തിരുവനന്തപുരം : സ്വതന്ത്ര ഏജന്‍സി കേസ് അന്വേഷിച്ചാല്‍ രാഷ്ട്രീയ അഴിമതി പുറത്തുവരുമെന്ന് സംസ്ഥാന സര്‍ക്കാരിന് ഭയമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞാല്‍ അത് ജനം വിശ്വസിക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഒരു തീരുമാനം കൊണ്ടും സിബിഐയെ തടയാന്‍ സാധിക്കില്ലെന്നും വി. മുരളീധരന് അറിയിച്ചു.
സിബിഐ സംസ്ഥാനത്തെ കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളകള്‍ പുറത്ത് വരുമെന്നതാണ് സിപിഎമ്മിന്റെ സിബിഐ വിരോധത്തിന് പിന്നില്‍. ലൈഫ് മിഷന് അഴിമതി അന്വേഷണമാണ് സിബിഐയെ എതിര്‍ക്കാനുള്ള പുതിയ നീക്കങ്ങള്‍ക്ക് പിന്നിലെന്നും വി. മുരളീധരന് ആരോപിച്ചു.
ടിപി വധക്കേസില്‍ ഗൂഢാലോചന അന്വേഷിക്കുന്നതിന് പോലും സിപിഎം തടസം നിന്നു. ബാര്‍ക്കോഴ കേസില്‍ ചെന്നിത്തലയ്ക്ക് എതിരായ ആരോപണം അന്വേഷിക്കണം. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പരസ്പരം സഹായിക്കുന്നു എന്ന് കോടിയേരി പറയുന്നത് ആരും വിശ്വസിക്കില്ല. കേരളത്തിന് പുറത്ത് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് ബന്ധം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് സിപിഎമ്മിനെ പുകഴ്ത്തിയത്.
അതേസമയം കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുമായി നടത്തുന്ന ചര്‍ച്ച ഗൗരവതരമാണ്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശമനുസരിച്ചാണോ ഈ രഹസ്യ ബാന്ധവം എന്ന് വ്യക്തമാക്കണം. ഭീകരവാദി സംഘടനകളുമായി കൂട്ട് ചേരുന്നത് കോണ്‍ഗ്രസ് നയമാണോയെന്നും അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയെ ഭീകര സംഘടന എന്ന് തന്നെ വിളിക്കും. കേരളത്തില്‍ അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ല. അവരുമായാണ് കേന്ദ്രമന്ത്രി ചര്‍ച്ച നടത്തുന്നതെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
അതിനിടെ സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ അന്വേഷിക്കുന്നതിനായി സിബിഐക്ക്് നല്‍കിയിട്ടുള്ള മുന്‍കൂര്‍ അനുമതി പിന്‍വലിക്കണമെന്ന്് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നത് സംസ്ഥാന ഉത്തരവിന്റെ ബലത്തിലാണ് ഇത് ഏറ്റെടുക്കുന്നത്. ആന്ധ്രാപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളൊക്കെ സിബിഐക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളവും ഇക്കാര്യം പരിഗണിക്കണമെന്ന് കോടിയേരിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: