വിജശദശമി നാളില്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിക്കാന്‍ ആയിരങ്ങളെത്തുന്ന പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലമാണ് ചിറ്റൂര്‍ തെക്കേഗ്രാമത്തിലെ തുഞ്ചന്‍ മഠം. ശോകനാശിനി പുഴയുടെ തീരത്തുള്ള ഈ മഠത്തിലാണ് ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ സമാധിയുള്ളത്. ജീവിതത്തിലെ അവസാന 30 വര്‍ഷങ്ങള്‍ എഴുത്തച്ഛന് ചെലവഴിച്ചതും അദ്ധ്യാത്മരാമായണം, മഹാഭാരതം കിളിപ്പാട്ടുകള്‍ ഉള്‍പ്പെടെയുള്ള കാവ്യങ്ങള്‍ രചിച്ചതും ഇവിടെ വച്ചാണ്. എഴുത്തച്ഛന് ഉപയോഗിച്ചിരുന്ന താളിയോല, എഴുത്താണി, മെതിയടി, യോഗദണ്ഡ്, ഗ്രന്ഥങ്ങള്‍ എന്നിവ മഠത്തില്‍ പവിത്രമായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാ വിജയദശമി നാളിലും ആയിരങ്ങള്‍ പ്രാര്‍ഥിക്കാനും എഴുത്തിനിരുത്താനുമായി ഇവിടെയെത്തുന്നു.
തുഞ്ചന്‍ മഠത്തിനും അത് സ്ഥിതിചെയ്യുന്ന തെക്കേഗ്രാമത്തിനും മറ്റൊരു ചരിത്രം കൂടി പറയാനുണ്ട്. എഴുത്തച്ഛന് ജനിച്ചതും വളര്‍ന്നതും തിരൂരാണ്. തഞ്ചാവൂരില്‍ ചെന്ന് വേദശാസ്ത്ര വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹം പിന്നീട് ഗൃഹസ്ഥാശ്രമം വിട്ട് അന്നത്തെ കൊച്ചി രാജ്യത്തിന്റെ കീഴിലുള്ള ചിറ്റൂരില്‍ ശോകനാശിനി പുഴയുടെ തീരത്ത് എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കിയ ചമ്പത്തില്‍ വീട്ടുകാര്‍ മഠം നിര്‍മിക്കാനായി അദ്ദേഹത്തിന് ഭൂമി ദാനം ചെയ്തു. മഠത്തിനോട് ചേര്‍ന്ന് കാലക്രമേണ എഴുത്തച്ഛന് ശ്രീരാമ ക്ഷേത്രം നിര്‍മിക്കുകയും അവിടെ പൂജാ ആവശ്യങ്ങള്‍ക്കും മറ്റുമായി തഞ്ചാവൂരില്‍ നിന്ന ഏഴ് തമിഴ് ബ്രാഹ്മണ കുടുംബങ്ങളെ കൊണ്ടുവരികയും ചെയ്തു. മഠത്തിനോട് ചേര്‍ന്നാണ് ഇവരെ താമസിപ്പിച്ചത്. അങ്ങനെ മറ്റ് തമിഴ് ബ്രാഹ്മണ കുടുംബങ്ങള്‍ കൂടി ഇവിടെയെത്തിയതോടെ ഇവിടമൊരു അഗ്രഹാരമായി മാറി. പുഴയില്‍ മുങ്ങിക്കുളിച്ചപ്പോള്‍ ശോകങ്ങള്‍ ഇല്ലാതായതിനാല്‍ അദ്ദേഹം പുഴയ്ക്ക് ശോകനാശിനിയെന്ന് പേരിട്ടതായും പറയപ്പെടുന്നു.ആദ്യകാലങ്ങളില്‍ മഠം ഒരു ഓലപ്പുരയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഠം നിലവിലെ സ്ഥിതിയിലായത്. ശ്രീകോവിലും ഓഫീസും വലിയ ഹാളും മുറികളും ചെറിയ ഒരു നടുമുറ്റവും അടങ്ങിയതാണ് മഠം. ശ്രീകോവിലിലായാണ് എഴുത്തച്ഛന്റെ സമാധി സ്ഥാനം. അമ്പത് കൊല്ലത്തിലേറെയായി ചിറ്റൂര്‍ എന്‍എസ്എസ് യൂണിറ്റിനാണ് മഠത്തിന്റെ മേല്‍നോട്ടം.നിത്യേന രണ്ട് നേരം ഇവിടെ പൂജയുണ്ട്. രാമായണമാസത്തില്‍ മുടങ്ങാതെ പാരായണം നടക്കാറുണ്ട്. സമാധി ദിനവും വിദ്യാരംഭവും വിജയദശമിയുമാണ് മഠത്തിലെ സവിശേഷദിനങ്ങള്‍. കഴിഞ്ഞ നൂറ് വര്‍ഷമായി നടന്ന് വരുന്ന എഴുത്തിനിരുത്തല്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: