പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ തുടക്കം ഗംഭീരമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. 87-ാം മിനിറ്റില്‍ മാര്‍കസ് റാഷ്ഫോര്‍ഡ് നേടിയ ഗോളാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്.
സീസണില്‍ പുതിയതായി ടീമിലെത്തിയ സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനിയില്ലാതെയാണ് യുണൈറ്റഡ് പാരീസിലെത്തിയത്. എന്നാല്‍ തുടക്കം മുതല്‍ യുണൈറ്റഡ് താരങ്ങള്‍ ആക്രമിച്ച് കളിച്ചു. 23-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസാണ് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആന്റണി മാര്‍ഷ്യല്‍ പിഎസ്ജിയെ ഒപ്പമെത്തിച്ചു. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച കളി റാഷ്ഫോര്‍ഡിലൂടെ തിരിയുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ ബാഴ്സിലോണ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഫെറന്കാറോസിനെ കീഴടക്കി. ലിയണല്‍ മെസി, അന്‍സുമാനെ ഫാറ്റി, ഫിലിപ് കുട്ടീഞ്ഞോ, പെഡ്രോ ഗോണ്‍സാലസ്, ഉസ്മാന് ഡിമ്പലെ എന്നിവരുടെ ഗോളിലാണ് ബാഴ്സയുടെ ജയം. 27-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു മെസിയുടെ ഗോള്‍. ഇതോടെ തുടര്‍ച്ചയായി പതിനാറ് ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി മെസി.
അല്‍വാരോ മൊറാട്ടയുടെ ഇരട്ട ഗോള്‍ മികവിലാണ് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് വിജയത്തോടെ തുടങ്ങിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ യുവന്റസ് ഡൈനാമോ കീവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ചെല്‍സി-സെവിയ്യ സൂപ്പര്‍ പോരാട്ടം സമനിലയില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: