കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം പിപിഇ കിറ്റ് ധരിച്ച ബന്ധുക്കള്‍ക്ക് സംസ്കരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് പയ്യാമ്പലം തീയ്യ സമുദായ ശവസംസ്ക്കാര സഹായ സംഘം സെക്രട്ടറി കെ.ജി. ബാബു ആവശ്യപ്പെട്ടു. മരിച്ചവരുടെ മുഖം അവസാനമായി ഒരു നോക്ക് കാണിച്ചു കൊടുക്കാനും അതേ മാനദണ്ഡപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്നും കലക്ടര്‍ക്ക് കൊടുത്ത നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പൊതുപരിപാടികളും സമരപരിപാടികളും വിനോദ പരിപാടികളും നടത്താന്‍ അനുവാദം കൊടുത്ത സാഹചര്യത്തില്‍ മനുഷ്യന്റെ അന്ത്യകര്മ്മമെന്ന നിലയില്‍ കൊവിഡ്19 ന്റെ എല്ലാം മുന്‍കരുതലുകളും പാലിച്ചുകൊണ്ട് നടത്താന്‍ അനുവദിക്കണമെന്ന് നിവേദനത്തില്‍ വ്യക്തമാക്കി. പിപിഇ കിറ്റ് ധരിച്ചു കൊണ്ട് ബന്ധുക്കള്‍ക്ക് കര്‍മ്മം ചെയ്യുന്നതിന് യാതൊരു കൊവിഡ് പ്രോട്ടോകോള്‍ ലംഘനവുമില്ല. ചിത കത്തി പകുതിയായതിനു ശേഷമേ ആചാര പ്രകാരം ബന്ധുക്കള്‍ കര്‍മ്മം ചെയ്യുകയുളളൂവെന്നും അതിനാല്‍ ഇതിനുളള നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ഇ.വി. സമജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി. ബാബു യോഗം ഉദ്ഘാടനം ചെയ്തു. എം.കെ. വിനോദ്, കെ. സുവര്‍ണ്ണരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: