നെബ്രസ്ക : പിതാവിന്റെ കൂടെ വേട്ടയ്‌ക്ക് പോയ 9 വയസ്സുള്ള മകൻ അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. ഒക്ടോബർ 25 ഞായറാഴ്ചയായിരുന്നു സംഭവം. ഗണ്ണർ ഹോൾട്ട് വേട്ടയാടുന്നതിൽ അതിസമർത്ഥനായിരുന്നു. പിതാവുമായാണ് സാധാരണ വേട്ടയ്‌ക്കു പോവുക പതിവ്.
ഞായറാഴച വേട്ട സ്ഥലത്ത് എത്തിയപ്പോൾ തോക്കിൽ തിര നിറയ്‌ക്കുന്ന ജോലി 9 വയസ്സുകാരൻ ഏറ്റെടുത്തു. ഷോട്ട് ഗണ്ണിൽ തിര നിറയ്‌ക്കുമ്പോൾ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ടു തിരിഞ്ഞ് നോക്കിയപ്പോൾ മാറിൽ വെടിയേറ്റ് രക്തത്തിൽ കുളിച്ചു കിടന്നിരുന്ന മകനെ ഓഫ് ഡ്യൂട്ടി പോലീസുകാരന്റെ സഹായത്താൽ സി.പി.ആർ നൽകി രക്ഷപെടുത്തുവാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വേദനാജനകമായ ഒരു സംഭവമാണിതെന്നു ലൻകാസ്റ്റർ കൗണ്ടി ഷെറീഫ് ഓഫീസ് പറഞ്ഞു. ഇതൊരു അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെന്റ് ജോൺ ലൂതറൻ സ്കൂൾ (സ്വേഡു) വിദ്യാർത്ഥിയാണ് ഗണ്ണർ. വേട്ടയാടുന്ന പ്രദേശത്ത് 15 വയസ്സിനു താഴെയുള്ളവർക്കും തോക്കുമായി വേട്ടയാടുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
കുട്ടിയുടെ സംസ്കാര ചിലവുകൾക്കായി ഗോഫണ്ട് .കോം വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇവരുടെ ഫോട്ടോയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: