ഹരിശ്ചന്ദ്രന് പൊതുവഴിയിലേക്കിറങ്ങി. ഉറക്കെ വിളിച്ചു പറഞ്ഞു’ ഹേ, നാഗരികന്മാരെ എന്റെ പ്രിയഭാര്യയെ ദാസിയായി സ്വീകരിച്ച് എനിക്ക് പൊന്‍പണം നല്കാന് ആരെങ്കിലും തയ്യാറുണ്ടോ? കണ്ണീരോടെയാണെങ്കിലും ഹരിശ്ചന്ദ്രന് പറഞ്ഞൊപ്പിച്ചു.
ഇതുകേട്ട് ഒരുവൃദ്ധബ്രാഹ്മണ വേഷധാരി അടുത്തെത്തി. (വിശ്വാമിത്ര മഹര്‍ഷിക്ക് മായാവിദ്യകളും വശമാണല്ലോ).
‘എനിക്ക് വീട്ടുജോലിക്ക് ഒരാളില്ലാതിരിക്കുകയായിരുന്നു. വിധി പ്രകാരമുള്ള ധനം നല്കാന് തയ്യാറാണ്’. ഇതു പറഞ്ഞുകൊണ്ട് വൃദ്ധബ്രാഹ്മണന് ഹരിശ്ചന്ദ്രന്റെ മരവുരിയില്‍ പൊന്‍പണം നിരത്തി.
ഹരിശ്ചന്ദ്ര പത്നി ഹരിശ്ചന്ദ്രനെ പ്രദക്ഷിണം വച്ചു പ്രാര്‍ഥിച്ചു. ഇനിയും ഹരിശ്ചന്ദ്രന്റെ ഭാര്യയായി തുടരുവാന്‍ എനിക്ക് അവസരം ഉണ്ടാകേണമേ.
ഹരിശ്ചന്ദ്രന് തന്റെ രാക്ഷസീയ പ്രവൃത്തിയോര്‍ത്ത് സ്വയം വിലപിച്ചു നിന്നു. പുത്രന് അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചു. വൃദ്ധബ്രാഹ്മണന് അവനെ തള്ളിമാറ്റാന്‍ ഭാവിച്ചിട്ടും അവന് വിട്ടില്ല.
‘എന്റെ മകനെക്കൂടി കൂടെകൊണ്ടുവരാന്‍ അനുഗ്രഹിക്കേണമേ’ എന്ന് ആ ദാസി വൃദ്ധബ്രാഹ്മണനോട് കേണപേക്ഷിച്ചു.
‘എനിക്കാവശ്യമില്ല, എങ്കിലും ആയിക്കോട്ടെ’ എന്നു ആ ബാലകനു വേണ്ടിയും വില നിശ്ചയിച്ച് വൃദ്ധബ്രാഹ്മണന് പൊന്‍പണം മരവുരിയില്‍ സമര്‍പ്പിച്ചു.
ഹരിശ്ചന്ദ്ര പത്നിയെയും പുത്രനെയും കൂട്ടി വൃദ്ധബ്രാഹ്മണന് യാത്രയായി. അവര്‍ കാണാമറയേക്ക് മറയുന്നതും നോക്കി ഹരിശ്ചന്ദ്രന് വിലപിച്ചു നിന്നു. അപ്പോഴേക്കും വിശ്വാമിത്രന് അവിടെയെത്തി. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: