മുന്‍ കാലങ്ങളെ അപേക്ഷിച്ച് തീര്‍ത്തും വ്യത്യസ്തമായ ജീവിതസാഹചര്യത്തില്‍ നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് ലോകരാഷ്ട്രങ്ങള്‍ ജിജ്ഞാസയോടെയാണ് ഉറ്റുനോക്കുന്നത്. അമേരിക്കന്‍ ജനാധിപത്യത്തിന്റെ കഴിഞ്ഞ 232 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മനുഷ്യവംശത്തെ പിടിച്ചുലച്ച പല മഹാമാരികളും ലോകമഹായുദ്ധങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിച്ചിരുന്നില്ല. രണ്ടാം ലോകമഹായുദ്ധക്കാലത്ത് 1944ല്‍ അമേരിക്കയില്‍ നടന്ന പ്രസിഡന്റ്തെരഞ്ഞെടുപ്പ് സമാന സാഹചര്യത്തില്‍ ആണെന്ന് തോന്നുമെങ്കിലും അമേരിക്കന്‍ ജനതയുടെ ജീവിതത്തെ ഇത്രയും അധികം ആഴത്തിലും പരപ്പിലും ബാധിച്ച മറ്റൊരു സാഹചര്യം ഉണ്ടായിട്ടില്ല.
രണ്ടാംലോക മഹായുദ്ധത്തില്‍ അഞ്ചുകൊല്ലം കൊണ്ട് 2,91,000 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെങ്കില്‍ വെറും 9 മാസംകൊണ്ട് 2,31,000 സാധാരണക്കാര്‍ അമേരിക്കയില്‍ കൊറോണ ബാധിച്ചു മരിച്ചു. കൂടാതെ 90ലക്ഷം ജനങ്ങള്‍ അസുഖബാധിതരും. ന്യൂയോര്‍ക്കില്‍ മാത്രം 40,000 ത്തിലധികം ആളുകള്‍ മരിച്ചു. നാല് കോടി അമേരിക്കക്കാര്‍ 10 ആഴ്ചകൊണ്ട് തൊഴില്‍രഹിതരായി. സപ്തംബറില്‍ 6,61,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചപ്പോഴും തൊഴില്‍രഹിതരുടെ ശതമാനം 7.9% ആയിരുന്നു. അമേരിക്കന്‍ ഗവണ്മെന്റ് 1948ല്‍ തൊഴില്‍രഹിതരുടെ കണക്കെടുപ്പ് തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്, പ്രത്യേകിച്ചും രാജ്യം തെരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ എത്തി നില്ക്കുമ്പോള്. ഏതാണ്ട് 58 ലക്ഷം അമേരിക്കക്കാര്‍ ഈ അസുഖത്തില്‍ നിന്ന് മോചിതരായെങ്കിലും, കൊറോണയുടെ കെടുതികളില്‍ നിന്ന് അവിടുത്തെ ജനങ്ങള്‍ പുറത്തേക്കുവന്നിട്ടില്ല. 2016ല്‍ ട്രംപ് അധികാരത്തില്‍ കയറിയതു മുതല്‍ 2020 ജനുവരി വരെ രാജ്യം പുരോഗതിയുടെ പാതയിലായിരുന്നു. അതിനുശേഷം കഴിഞ്ഞ 9 മാസങ്ങള്‍കൊണ്ട് ജിഡിപിവളര്ച്ചാനിരക്ക് 34% താഴേക്ക്പോയി. അമേരിക്കന്‍ സ്റ്റോക്ക്മാര്‍ക്കറ്റുകള്‍ ആയിരകണക്കിന് കോടിഡോളറുകളുടെ നഷ്ടങ്ങളിലേക്കു കൂപ്പുകുത്തി.
രോഗബാധിതരും ജോലിനഷ്ടപ്പെട്ടവരുമായ അഞ്ചുകോടിയിലധികം അമേരിക്കക്കാരുടെയും അവരുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വോട്ട് നിശ്ചയമായും ഈ തെരഞ്ഞെടുപ്പില്‍ ഒരു പ്രധാന ഘടകമാണ്. കോറോണയെ പ്രതിരോധിക്കാന്‍ മാസ്ക് ഉപയോഗിക്കണോ വേണ്ടയോ എന്ന തീരുമാനം പോലും എടുക്കുവാന്‍ കഴിയാത്തവിധം കൊറോണ എന്ന മഹാവ്യാധിയെ ആ രാജ്യത്ത് രാഷ്ട്രീയവത്കരിച്ചിരിക്കുന്നു. പക്ഷെ ഈ മഹാവ്യാധി മാത്രമാണോ അമേരിക്ക എന്ന ലോകരാഷ്ട്രത്തിന്റെ ഭാവി തീരുമാനിക്കുന്നത്? അല്ല എന്നു നിസ്സംശയം പറയാം. ആ രാജ്യത്തിന് അവരുടേത് എന്ന് അവര്‍ കരുതുന്നതും അല്ലാത്തതുമായ ഒട്ടനവധി പ്രശ്നങ്ങളും ഉണ്ട്.
റഷ്യയും ചൈനയും ഇപ്പോള്‍ ഇറാനും അവരുടെ രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാവുകയാണ്. അമേരിക്കന്‍ വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നരാജ്യങ്ങള് വലിയ വില നല്‍കേണ്ടി വരുമെന്നു ജോബൈഡന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ വോട്ടര്‍മാരുടെ മനോഭാവം കാലാകാലങ്ങളായി ഡെമോക്രാറ്റുകള്‍ക്കു അനുകൂലമായിരുന്നു. എന്നിരുന്നാലും ഇന്ത്യയുടേയും അമേരിക്കയുടെയും രാഷ്ട്രീയ, സാമ്പത്തിക, സൈനിക താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ട്രംപിന്റെയും മോദിയുടെയും സഹകരണമനോഭാവം ഒരുവിഭാഗം ഇന്ത്യന്‍ അമേരിക്കക്കാരില്‍ ട്രംപിന് അനുകൂലമായ ഒരുപ്രതീതി ഉണ്ടാക്കിയിട്ടുണ്ട്. നോര്‍ത്ത് കൊറിയയുമായുള്ള മെച്ചപ്പെട്ട നയതന്ത്ര ബന്ധത്തില്‍ക്കൂടി ഒരു ആണവ യുദ്ധഭീഷണി ഒഴിവാക്കാന്‍ കഴിഞ്ഞതും, പലസ്തീനും യുഎഇയും സൗദിയുമായുള്ള സമാധാന ഉടമ്പടി ഉണ്ടാക്കിയതും ഒക്കെ ട്രംപിന്റെ കിരീടത്തിലെ പൊന്തൂവലുകള് തന്നെയാണ്.
കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ കുറഞ്ഞ ചെലവില്‍ എത്തിക്കുകഎന്നത് മുദ്രാവാക്യങ്ങളാക്കി ട്രംപും ജോബൈഡനും ആവര്‍ത്തിക്കുന്നുണ്ട്. ഒബാമ കെയര്‍ പോളിസിയെ ബൈഡന്പോളിസി ആക്കി പുനരവതരിപ്പിക്കും എന്നാണ് ജോബൈഡന് പൊതുജന സമ്പര്‍ക്ക പരിപാടികളില്‍ അറിയിച്ചത്. ചെറുകിട ബിസിനസുകളെ സഹായിക്കുവാന്‍ തൊഴിലാളികളുടെ വേതന നിരക്ക് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും, ട്രംപിന്റെ ഫെഡറല്‍ ഗവണ്മെന്റ്അതിനുവേണ്ട തീരുമാനങ്ങള്‍ എടുക്കാതെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും ജോബൈഡന് കുറ്റപ്പെടുത്തുന്നു. ന്യൂയോര്‍ക്കിലെയും അലബാമയിലെയും ന്യൂമെക്സിക്കോയിലെയും കാലിഫോര്‍ണിയയിലെയും ജീവിത നിലവാരങ്ങള്‍ വ്യത്യാസമുള്ളതാണെന്നും അതുകൊണ്ടുതന്നെ അതാത് സംസ്ഥാനങ്ങളാണ് ഈ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും ട്രംപ് തിരിച്ചടിക്കുന്നു. 2016ല്‍ ട്രംപിനെ അദ്ദേഹത്തിന്റെ ശക്തമായ കുടിയേറ്റ നയം സഹായിച്ചുവെങ്കില്‍ 2020ല്‍ അതൊരു തിരിച്ചടിയായി മാറിയേക്കാനുള്ള സാധ്യതകള്‍ കാണുന്നുമുണ്ട്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിന്റെ ഭാഗമായിട്ടാണെങ്കില്ക്കൂടി നൂറുകണക്കിന് കുട്ടികളെ അവരുടെ മാതാപിതാക്കളില്‍നിന്നും അകറ്റി ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ആണ് ട്രംപ്ഭരണകൂടം നേരിടുന്നത്. രാജ്യത്തിലെ വര്‍ണ്ണ വിദ്വേഷങ്ങളും അതുമായി ബന്ധപ്പെട്ട വിഘടനവാദങ്ങളും വളരെയധികം മൂര്ച്ചിച്ചിരിക്കുന്നു. ഈ സാഹചര്യത്തെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും അവരവരുടെ വോട്ടുബാങ്കുകളെ പ്രീണിപ്പിക്കുവാന്‍ വേണ്ട രാഷ്ട്രീയ അവസരമായി മാറ്റിയെടുത്തിരിക്കുകയാണ്.
അമേരിക്കയിലെ തെരഞ്ഞെടുപ്പ് നവംബര്‍ 3ന് ആണെങ്കില്‍ക്കൂടി, ഏതാണ്ട് 17 കോടി ജനങ്ങള്‍ ഇതുവരെ പോസ്റ്റല്‍ വോട്ടുചെയ്തുകഴിഞ്ഞു, അതും അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും അധികം ജനങ്ങള്‍ പോസ്റ്റല്‍ വോട്ടുചെയ്യുവാന്‍ തീരുമാനിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച 52 ശതമാനം ജനങ്ങളും പോസ്റ്റല്‍വോട്ടു ചെയ്തുകഴിഞ്ഞിരിക്കുന്നു. പോസ്റ്റല്‍ വോട്ടില്‍ ഏറിയ പങ്കും ഡെമോക്രാറ്റുകള്‍ ആണെന്നുള്ള സംസാരങ്ങള്ക്കിടയില് ട്രംപ് പോസ്റ്റല്‍ വോട്ടുകളുടെ നിഷ്പക്ഷതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീരുവാന്‍ വേണ്ടിവരുന്ന കൂടുതല്‍ സമയം തെരഞ്ഞെടുപ്പ് ഫലം ഒന്നോരണ്ടോ ദിവസം താമസിപ്പിക്കുന്നതിനും ഇടയാക്കിയേക്കാം, ട്രംപോ, ബൈഡനോ കോടതിയിലേക്ക് പോകാനും തെരഞ്ഞെടുപ്പ് ഫലം പിന്നെയും വൈകാനുമുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ട്രംപിന്റെ നോമിനിയായ ഏമികോനേബാരറ്റ്നെ സുപ്രീംകോടതിയില്‍ ജഡ്ജ് ആയി ഒക്ടോബര്‍ 26ന് സെനറ്റ് തെരഞ്ഞെടുത്തു. സുപ്രീംകോടതി ജഡ്ജ് ആയിരുന്ന റുത്ത്ബാഡര് മരിച്ച ഒഴിവിലേക്കാണ് റിപ്പബ്ലിക്കന്‍ നോമിനിയായി ഏമികോനേ ബാരറ്റിനെ 5248 വോട്ടില്‍ സെനറ്റ് വിജയിപ്പിച്ചത്.
നവംബര്‍ മൂന്നിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തെ പല അഭിപ്രായ സര്‍വേകളിലും ജോബൈഡനാണ് മന്തൂക്കം. രാജ്യത്തെ 50 സംസ്ഥാനങ്ങളില്‍ 25 എണ്ണത്തില്‍ ജോബൈഡനും 20 സംസ്ഥാനങ്ങളില്‍ ട്രംപും മുന്നിട്ടു നില്ക്കുന്നു. അഞ്ചോ ആറോ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ എങ്ങോട്ടുവേണമെങ്കിലും മാറിമറിയാവുന്നതാണ്. ആമയുടെയും മുയലിന്റെയും കഥപോലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥിരതയുള്ള പ്രവര്‍ത്തനം തെരഞ്ഞെടുപ്പിന്റെ ഫലത്തെ എങ്ങനെ മാറ്റിമറിക്കുമെന്നു 2016ലെ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനേക്കാള്‍ നന്നായി മനസ്സിലാക്കിയവര്‍ മറ്റാരുമില്ലെങ്കിലും ഡെമോക്രാറ്റുകളുടെ ഇപ്പോഴും എപ്പോഴുമുള്ള ഉദാസീനത തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാന്‍ ഒരാഴ്ചകൂടികാത്തിരുന്നാല് മതിയാകും.
ശ്യാംശങ്കര്‍
സാന്‍ഡിയാഗോ, കാലിഫോര്‍ണിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: