കൊട്ടാരക്കര: കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അവയെ ശല്യക്കാരായി പ്രഖ്യാപിച്ചു കൂട്ടത്തോടെ നശിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍.
പന്നി ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യം ഉണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു തീരുമാനമെന്ന് വനംമന്ത്രി കെ. രാജു തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.വന്യജീവി സംരക്ഷണനിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായതിനാല്‍, വലിയ തോതില്‍ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാന്‍ വനം വകുപ്പിനായില്ല.
ഈ സമയത്താണു നിരന്തരമായി അവയുടെ ശല്യമുള്ള മേഖലകളില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി ഉദ്യോഗസ്ഥര്‍ക്ക് പുറമെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് നാട്ടുകാര്‍ക്ക് അവയെ വെടിവച്ചുകൊല്ലാന്‍ സര്‍ക്കാര്‍ അനുമതി നല്കി ഉത്തരവായത്. ഉത്തരവ് നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു.
എന്നിട്ടും കാട്ടുപന്നിയുടെ എണ്ണത്തിലോ ശല്യത്തിനോ വലിയ കുറവു കാണാത്തതിനാലാണ് ശല്യക്കാരായ മൃഗമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ടാല്‍ നാട്ടില്‍ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ വകുപ്പിന് സാധിക്കും. പക്ഷേ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. അനുമതി തേടുന്നതിനു നേരത്തെ നിര്‍ദേശം നല്‍കിയെങ്കിലും ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനത്തു മുഴുവനായും അങ്ങനെ അനുമതി ലഭിക്കില്ല.
അത്തരം മേഖലകള്‍, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ രൂക്ഷത തുടങ്ങിയ വിശദവിവരങ്ങള്‍ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ അനുമതി ലഭിക്കും. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടുപന്നി ആക്രമണം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്ന് മന്ത്രി കെ. രാജുവിന്റെ ഓഫീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: