ന്യൂദല്‍ഹി: ചെറിയ പൊടിക്കൈകള്‍ നടത്തി ഗ്രേ പട്ടികയില്‍ നിന്നു പുറത്തു കടക്കാമെന്ന പാക്കിസ്ഥാന്റെ മോഹത്തിന് തിരിച്ചടി. പാക്കിസ്ഥാനെ ഗ്രേ പട്ടികയില്‍ നിലനിര്‍ത്താന്‍ ഭീകരരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കുന്ന ആഗോള സംഘടനയായ എഫ്എടിഎഫ് തീരുമാനം. രാജ്യത്ത് ഭീകരരുടെ സാന്നിധ്യം വര്‍ധിക്കുകയും പാക് സര്‍ക്കാര്‍ ഭീകരവാദ പ്രവര്‍ത്തനം തടയുന്നതില്‍ പരാജയപ്പെടുകയും ചെയ്തതോടെയാണ് എഫ്എടിഎഫ് നടപടി.
നേരത്തെ 2018 ജൂണിലാണ് പാക്കിസ്ഥാനെ ഗ്രേ പട്ടികയിലുള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിരുന്നു. എന്നാല്‍, നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ പാക്കിസ്ഥാനായില്ല. ഭീകരരുടെ കൈയിലേക്കെത്തുന്ന പണമൊഴുക്ക് 2019 അവസാനത്തോടെ തടയണമെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍, പാക്കിസ്ഥാനില്‍ അറുപതിലധികം സംഘടനകള്‍ നിലവില്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നാണ് എഫ്എടിഎഫിന്റെ റിപ്പോര്‍ട്ട്.
പട്ടികയില്‍നിന്ന് പുറത്തു കടക്കണമെങ്കില്‍ പാക്കിസ്ഥാന് എഫ്എടിഎഫിലെ പന്ത്രണ്ട് അംഗരാജ്യങ്ങളുടെ പിന്തുണ വേണം. രണ്ട് സംഘടനകളുള്‍പ്പെടെ ആകെ 39 രാജ്യങ്ങളാണുള്ളത്. എന്നാല്‍ ചൈന, തുര്‍ക്കി, മലേഷ്യ രാജ്യങ്ങള്‍ മാത്രമാണ് പാക്കിസ്ഥാനെ പിന്തുണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: