കൊച്ചി: മുന്‍ ഒളിമ്പിക് ലിയോണ്‍ താരം ബക്കാരി കോനെയെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അറിയിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയിലെ വഗദൂഗയിലാണ് ബക്കാരി ജനിച്ചത്. എറ്റോല്‍ ഫിലാന്റെയുടെ യൂത്ത് ടീമില്‍ ചേര്‍ന്നാണ് കോനെ തന്റെ ഔദ്യോഗിക ഫുട്ബോള്‍ കരിയര്‍ തുടങ്ങിയത്. 2005-06 സീസണില്‍ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം നല്കി. ക്ലബ്ബിനായി 27 മത്സരങ്ങള്‍ കളിച്ച താരം ആദ്യ പ്രൊഫഷണല്‍ ഗോളും സ്വന്തമാക്കി.
2011ലാണ് ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണില്‍ ചേര്‍ന്നത്. ഫ്രഞ്ച് ഫുട്ബോളിലെ ടോപ് ഡിവിഷന് ക്ലബ്ബിലേക്ക് എത്തിയതോടെ ലോകത്തിലെ മികച്ച സ്ട്രൈക്കര്‍മാരായ സ്ലാറ്റാന്‍ ഇബ്രാഹിമോവിച്ച്, എഡിന്‍സണ്‍ കവാനി എന്നിവര്‍ക്കെതിരെ മത്സരിച്ചു.
യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയുള്‍പ്പെടെ എല്ലാ ചാമ്പ്യന്‍ഷിപ്പിലുമായി ഒളിമ്പിക് ലിയോണിനായി 141 മത്സരങ്ങളിലാണ് ബക്കാരി കോനെ ബൂട്ടുകെട്ടിയത്. കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടതിലും ആദ്യമായി ഇന്ത്യയിലേക്ക് വരുന്നതിലും വളരെ ആവേശത്തിലാണെന്ന് ബക്കാരി കോനെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: