ജന്മം കൊണ്ട് അയര്ലണ്ടുകാരിയെങ്കിലും ഭാരതത്തെ പിറന്നമണ്ണിനെ പോലെ സ്നേഹിച്ച അതുല്യ പ്രതിഭയായിരുന്ന സിസ്റ്റര്‍ നിവേദിതയുടെ 153ാം ജന്മദിനമാണിന്ന്. കൊറോണയുടെ അദൃശ്യ കരങ്ങളില്‍ ലോകമൊന്നാകെ ഉഴറുന്ന വേളയില്‍ സിസ്റ്റര്‍ നിവേദിത സ്മരണീയയാണ്. 1889 ല്‍ കൊല്‍ക്കത്തയില്‍ പ്ലേഗ് വ്യാപിച്ചപ്പോള്‍ അവര്‍ ചെയ്ത ത്വാഗോജ്വല സേവനം അത്രയേറെ മഹനീയമായിരുന്നു.
‘ശ്രീരാമകൃഷ്ണ വിവേകാനന്ദ ശിഷ്യ’എന്ന് സ്വയം അഭിമാനിച്ചിരുന്ന സിസ്റ്റര്‍ നിവേദിത ഭാരതത്തിന്റെ ദേശീയധാരയില്‍ അലിഞ്ഞ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകര്‍ന്നു.
കൊല്‍ക്കത്തയില്‍ പ്ലേഗ് പടര്‍ന്നതോടെ ധനികരെല്ലാം സുരക്ഷിത മേഖലകളിലേക്ക് മാറി. ദരിദ്രരുടെ ചേരികളിലെ സ്ഥിതി ദയനീയമായിരുന്നു. ആരും എത്തിനോക്കാത്ത ആ സാഹചര്യത്തിലേക്കായിരുന്നു രാമകൃഷ്ണമിഷന്‍ രൂപം നല്കിയ ‘പ്ലേഗ് നിവാരണ സമിതി’യുടെ കാര്യദര്‍ശിയായിരുന്ന സിസ്റ്റര്‍ നിവേദിതയും സ്വാമി സദാനന്ദനും സേവനത്തിനെത്തിയത്. സ്വാമി വിവേകാനന്ദനായിരുന്നു അവരുടെ പ്രചോദനം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിവേദിത ഇംഗ്ലീഷ് പത്രങ്ങളില്‍ സാമ്പത്തിക സഹായ അഭ്യര്‍ഥന നടത്തി. പ്ലേഗ് ചെറുക്കുന്നതിനെകുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയിലും അവബോധമുണര്‍ത്തി. അതോടെ യുവാക്കള്‍ നിവേദിതയ്ക്കൊപ്പം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ടു വന്നു. ലഘുലേഖകള്‍ തയാറാക്കി ജനങ്ങള്‍ക്ക് നല്കി.
ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കാനായി നിവേദിത കുടിലുകള്‍ തോറും കയറിയിറങ്ങി. ഊണും ഉറക്കവും മറന്നായിരുന്നു അവരുടെ സേവനം. വഴിയരികില്‍ ആരും മാറ്റാന്‍ തയ്യാറാകാതിരുന്ന മാലിന്യകൂമ്പാരങ്ങള്‍ അവര്‍ പരസഹായമില്ലാതെ എടുത്തു മാറ്റി ശുചീകരിച്ചു.
നിവേദിത ചെയ്ത നിസ്വാര്‍ഥ സേവനത്തിന്റെ വ്യാപ്തിയും ആഴവും സ്ഫുരിക്കുന്നവയായിരുന്നു അന്ന്പത്രങ്ങളിലൂടെ വന്ന അവരുടെ കത്തുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: