തിരുവനന്തപുരം : കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മുന്‍ എംഡിയെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ശമ്പളവും കൂട്ടി നല്‍കിയതായി ആരോപണം. കശുവണ്ടി വികസന കോര്പ്പറേഷന് മുന്‍ എംഡി കെ.എ. രതീഷിനാണ് ശമ്പളം കൂട്ടി നല്കി സര്‍ക്കാര്‍ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. തോട്ടണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയായിരുന്നു.
നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയാണ് രതീഷ്. കേസില്‍ നിന്ന് പ്രോസിക്യൂഷന് ഒഴിവാക്കിയതിനു പിന്നാലെ രതീഷിന്റെ ശമ്പളം 80,000 രൂപയില്‍നിന്ന് 1,70,000 ആക്കി. മറ്റു ആനുകൂല്യങ്ങളും കൂടി ചേര്‍ത്താല്‍ രണ്ടു ലക്ഷത്തിലേറെ രൂപയാണ് ഇപ്പോള്‍ ശമ്പളയിനത്തില്‍ സര്‍ക്കാര്‍ നല്‍കുന്നത്.
2005 മുതല്‍ 2015 വരെയാണ് രതീഷ് കശുവണ്ടി വികസന കോര്പ്പറേഷന് എംഡിയായിരുന്നത്. ഈ കാലയളവില്‍ ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ വന്‍ നഷ്ടം നേരിട്ടതായി സിബിഐ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കശുവണ്ടി വികസന കോര്പറേഷന് 2015ലെ ഓണക്കാലത്തു നടത്തിയ തോട്ടണ്ടി ഇടപാടില്‍ വന്‍ നഷ്ടമുണ്ടായെന്ന കേസ് ആദ്യം വിജിലന്‍സാണ് അന്വേഷിച്ചത്. എന്നാല്‍ വിജിലന്‍സ് കേസ് എഴുതി തള്ളുകയായിരുന്നു.
അതിന് പിന്നാലെയാണ് സിബിഐ അന്വേഷിച്ച് വന്‍ ക്രമക്കേട് കണ്ടെത്തിയത്. ഇറക്കുമതി വ്യവസ്ഥകള്‍ അട്ടിമറിച്ചു ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോര്പ്പറേഷന് വന്‍ നഷ്ടം നേരിട്ടതായി സിബിഐ കണ്ടെത്തിയിരുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ തോട്ടണ്ടി വാങ്ങിയതില്‍ അഴിമതി നടന്നിട്ടുള്ളതായി ആരോപിച്ച് മനോജ് കടകംപള്ളി എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് അന്വേഷിക്കാന്‍ 2015ല്‍ സിബിഐയെ ചുമതലപ്പെടുത്തിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന, വഞ്ചന എന്നിവയ്ക്കും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: