ഹൈന്ദവാചാര പ്രകാരം നവരാത്രികള്‍ നാലെണ്ണമുണ്ട്. ശരത് നവരാത്രി, വസന്ത നവരാത്രി, മാഘ നവരാത്രി, ആഷാഢ നവരാത്രി. കന്നിമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന ശരത് നവരാത്രി അഥവാ അശ്വനി നവരാത്രിയാണ് ഇവയില്‍ പ്രധാനം. നവരാത്രിയില്‍ അഷ്ടമി, നവമി, ദശമി ദിവസങ്ങളിലെ പൂജയ്ക്കാണ് പ്രാധാന്യം കൂടുതല്‍. നവരാത്രി പൂജ വിധി പ്രകാരമെങ്കില്‍ ദരിദ്രന് ധനികനും രോഗി ആരോഗ്യവാനും, പുത്രഹീനന്‍ സത്പുത്ര ലഭ്യവാനും ആകുമെന്നാണ് വിശ്വാസം. അതു പോലെ ശത്രുപീഡിതന് ശത്രുതാനാശവും വിദ്യാര്‍ഥികള്‍ക്ക് വിദ്യാലാഭവും ഭക്തര്‍ക്ക് സര്‍വാഭീഷ്ടങ്ങളും കൈവരും.
‘ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചേ നമഃ’ എന്ന നവാക്ഷരീ മന്ത്രം സര്‍വ വിഘ്നങ്ങളേയും അകറ്റും. അതുപോലെ നവാംഗം, ദുര്‍ഗാശപ്തശതി, നവാക്ഷരീ മന്ത്രം ഇവ പാരായണം ചെയ്യണമെന്ന് ദേവീമാഹാത്മ്യം വെളിപ്പെടുത്തുന്നു. ന്യാസം, ആവാഹനം, നാമാനി, അര്‍ഗളം, ദളം, ധ്യാനം, കവചം എന്നിവ ഉപാസനാ മൂര്‍ത്തിയുടെ ശക്തിയില്‍ സകല ആപത്തുകളില്‍ നിന്നും സംരക്ഷണം നല്കുന്നു.
മന്ത്രാക്ഷരങ്ങള്‍ ദേവതകളെ ശരീരത്തിന്റെ ഓരോ ഭാഗത്ത് വയ്ക്കുന്ന ക്രിയാന്യാസമാകുമ്പോള് ദേവതയെ ഉപാസകപൂജയ്ക്ക് ക്ഷണിക്കുന്നത് ആവാഹനവും നാമോച്ചാരണം നാമാനിയും തടസ്സോര്ജം ഒഴിവാക്കുന്നത് അര്ഗളവും സദ്കര്മങ്ങളേയും അതിന്റെ ഫലത്തേയും പാപശാപ ശക്തികള്‍ ആണിയില്‍ ഉറപ്പിച്ചതെന്നതു പോലെ തടയുന്നതൊഴിവാക്കുന്നത് കീലകവുമാണ്. ഹൃത്തിലെ ഈശ്വരന് ഹൃദയമാണെന്നും സകല പാപങ്ങളുമകറ്റി സ്വയം വികസിക്കുന്നതാണ് ദളമെന്നും ഉള്ളിലെ അനന്ത ശക്തികളെ പുറത്തുകൊണ്ടു വരാന്‍ കഴിയുന്ന മാര്‍ഗമാണ് ധ്യാനമെന്നും സര്‍വാംഗങ്ങളെയും അന്തഃകരണങ്ങളേയും ഉപാസനാമൂര്‍ത്തി കവചത്താല്‍ ആപത്തുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നത് കവചമെന്നുമാണ് അര്‍ഥം കല്‍പ്പിച്ചിട്ടുള്ളത്.
ദേവീ സങ്കല്പവുമായി യോജിക്കുന്നതാണ് നിലവിളക്ക്. നവരാത്രി പൂജയില്‍ നിലവിളക്കിന്റെ ചമയവും അത് തെളിയിക്കുന്നതും ചിട്ട പ്രകാരമാണ്. നിലവിളക്കിന്റെ പാദത്തിലും കഴുത്തിലും നെറ്റിയിലും ഭസ്മം കൊണ്ട് മൂന്ന് വരയിടണം. അതിനു മധ്യേ ചന്ദനം കൊണ്ട് കുറിയിടണം. ചന്ദനത്തിനു മധ്യേ കുങ്കുമം കൊണ്ട് പൊട്ടു തൊടണം. പ്രഭാതത്തില്‍ ഇരു തിരിയിട്ട് കിഴക്കോട്ടും സന്ധ്യക്ക് നാലു തിരിയിട്ട് രണ്ട് ജ്വാലകള്‍ വരത്തക്ക വിധം കിഴക്കോട്ടും പടിഞ്ഞാട്ടുമായി കൊളുത്തണമെന്നാണ് വിധി. അഞ്ചു തിരിയിട്ടും കൊളുത്താവുന്നതാണ്. സന്ധ്യാദീപമന്ത്രം ചൊല്ലി വേണം ദീപം കൊളുത്താന്‍.
നവരാത്രി പൂജയില്‍ ആദ്യമൂന്നു ദിവസം ദുര്‍ഗയേയും അടുത്ത മൂന്നു ദിവസം മഹാലക്ഷ്മിയേയും അതു കഴിഞ്ഞുള്ള മൂന്നു ദിവസം സരസ്വതീദേവിയേയും ആരാധിക്കുന്നു. ഇതിലൂടെ മനുഷ്യന്റെ പത്തുപാപങ്ങളെ നശിപ്പിക്കുന്നു എന്ന അര്‍ഥത്തില്‍ പത്താം നാള് ‘ദസറ’ (ദശഹര)യായി അറിയപ്പെടുന്നു.
ഇറക്കത്ത് രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: