കരുനാഗപ്പള്ളി: ഏതു വിഷമഘട്ടത്തിലും ദൗത്യം സ്വയമേറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സേവാഭാരതി ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായി ആര്‍എസ്എസ് സംസ്ഥാന സഹ സേവാപ്രമുഖ് ജി.വി. ശിരീഷ്. കുലശേഖരപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച സേവാഭാരതി ഓഫീസിന്റെയും, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും കോവിഡിന്റെ വിപരീത പരിതസ്ഥിതിയില്‍ പോലും ലക്ഷക്കണക്കിന് സേവാപ്രവര്‍ത്തനങ്ങളാണ് സേവാഭാരതി നടത്തിയത്. പ്രശസ്തിക്കു പിന്നാലെ പോകാതെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളില്‍ കൂടി സമൂഹത്തിന്റെ വിശ്വാസം ആര്‍ജിച്ചു. കേരളത്തിലെ 600 പഞ്ചായത്തുകളില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തുകൊണ്ട് സേവാഭാരതി സജീവമായി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സേവാഭാരതി കുലശേഖരപുരം പഞ്ചായത്തു സമിതി പ്രസിഡന്റ് ജ്യോതികുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന്, ഖണ്ഡ് കാര്യവാഹ് ആര്. മോഹനന്, ജില്ലാ സഹകാര്യവാഹ് എസ്. രാജേഷ്, സേവാഭാരതി മേഖലാ സംഘടനാ സെക്രട്ടറി ശങ്കര്‍, കൃഷ്ണന്‍കുട്ടി, ഓമനക്കുട്ടന്, അഡ്വ. ശ്രീജിത്ത്, വാമദേവന്, അരുണ്‍ റോയ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള 125 ഓളം ക്യാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തികസഹായം വിതരണം ചെയ്തു.
സമൂഹ ഉദ്ധാരണം മുഖമുദ്രയാക്കി സേവന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സേവാഭാരതിയുടെയുടെ കുലശേഖരപുരം യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് മേഖലയിലേക്കു കൂടി സജീവമാകുന്നു.
രണ്ട് നിര്‍ധനകുടുംബങ്ങള്‍ക്ക് വീട് വച്ചു കൊടുത്തും നിരവധി പേര്ക്ക്ചികിത്സാ ധനസഹായം നല്‍കിയും നിര്‍ധനയുവതിയുടെ വിവാഹം നടത്തിയും കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റുകളും മരുന്നുകളും എത്തിച്ചും സേവനത്തിന്റെ പര്യായമായ സേവാഭാരതി രോഗംമൂലം അവശത അനുഭവിക്കുന്ന രോഗികള്‍ക്ക് സമാശ്വാസമായി മാറുകയാണ്. ഇവരുടെ പരിചരണത്തിനും മറ്റു സേവനത്തിനും അഞ്ചുലക്ഷം രൂപ മുടക്കി വാഹനം തയ്യാറാക്കി.
കൂടാതെ കിടപ്പു രോഗികളുടെ ചികിത്സയ്ക്കായി നഴ്സിന്റെ ഉള്‍പ്പെടെ സേവനവും സേവാഭാരതിയുടെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ കൂടി ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: