കൊവിഡ് പ്രതിരോധത്തില്‍ ശരിയായ ദിശയിലാണ് ഭാരതം. ആഗോളതലത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയിലാണ് ഏറ്റവും കുറച്ച് രോഗികള്‍ മരിക്കുന്നതും ഏറ്റവും കൂടുതല്‍ പേര് രോഗമുക്തി നേടുന്നതും. ഓരോ 10 ലക്ഷം പൗരന്മാരിലും 5500 പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ ബാധിച്ചിട്ടുള്ളത്. അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് 25,000 ആണ്. 10 ലക്ഷം പൗരന്മാരില് രാജ്യത്തെ മരണ നിരക്ക് 83. വികസിത രാജ്യങ്ങളായ യുഎസ്, ബ്രസീല്‍, സ്പെയിന്, ബ്രിട്ടന് തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇത് 600 നു മുകളില്‍. രാജ്യത്ത് രോഗമുക്തി നിരക്ക് കൂടുതലും മരണനിരക്ക് കുറവാണെന്നതും അടിവരയിടുന്നതാണ് ഈ കണക്കുകള്‍. സമ്പല്സമൃദ്ധമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പൗരന്മാരുടെ ജീവന് രക്ഷിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതായി കണക്കുകള്‍ തെളിയിക്കുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സുപ്രധാനമായ നിരവധി നാഴികക്കല്ലുകളാണ് രാജ്യം പിന്നിടുന്നത്. വാക്സിന് നിര്‍മാണ ഗവേഷണപ്രവര്‍ത്തനങ്ങള്‍, പരിശോധനാ സംവിധാനം, മരുന്നു നിര്‍മ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വളരെ മുന്നിലാണ്.
രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപതിനായിരത്തില്‍ താഴെയാണ്. 13 സംസ്ഥാനങ്ങളില്‍ ആക്റ്റീവ് കേസുകളുടെ എണ്ണം ഇരുപതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലാണ്. മൂന്ന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ മാത്രമാണ് ആക്റ്റീവ് കേസുകള്‍ അമ്പതിനായിരത്തില്‍ കൂടുതലുള്ളത്.
പ്രതിരോധ മരുന്ന് ഉടന്‍
മൂന്ന് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ ഇന്ത്യയില്‍ വളരെ പുരോഗമന ഘട്ടത്തിലാണ്, അതില്‍ രണ്ടെണ്ണം രണ്ടാം ഘട്ടത്തിലും ഒന്ന് മൂന്നാം ഘട്ടത്തിലുമാണ്. അഫ്ഗാനിസ്ഥാന്, ഭൂട്ടാന്, ബംഗ്ലാദേശ്, മാലദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങളിലെ ഗവേഷണ കാര്യശേഷി ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ ശാസ്ത്രജ്ഞരും ഗവേഷണ ടീമുകളും സഹകരിക്കുന്നുണ്ട്. ബംഗ്ലാദേശ്, മ്യാന്മര്, ഖത്തര്‍, ഭൂട്ടാന് എന്നിവിടങ്ങളില്‍ നിന്ന് അവരുടെ രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്നതിനുള്ള അഭ്യര്‍ത്ഥനയുമുണ്ട്. ഏറ്റവും അടുത്ത അയല്‍ക്കാരില്‍ മാത്രം നമ്മുടെ കാര്യശേഷി പരിമിതപ്പെടുത്താതെ ലോകത്തിനാകെ പ്രതിരോധകുത്തിവയ്പ്പും മരുന്നുകളും നല്‍കുന്നതിനുള്ള സംവിധാനമാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളും മറ്റ് ബന്ധപ്പെട്ട എല്ലാ തല്പരകക്ഷികളുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ട് നാഷണല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന് അഡ്മിനിസ്ട്രേഷന് ഫോര്‍ കോവിഡ്- 19 (എന്‍.ഇ.ജി.വി.എ.സി) പ്രതിരോധ കുത്തിവയ്പ്പ് സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും അതിന്റെ കാര്യനിര്‍വഹണത്തിനുമായി വിശദമായ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ആവശ്യത്തിന് വാക്സിന് സംഭരിക്കാനുള്ള സംവിധാനം, ശേഖരിച്ച വസ്തുക്കള്‍ വലിയതോതില്‍ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, ചെറു യൂണിറ്റുകളിലേക്കുള്ള നിറയ്ക്കല്‍, ഫലപ്രദമായ വിതരണ സംവിധാനം എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി വാക്സിന് ലഭ്യമായ ഉടന്‍ തന്നെ ഓരോ പൗരനും എത്തിക്കുന്നതിനായി വിശദമായ മാര്‍ഗരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്്. പ്രതിരോധകുത്തിവയ്പ്പിന്റെ മുന്‍ഗണനയ്ക്കും വിതരണത്തിനുമായി വിദഗ്ധസമിതി സംസ്ഥാനങ്ങളുമായി സജീവമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
സാര്‍സ്കോവ്-2 (കോവിഡ്-19 വൈറസ്) ജീനോം സംബന്ധിച്ച് ഇന്ത്യയില്‍ ഐ.സി.എം.ആറും ഡി/ഒ ബയോടെക്നോളജിയും (ഡി.ബി.ടി) നടത്തിയ രണ്ടു വിശാല പഠനങ്ങള്‍ വൈറസ് ജനിതകമായി സ്ഥായിയായി നില്‍ക്കുന്നുവെന്നും അതില്‍ വലിയ ഉള്‍പരിവര്‍ത്തനം (മ്യൂട്ടേഷന്) ഉണ്ടായിട്ടില്ലെന്നുമാണ് പറയുന്നത്.
സംസ്ഥാനങ്ങള്‍ക്കൊപ്പം
രാജ്യവ്യാപകമായി ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കൊറോണ രോഗികള്‍ക്കായി 90 ലക്ഷത്തിലധികം കിടക്കകളും രാജ്യത്തൊട്ടാകെ 12,000 ക്വാറന്റൈന് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം കൊറോണ പരിശോധനാ ലാബുകള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് കൂടുതല്‍ രോഗികള്‍ രോഗവിമുക്തി നേടുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും കാരണമായിരിക്കുന്നത്.
സുദൃഢമായ പരിശോധനാ നിരക്കു സംബന്ധിച്ച കേന്ദ്രീകൃത രീതിയാണ് തുടര്‍ച്ചയായി പ്രോത്സാഹജനകമായ ഫലങ്ങള്‍ സാധ്യമാക്കിയത്. രാജ്യവ്യാപകമായി ഉയര്‍ന്നതും വിട്ടുവീഴ്ചയില്ലാത്തതുമായ പരിശോധനയിലൂടെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആദ്യഘട്ടത്തില്‍ തന്നെ പോസിറ്റീവ് കേസുകള്‍ ഫലപ്രദമായി തിരിച്ചറിഞ്ഞു. അണുബാധയുടെ വ്യാപനം തടയുന്നതിനായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇതുമൂലം വേഗത്തിലാക്കാനും അവരെ നിരീക്ഷണത്തില്‍ വയ്ക്കാനും കഴിഞ്ഞു.
ആഗോള മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വളരെയേറെ സഹായങ്ങളാണ് നല്‍കിവരുന്നത്. കേരളം, കര്‍ണാടക, രാജസ്ഥാന്, ഛത്തിസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രത്യേക ഉന്നതതല സംഘത്തെ അയച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്നത്. ഈ സംഘം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങളെയും ശാക്തീകരിക്കും. നിരീക്ഷണം, പരിശോധനകള്‍, രോഗവ്യാപനം തടയല്‍, രോഗനിയന്ത്രണ നടപടികള്‍, രോഗസ്ഥിരീകരണം റിപ്പോര്‍ട്ട് ചെയ്യുന്ന കേന്ദ്രങ്ങളില്‍ ഫലപ്രദമായ ചികിത്സാ നടപടികള്‍ തുടങ്ങിയവയ്ക്ക് ഇവര്‍ പിന്തുണ നല്‍കും. സമയ ബന്ധിതമായി പരിശോധനകളും തുടര്‍ നടപടികളും എടുക്കുന്നതിനും കൊവിഡുമായി ബന്ധപ്പെട്ട മറ്റു വെല്ലുവിളികള്‍ നേരിടുന്നതിലും ഇവര്‍ നേതൃത്വം നല്‍കും.
10 ശതമാനത്തില്‍ താഴെ
കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. രാജ്യത്ത് ചികിത്സയിലുള്ളവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആകെ കേസുകളുടെ 10 ശതമാനത്തില്‍ താഴെയാണ്. അതായത് പത്തില്‍ ഒരാള്‍ മാത്രമാണ് രോഗബാധിതന്.
കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7,15,812 ആണ്. ആകെ രോഗബാധിതരുടെ 9.29 ശതമാനം മാത്രമാണിത്.
പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ മൂന്ന് ദിവസമായി അഞ്ച് ശതമാനത്തിലും താഴെയാണ്. 3.8 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്. വൈറസ് വ്യാപനം ഫലപ്രദമായി ചെറുക്കാന്‍ സാധിച്ചതിന്റെ സൂചനയാണ് ഇത്.
ഇന്ത്യയിലെ ആകെ രോഗമുക്തരുടെ എണ്ണം 69 ലക്ഷത്തിനടുത്തെത്തി(68,74,518). രോഗമുക്തരും നിലവില്‍ രോഗബാധിതരും തമ്മിലുള്ള അന്തരം 61,58,706 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 79,415 പേര് കൊവിഡ് രോഗമുക്തരായി. അതേസമയം പുതുതായി രോഗം സ്ഥിരീകരിച്ചത് 55,839 പേര്‍ക്കു മാത്രമാണ്. ദേശീയ രോഗമുക്തി നിരക്ക് 89.20 %.
കേരളം ഒരു പാഠം
അലംഭാവം പാടില്ലെന്നാണ് പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും ആവര്‍ത്തിച്ചു പറയുന്നത്. ഉത്സവസീസണ്‍ ആയതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് അഭ്യര്‍ത്ഥന. കേരളത്തില്‍ അടുത്ത കാലത്തായി ഉണ്ടായ കൊവിഡ്-19 കേസുകളുടെ ഉയര്‍ന്ന വര്‍ധന സംബന്ധിച്ച തന്റെ നിരീക്ഷണവും പങ്കുവെച്ചു കൊണ്ടാണ് ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് മുന്നറിയിപ്പ് നല്‍കിയത്. ജനുവരി 30നും മെയ് 3 നും ഇടയില്‍ 499 കേസുകളും രണ്ട് മരണവും മാത്രമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംസ്ഥാനങ്ങളില്‍ വിവിധ സേവനങ്ങള്‍ പുനരാരംഭിച്ചതിനൊപ്പം വന്ന ഓണാഘോഷ പരിപാടികള്‍, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വ്യാപാര വിനോദസഞ്ചാര യാത്രകളിലെ വര്‍ദ്ധന തുടങ്ങിയവ കേരളത്തില്‍ സ്ഥിതി ഗുരുതരമാക്കുന്നതിന് വഴിതുറന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന അളവില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നതിന് ഇത് അവസരമൊരുക്കി. ഉത്സവാഘോഷങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് കേരളം ഒരു പാഠം ആണെന്നായിരുന്നു ഹര്‍ഷ വര്‍ധന്റെ അഭിപ്രായം.
കൊറോണയ്ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ ജാഗ്രതയ്ക്കു കുറവു വരുത്തരുതെന്ന് പൗരന്മാരോട് പ്രധാനമന്ത്രിയും അഭ്യര്‍ത്ഥിച്ചു.ലോക്ക്ഡൗണ്‍ ഒഴിവാക്കിയെങ്കിലും വൈറസ് എവിടെയും പോയിട്ടില്ല, ജാഗ്രത പുലര്‍ത്തുക; ഇത് അലസതയ്ക്കും അലംഭാവത്തിനുമുള്ള സമയമല്ല എന്നാണ് നരേന്ദ്രമോദി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: