ആലപ്പുഴ: സഹകരണ സംഘങ്ങള്‍ മുഖേനയുള്ള നെല്ലു സംഭരണം പാളി, പ്രതിഷേധവുമായി കര്‍ഷകര്‍. യാതൊരു മുന്നൊരുക്കവുമില്ലാതെ സഹകരണ സംഘങ്ങളെ സംഭരണ ചുമതല എല്‍പ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. കുട്ടനാട്ടില്‍ ക്വിന്റല്‍ കണക്കിന് നെല്ലാണ് കെട്ടികിടക്കുന്നത്. 2014, 2015 വര്‍ഷങ്ങളില്‍ കുട്ടനാട്ടില്‍ നെല്ല് സംഭരണം നടക്കാതെ വന്നപ്പോള്‍ കൃഷി വകുപ്പും പ്രാദേശിക സഹകരണ സംഘങ്ങളും ചേര്‍ന്ന് സ്വകാര്യ ഗോഡൗണുകള്‍ കണ്ടെത്തി കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിച്ചിരുന്നു.
അന്ന് സഹകരണ സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 2006ല്‍ കുട്ടനാട്ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥ ലത്ത് നെല്ല് സംഭരിച്ചു വയ്‌ക്കാന്‍ ഗോഡൗണുകള്‍ പണിതു ലക്ഷങ്ങള്‍ പാഴായി പോകുകയും ഗോഡൗണുകള്‍ അന്യാധീനപ്പെടുകയും ചെയ്തു. സപ്ലൈകോ നെല്ലുസംഭരണം ഏറ്റെടുത്തതു മുതലാണ് സംഭരണം കാര്യക്ഷമമായത്. അതാണ്സര്‍ക്കാര്‍ ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് കര്‍ഷകര്‍ വിമര്‍ശിക്കുന്നു. കുട്ടനാട്ടില്‍ മാത്രം 23000 ഹെക്ടറില്‍ ആണ് കൃഷി നടക്കുന്നത്. കുറഞ്ഞത് ഒന്നര ലക്ഷം ടണ്‍ നെല്ല് സംഭരിക്കണം. 10 സംഘങ്ങളില്‍ മാത്രമാണ് ഗോഡൗണ്‍ സൗകര്യമുള്ളത്. അതില്‍ എല്ലാം കൂടി 9000 ടണ്‍ നെല്ല് മാത്രമേ സംഭരിക്കാന്‍ കഴിയുകയുള്ളു.
സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായ ഗോഡൗണ്‍ സൗകര്യമില്ല എന്നതാണ് പ്രധാന പ്രശ്നം. തല്‍ക്കാലം വിദ്യാലയങ്ങളില്‍ നെല്ല് സംഭരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും അത് പ്രയോഗികമാകാതെ വന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പരാജയപ്പെട്ട പദ്ധതി വീണ്ടും നടപ്പാക്കരുതെന്ന് കര്‍ഷകരും, സംഘം പ്രതിനിധികളും ഒരുപോലെ ആവശ്യപ്പെട്ടിട്ടും കൃഷിവകുപ്പ് പിന്നോട്ടില്ലന്ന് ശാഠ്യം പിടിക്കുകയാണ്. നിലവിലുള്ള സംഘങ്ങളില്‍ വിത്തോ, വളമോ, കീടനാശിനിയോ സൂക്ഷിക്കാനുള്ള സ്ഥലം പോലും പരിമിതമാണ്.
കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ തുക നല്‍കാന്‍ സംഘങ്ങള്‍ക്ക് കരുതല്‍ മൂലധനം ഇല്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കും. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സംഭരണം ഏല്‍പ്പിച്ച പല സഹകരണ സംഘങ്ങളും തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ എത്തിയിരുന്നു. സംഘങ്ങള്‍ ശേഖരിക്കുന്ന നെല്ല് പൂപ്പലും ഈര്‍പ്പവും പിടിച്ച് നശിച്ചതോടെ സംഭരണ ഏജന്‍സികള്‍ പിന്‍മാറിയതാണ് പല സംഘങ്ങളും നാശത്തില്‍ എത്തിയത്. അശാസ്ത്രീയമായ പരിഷ്‌കാരത്തിന് പകരം നിലവിലുള്ള സ്ഥിതി തുടരണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: