തിരുവനന്തപുരം : കേരള കോണ്‍ഗ്രസ്(എം) ഇടത് മുന്നണി പ്രവേശനം സംബന്ധിച്ചുള്ള നിര്‍ണ്ണായക തീരുമാനം ഇന്നുണ്ടായേക്കും. എല്‍ഡിഎഫ് ഇന്നുചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജോസ് കെ. മാണി വിഭാഗം എല്‍ഡിഎഫില്‍ ചേരുന്നതില്‍ സിപിഐയാണ് ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റിയതോ കേരള കോണ്‍ഗ്രസ് (എം)ന്റെ മുന്നണി പ്രവേശനം അധികം നീണ്ട് പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വിഷയത്തില്‍ എന്‍സിപിയുമായും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. പാല സീറ്റുമായി ബന്ധപ്പെട്ടാണ് ഇത്. അതുകൊണ്ട് തന്നെ നിയമസഭാ സീറ്റ് ചര്‍ച്ചകള്‍ ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ നിര്‍ത്തിയുള്ള ചര്‍ച്ചക്കാണ് സിപിഎം നീക്കം. വിവാദമായ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയിലെ ഭിന്നാഭിപ്രായങ്ങളും ചര്‍ച്ചയായേക്കും.
ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. എകെജി സെന്ററില്‍ നടന്ന പിണറായി കോടിയേരി കാനം ചര്‍ച്ചയാണ് നടപടികള്‍ വേഗത്തിലാക്കിയത്.
നിലവില്‍ എല്‍ഡിഎഫിലേക്ക് പ്രവേശനത്തിനായുള്ള എല്ലാ ചര്‍ച്ചകളും ജോസ് കെ. മാണി സിപിഎമ്മുമായി നേരത്തെ പൂര്‍ത്തിയാക്കിയാണ്. മുന്നണി തലത്തില്‍ മാത്രമാണ് തീരുമാനം ആകാത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജോസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് അധികം വൈകേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനവും. വിഷയത്തില്‍ സിപിഐയുമായി സിപിഎം ഉഭയകക്ഷി ചര്‍ച്ചയും നടത്തി.
അതേസമയം തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി സീറ്റ് വിട്ട് നല്‍കണമെന്ന അഭ്യര്‍ത്ഥന സിപിഎം സിപിഐയ്ക്ക് മുന്നില്‍ വയ്ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതില്‍ അന്തിമ തീരുമാനമായില്ലെങ്കില്‍ സിപിഐ വിയോജിപ്പ് രേഖപ്പെടുത്താനാണ് സാധ്യത. രാജ്യസഭ സീറ്റില്‍ അവകാശവാദമുന്നയിച്ച് ജോസ് കെ. മാണിയുടെ നിലപാടും യോഗം ചര്‍ച്ചചെയ്യും. ഉപാധികളോടെ വേണോ മുന്നണിയിലേക്ക് ജോസ് പക്ഷത്തെ പ്രവേശിക്കാന്‍ എന്ന കാര്യത്തിലും ഇന്ന് ചേരുന്ന ഇടത് മുന്നണി യോഗം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: