കോഴിക്കോട്: മതാചാരപ്രകാരമുള്ള മൃതദേഹ പരിപാലനം ഹിന്ദു സമൂഹത്തിന്റെ അവകാശമാണെന്നും അത് മാവൂര്‍ റോഡ് ശ്മശാനത്തില്‍ കോര്പ്പറേഷന് നിഷേധിക്കുന്നത് നീതികരിക്കാനാവില്ലെന്നും കേരള യാദവ സേവാസമിതി മുന്‍ സംസ്ഥാന ട്രഷറര്‍ ബി.ആര്. അനില്‍ കുമാര്‍ യാദവ് പറഞ്ഞു. മാവൂര്‍ റോഡ് ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ശ്മശാനത്തിന് മുമ്പില്‍ ഹിന്ദുഐക്യവേദി നടത്തി വരുന്ന സായാഹ്ന പ്രതിഷേധത്തിന്റെ പതിനൊന്നാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ മതാചാരപ്രകാരം മറ്റു മതവിഭാഗങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കാന്‍ വാദിക്കുന്ന രാഷ്ട്രീയ നേതൃത്വം തന്നെയാണ് ഹിന്ദുവിന് നീതി നിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.ബി. ദേവാനന്ദന് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശശി പുനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തീവ്ര ന്യൂനപക്ഷ സംഘടനകളുമായി ചര്‍ച്ചയ്ക്ക് സമയം കണ്ടെത്തുന്ന ഇടതുവലതു രാഷ്ട്രീയ നേതാക്കള്‍ ഹിന്ദുസമൂഹത്തെ ദ്രോഹിക്കാന്‍ മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡണ്ട് ശിവദാസ് കാവില്‍ കുനിയില്‍, താലൂക്ക് ജനറല്‍ സെക്രട്ടറി ടി.യു. ധനേഷ് എന്നിവര്‍ സംസാരിച്ചു.
ഇന്ന് നടക്കുന്ന സായാഹ്ന പ്രതിഷേധം കേരള സ്റ്റേറ്റ് പട്ടിക ജന സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി ഉണ്ണികുളം പഞ്ചായത്ത് കമ്മറ്റി നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: