ഒരു നാട് പ്രതികരിക്കുകയാണ്. കളിയാക്കി വിളിച്ചുതുടങ്ങിയ ഒരു പേര് തങ്ങളുടെ സ്ഥലനാമമായി ഉറപ്പിക്കുന്നതിനെതിരായ പ്രതികരണം. പാകിസ്ഥാന്‍മുക്കെന്ന പേര് മാറ്റിയേ തീരൂ എന്ന അഭിപ്രായത്തിലാണ് നാട്ടുകാര്‍. പഞ്ചായത്ത് രേഖകളില്‍ ഐവര്‍കാല പടിഞ്ഞാറ് എന്നാണെങ്കിലും കടകളുടെയും ബസുകളുടെയും ബോര്‍ഡുകളില്‍ പാകിസ്ഥാന്‍ മുക്ക് എന്ന പേര് പതിഞ്ഞിരിക്കുന്നു. ഒരു നാടിനും നാട്ടുകാര്‍ക്കും നാണക്കേടായി മാറിയ സ്ഥലനാമത്തെക്കുറിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത ചര്‍ച്ചയാവുകയാണ്.
പേര് മാറ്റാന്‍ ജനകീയപ്രക്ഷോഭം
കുന്നത്തൂര്‍ പഞ്ചായത്തില്‍ പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലപ്പേരുണ്ടായത് പഞ്ചായത്തിന് തന്നെ നാണക്കേടാണ്. ഈ പേര് മാറ്റാന്‍ പലതവണ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതാണ്. എന്നാല്‍ ചില പ്രീണനനയങ്ങളുടെ ഭാഗമായിട്ടാകണം സര്‍ക്കാരുകള്‍ പഞ്ചായത്തിന്റെ ഈ ആവശ്യം പരിഗണിച്ചില്ല. ശത്രുരാജ്യത്തിന്റെ പേര് ഈ പഞ്ചായത്തിലെ ഒരു സ്ഥലത്തിന്റെ വിളിപ്പേരാക്കണ്ട ഗതികേടാണിപ്പോള്‍. ഈ നാണക്കേടിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭത്തിന് രൂപം നല്‍കും.
കുന്നത്തൂര്‍ പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ്, കുന്നത്തൂര്‍
ഈ പേര് ദുരൂഹതയുണര്‍ത്തും
നേരത്തെ ഇവിടുള്ള ക്ഷീരസംഘത്തിന്റെ പേര് ‘പാകിസ്ഥാന്‍ മുക്ക് ക്ഷീരസംഘം’ എന്നായിരുന്നു. ഈ പേരില്‍ ഒരു നാണക്കേട് തോന്നിയതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘത്തിന്റെ പൊതുയോഗം ചേരുകയും നിയമഭേദഗതി ചെയ്ത് ഡയറക്ടര്‍ ഓഫീസില്‍ സമ്മര്‍ദ്ദം ചെലുത്തി പേരു മാറ്റുകയുമായിരുന്നു. പിന്നീട് ഈ സംഘത്തിന്റെ പേര് ‘പ്രിയദര്‍ശിനിനഗര്‍ ക്ഷീരസംഘം’ എന്നാക്കി. കുന്നത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ആണ് ഇവിടം.
മുമ്പ് പാകിസ്ഥാന്‍മുക്ക് വാര്‍ഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ജനപ്രതിനിധികള്‍ക്ക് തന്നെ ഈ പേരിലെ ശരികേട് തോന്നി പേര് മാറ്റി. ഇപ്പോള്‍ ഇത് നിലയ്‌ക്കല്‍ വാര്‍ഡ് ആണ്. നാട്ടുകാര്‍ക്ക് പാകിസ്ഥാന്‍മുക്ക് വിളിപ്പേരായെങ്കിലും പുറത്തുള്ളവര്‍ക്ക് ഈ പേര് കേള്‍ക്കുമ്പോള്‍ ദുരൂഹതയുണ്ടാകാറുണ്ട്.
ഐവര്‍കാല ദിലീപ്, വാര്‍ഡ് മെംബര്‍, ക്ഷീരസംഘം പ്രസിഡന്റ്
ബോധവത്കരണം വേണം
പാകിസ്ഥാന്‍മുക്ക് എന്നത് ഒരു പ്രദേശത്തെ സാംസ്‌കാരികമായും ദേശീയമായും ഇകഴ്‌ത്തുന്ന പദപ്രയോഗമാണ്. കുന്നത്തൂര്‍ പഞ്ചായത്ത് പോലെ തന്നെ ഈ സ്ഥലത്തിന്റെ പകുതിഭാഗം അടൂര്‍ താലൂക്കിലെ കടമ്പനാട് പഞ്ചായത്തിലാണ്. മുമ്പ് ഈ പേര് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പാകിസ്ഥാന്‍മുക്ക് പോലെ തന്നെ മോശപ്പെട്ട പേരാണ് കടമ്പനാട് പഞ്ചായത്തിലെ പാണ്ടിമലപ്പുറം വാര്‍ഡും. പാകിസ്ഥാന്‍ മുക്കിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് പാണ്ടിമലപ്പുറം. സര്‍ക്കാര്‍ രേഖയിലായ ഈ വാര്‍ഡിന്റെ പേര് ഇനി മാറ്റാന്‍ സാധിക്കാത്ത അവസ്ഥയാണ്. പാകിസ്ഥാന്‍മുക്ക് എന്ന പേരിനെ വിമര്‍ശിക്കുന്നവര്‍ കക്ഷിരാഷ്‌ട്രീയ വ്യത്യാസമില്ലാതെ പ്രദേശവാസികളെ ഈ പേരിന്റെ വൈകൃതം വ്യക്തമാക്കി ബോധവത്കരണം നടത്തുകയാണ് വേണ്ടത്.
പി.ജി. ഗോഖലെ , ആര്‍എസ്എസ്, അടൂര്‍ ഖണ്ഡ് സംഘ ചാലക്
ഈ പേര് മാറണം
നാടിന് രാജ്യവിരുദ്ധമായ ഒരു പേര് അപകടകരമാണ്. അത് മാറിയേ മതിയാകൂ. ഏറെക്കാലത്തെ പഴക്കമുണ്ടെന്ന് കരുതി ആ പേര് തുടരണമെന്നില്ല. തേവരുമുകള്‍ എന്നാണ് ഈ പ്രദേശം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. രാജ്യത്തൊട്ടാകെ ഇത്തരം സ്ഥലനാമങ്ങള്‍ മാറ്റിയിട്ടുണ്ട്. ജനഹിതം മാനിച്ച് പ്രദേശത്തിന്റെ തനി
മയെ ഉയര്‍ത്തിക്കാട്ടുന്ന ഒരു പേര് സ്ഥലത്തിനുണ്ടാകണം. സ്വന്തം നാടിന്റെ പേരില്‍ അഭിമാനിക്കുന്ന ഒരു തലമുറ വളര്‍ന്നുവരുന്നതിന് ഇത്തരം പേരുകള്‍ ഭീഷണിയാണ്. പേര് മാറ്റുന്നതിന് പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് ഗ്രാമസഭ വിളിച്ചുകൂട്ടി തീരുമാനമെടുക്കുകയാണ് വേണ്ടത്.
സുധാചന്ദ്രന്‍, ബിജെപി കുന്നത്തൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ്
തിരുത്താന്‍ ജനംമുന്നോട്ടുവരണം
ഒരു വിമുക്തഭടനാണ് ഞാന്‍. എനിക്ക് ഈ പേര് ഉച്ചരിക്കുന്നത് കടുത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പട്ടാളത്തില്‍ സേവനം അനുഷ്ടിച്ചവര്‍ക്ക് പാകിസ്ഥാനോടുള്ള ശത്രുത അറിയാമല്ലോ. ഇത്തരത്തില്‍ ശത്രുരാജ്യത്തിന്റെ പേരുള്ള ഒരു സ്ഥലത്ത് താമസിക്കുന്നത് ഒരു നിസ്സഹായാവസ്ഥയാണ്. ജനങ്ങള്‍ സ്വയം തിരുത്തി മുന്നോട്ടുവരണം. ഇത്തരത്തിലൊരു പേര് അലങ്കാരമാക്കുന്നത് നാടിന് നല്ലതല്ല.
എം.പി. ദേവരാജപ്പണിക്കര്‍, പ്രദേശവാസി, എസ്എന്‍ഡിപി കുന്നത്തൂര്‍ യൂണിയന്‍ ഭാരവാഹി
കാലങ്ങള്‍ക്കു മുമ്പേ പിഴുതെറിയേണ്ട പേര്
ജനം ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നെങ്കില്‍ പാകിസ്ഥാന്‍മുക്ക് എന്ന പേര് കാലങ്ങള്‍ക്ക് മുമ്പെ പിഴുതെറിയാമായിരുന്നു. രാഷ്‌ട്രീയം ഏതായാലും ദേശസ്‌നേഹികള്‍ക്ക് ഈ പേര് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. വേണമെന്ന് വിചാരിച്ചാല്‍ ഒഴിവാക്കാമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പേര് മാറ്റാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. ഇക്കാര്യത്തില്‍ നാട്ടുകാരുടെ സഹകരണം കൂടി വേണം.
ഹരികുമാര്‍ കുന്നത്തൂര്‍, പ്രദേശവാസി
പ്രതികരിക്കാൻ ഇവിടെ എഴുതുക: