കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കേ ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ച സംഭവത്തില്‍ പോലീസ് മൊഴി എടുക്കല്‍ ആരംഭിച്ചു. അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥമൂലമാണ് ഹാരിസ് മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് ഈ നടപടി. വെള്ളിയാഴ്ച രാവിലെ കളമശ്ശേരി പോലീസ് മെഡിക്കല്‍ കോളേജിലെത്തി ജീവനക്കാരുടെ മൊഴി എടുക്കല്‍ ആരംഭിച്ചു.
മെഡിക്കല്‍ കോളേജ് ആര്‍എംഒ, പ്രിന്‍സിപ്പല്‍ സൂപ്രണ്ട്, ഹാരിസ് മരിക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക.
ഹാരിസിന്റെ മരണം ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ കാരണമാണെന്ന വോയിസ് സന്ദേശത്തിന്റെ ഉടമയും നേഴ്‌സിങ് ഓഫീസറുമായ ജലജാ ദേവിയെ കഴിഞ്ഞ ദിവസം കോട്ടയത്തെ വീട്ടില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി എടുത്തിരുന്നു. ഡോ. നജ്മയുടെ മൊഴി ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. വ്യാഴാഴ്ച ഹാരിസിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടേുത്തിയിരുന്നു. അതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്.
ഇതോടൊപ്പം മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി ബൈഹക്കി, ജമീല എന്നിവരുടെ ബന്ധുക്കളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: