പാട്ന: വികസനം ആഗ്രഹിക്കുന്ന ബീഹാറിലെ ജനങ്ങള്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണയും എന്‍ഡിഎ സര്‍ക്കാര്‍ എന്നതാണ് ബീഹാറിലെ ജനങ്ങള്‍ ഏറ്റെടുത്ത് വിളിക്കുന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. സസറാമിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
സംസ്ഥാനത്തെ രോഗഗ്രസ്ഥമാക്കിയവരെ ബീഹാറിലെ ജനങ്ങള്‍ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കല്‍ ഇവിടം ഭരിച്ചിരുന്നവര്‍ അത്യാഗ്രഹം നിറഞ്ഞ കണ്ണുകളോടെയാണ് വികസിച്ചുവരുന്ന സംസ്ഥാനത്തെ വീണ്ടും ഭരണത്തിന് കീഴിലാക്കാനായി ശ്രമിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ പിന്നാക്കാവസ്ഥയിലേക്ക് തള്ളിവിട്ടവരെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല. അഴിമതിയും അക്രമങ്ങളും നിറഞ്ഞ കാലമായിരുന്നു അതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നിന്ന് പുറത്തുവരുന്ന അഭിപ്രായ വോട്ടെടുപ്പിലെല്ലാം വീണ്ടുമൊരിക്കല്‍ക്കൂടി എന്‍ഡിഎ സര്‍ക്കാര്‍ എന്നാണെന്ന് മോദി പറഞ്ഞു. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ എന്‍ഡിഎ സര്‍ക്കാരിനെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷം പറയുന്നത് അവര്‍ അധികാരത്തിലെത്തിയാല്‍ ഇതു പുനഃസ്ഥാപിക്കുമെന്നാണ്. പ്രതിപക്ഷത്തിന് ബീഹാറില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ഈ നിലപാട് പറയാന്‍ ധൈര്യമുണ്ടോയെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യത്തെ സംരക്ഷിക്കാനായി അതിര്‍ത്തിയിലേക്ക് തങ്ങളുടെ മക്കളെ അയക്കുന്നവരുടെ നാടാണ് ബീഹാറെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മാതൃരാജ്യത്തിന്റെ തല താഴാതിരിക്കാനായി ബീഹാറിന്റെ മക്കള്‍ തങ്ങളുടെ ജീവിതമാണ് ത്രിവര്‍ണ്ണ പതാകയില്‍ പുതച്ച് കിടന്നത്. പുല്‍വാമയിലും ഗല്വാന്വാലിയിലും കൊല്ലപ്പെട്ട ബീഹാര്‍ റെജിമെന്റിലെ സൈനികരുടെ വീരതയെ വാഴ്ത്തിക്കൊണ്ട് മോദി പറഞ്ഞു.
ബീഹാറിന്റെ അതിന്റെ ധീരന്മാരായ രണ്ടു മക്കളെ നഷ്ടമായിരിക്കുകയാണ്. രാംവിലാസ് പാസ്വാന്റെയും രഘുവംശ് പ്രസാദ് സിങ്ങിന്റെയും വേര്‍പാടിനെ സ്മരിച്ചുകൊണ്ട് മോദി പഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ ബീഹാറിലെ ജനങ്ങള്‍ കാണിച്ച മികവിനെ പ്രധാനമന്ത്രി പ്രശംസിച്ചു. കുറ്റകൃത്യങ്ങളില്‍ ബീഹാര്‍ ഇപ്പോള്‍ രാജ്യത്ത് 23-ാം സ്ഥാനത്താണുള്ളത്. എന്‍ഡിഎ സര്‍ക്കാരാണ് സംസ്ഥാനത്ത് ക്രമസമാധാന നില പുനഃസ്ഥാപിച്ചതെന്നും മോദി പറഞ്ഞു. ജെഡിയു സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന സസറാമിലെ റാലിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുത്തു.
രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ച നക്സല്‍ പ്രക്ഷോഭത്തിന് പിന്തുണ നല്കിയവരാണ് മഹാസഖ്യത്തില്‍ അണിനിരന്നിരിക്കുന്ന പാര്‍ട്ടികളെന്ന് ഗയയില്‍ നടന്ന രണ്ടാമത്തെ റാലിയില്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഭഗല്പൂരിലടക്കം മൂന്നു റാലികളാണ് ഇന്നലെ പ്രധാനമന്ത്രി സംസ്ഥാനത്ത് നടത്തിയത്. അടുത്ത രണ്ടു ഘട്ടങ്ങളിലും പ്രധാനമന്ത്രിയുടെ റാലികള്‍ സംസ്ഥാനത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: