ഇസ്രായേലും മധ്യപൗരസ്ത്യ രാഷ്ട്രങ്ങളായ യു.എ.ഇ.യും ബഹ്റൈനുമായി നയതന്ത്രബന്ധം സ്ഥാപിച്ച നടപടി തികച്ചും ആശാവഹമാണ്. മതപരവും ചരിത്രപരവുമായ കാരണങ്ങളാല്‍ ഭിന്നിച്ചുനിന്ന രാഷ്ട്രങ്ങള്‍ ഒന്നിക്കുമ്പോള്‍ അത് മേഖലയില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നേറ്റമുണ്ടാക്കും. മാത്രമല്ല, ആഭ്യന്തരവും അന്തര്‍ദ്ദേശീയവുമായ വികസനകുതിപ്പിനും ഇത് ആക്കം കൂട്ടും. പ്രവാസി സമൂഹവും അതിന്റെ ഗുണഭോക്താക്കളായി മാറും.
അറബ് രാഷ്ട്രങ്ങള്‍ക്ക് സമീപസ്ഥമായ ഇസ്രായേല്‍ തികച്ചും വിഭിന്നമായ ജീവിതരീതികളും ആചാരാനുഷ്ഠാനങ്ങളും വിശ്വാസരീതികളും നിലനില്‍ക്കുന്ന രാഷ്ട്രമാണ്. അതിജീവനത്തിന്റെ ചരിത്രവിജയമാണ് അവര്‍ക്ക് പറയുവാനുള്ളത്. അതിജീവനത്തിനായുള്ള നിരന്തരപരിശ്രമത്തിലൂടെ അവര്‍ സാങ്കേതികതയിലും നൈപുണ്യത്തിലും ലോകത്തെ തന്നെ അതിശയിപ്പിക്കുന്ന രാഷ്ട്രമായി മാറി. ചുറ്റും ശത്രുരാഷ്ട്രങ്ങള്ക്കിടയിലാണ് ഇസ്രായേലിന്റെ നിലനില്‍പ്പുപോലും. ചരിത്രപരമായ പ്രശ്നങ്ങളുടെ പേരില്‍ ഇസ്രായേലുമായി അകന്നുനില്‍ക്കേണ്ട കാര്യമില്ലെന്നാണ് ഇപ്പോള്‍ അയല്‍ രാഷ്ട്രങ്ങളില്‍ ചിലത് തന്ത്രപരമായ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്. ഇത് മേഖലയുടെ പുരോഗതിക്കായിരിക്കും വഴിവയ്ക്കുക.
ഈജിപ്ത്, ജോര്‍ദ്ദാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് ശേഷമാണ് ബഹ്റൈനും ഇസ്രായേലുമായി സമ്പൂര്‍ണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചിരിക്കുന്നത്.
മേഖലയുടെ സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും വളരെയധികം സഹായമാകുന്ന ചരിത്രപരമായ നേട്ടമാണിതെന്നാണ് ലോക നയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നത്. ഇസ്രായേല്‍- യുഎഇ- ബഹ്റൈന്‍ ധാരണയെ ചരിത്രപരമായ വഴിത്തിരിവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്ക തന്നെയാണ് ബന്ധം സ്ഥാപിച്ചിരിക്കുന്നതില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചിരിക്കുന്നത്.
ഇസ്രായേലും യുഎഇയും തമ്മില്‍ ഇതുവരെ പ്രത്യക്ഷമായ യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. ബഹ്റൈനുമായും ഇതേബന്ധമാണുള്ളത്. നയതന്ത്രബന്ധങ്ങള്‍ സ്ഥാപിച്ചതോടെ ഇസ്രായേലിനെ ഒരു രാജ്യമായി ഇരു രാജ്യങ്ങളും അംഗീകരിച്ചിരിക്കുകയാണ്. ഇതോടെ ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് പരസ്പരം യാത്ര ചെയ്യാന്‍ അനുമതിയായി. വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇസ്രായേല്‍ അന്താരാഷ്ട്ര റിന്യുവബിള്‍ എനര്‍ജി ഏജന്‍സിക്ക് അബുദാബിയില്‍ നയതന്ത്രതലത്തിലുള്ള ദൗത്യവും ആരംഭിച്ചിരിക്കുന്നു. അബുദാബി ഫിലിം കമ്മിഷന് ഇസ്രായേല്‍ ഫിലിംഫണ്ട് എന്നിവ പരസ്പരം സഹകരിച്ച് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ സഹിഷ്ണുത, വിദ്യാഭ്യാസം, വികസനം, പരസ്പര സഹകരണം തുടങ്ങിയവ വളര്‍ത്തുന്നത് ലക്ഷ്യം വച്ചുള്ള പരിപാടികള്‍ നിര്‍മ്മിക്കാന്‍ തീരുമാനമായി.
ജറുസലേം കാമ്പസുകളിലെ മൂന്ന് പ്രധാന വിദ്യാലയങ്ങളില്‍ എമിറേറ്റ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരവും ലഭ്യമാക്കുന്നുണ്ട്. സാംസ്കാരിക സഹകരണങ്ങള്‍ ശക്തമാകുമ്പോള്‍ അര്‍ത്ഥശൂന്യമായ മുന്‍വിധികള്‍ താനേ അലിഞ്ഞുപോകുകയും പുരോഗതിക്ക് വഴിതുറക്കുകയും ചെയ്യുമെന്ന് രാഷ്ട്ര തലവന്മാര് തിരിച്ചറിയുന്നത് ലോകത്തെ കൂടുതല്‍ സുന്ദരമാക്കും.
2020 സെപ്റ്റംബര്‍ 15 ന് വൈറ്റ് ഹൗസില്‍ നടന്ന യുഎഇ – ഇസ്രായേല്‍ കരാര്‍ ഒപ്പുവയ്ക്കലോടെ പരസ്പര സഹകരണത്തിന്റെ സാധ്യതകളാണ് തുറന്നിരിക്കുന്നത്. പശ്ചിമേഷ്യയില്‍ സമാധാനം കൂടുതല്‍ ഉറപ്പുവരുത്തുന്നതിനുള്ള ചരിത്രപരമായ മുന്നേറ്റമാണിതെന്നും ഇത് മേഖലയിലെ സ്ഥിരത,സുരക്ഷ, സമൃദ്ധി എന്നിവ വര്‍ദ്ധിപ്പിക്കുമെന്നും ഇസ്രായേല്‍, യുഎഇ, ബഹ്റൈന്‍ രാഷ്ട്ര തലവന്മാര് സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേല്‍ – പലസ്തീന് തര്‍ക്കമാണ് മേഖലയില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ ഭിന്നിപ്പ് നിലനില്ക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍. ഇക്കാര്യത്തില്‍ അനുരഞ്ജനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ശ്രമിക്കുമെന്നുള്ള സന്ദേശവും പ്രത്യാശ നിറയ്ക്കുന്നതാണ്. എല്ലാ മുസ്ലിങ്ങള്‍ക്കും അല്‍ അക്സാപള്ളി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാനും ജറുസലേമിലെ മറ്റ് പുണ്യസ്ഥലങ്ങള്‍ എല്ലാ മതങ്ങളിലെയും സമാധാനപരമായി ആരാധിക്കുന്നവര്‍ക്കായി തുറന്ന് നല്‍കുമെന്നും ഇസ്രായേല്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലോകം ഇന്ന് ഒരു ആഗോള നഗരമായി മാറിയിക്കുന്ന വേളയില്‍ പഴയമാമൂലുകളെയും മതവിശ്വാസങ്ങളെയും മുറുകെ പിടിച്ചിരിക്കുന്നവര്‍ പൊട്ടക്കിണറ്റിലെ തവളയായി മാറുകയേ ഉള്ളൂ. പെട്രോ ഡോളറിന്റെ ഒഴുക്കു നിലച്ചാല്‍ മിക്ക മധ്യ പൗരസ്ത്യ രാഷ്ട്രങ്ങളുടെയും നിലനില്‍പ്പു തന്നെ ചോദ്യ ചിഹ്നമാകും. പ്രതികൂല സാഹചര്യങ്ങളിലും രാജ്യത്തിന്റെ നിലനില്പിന് വേണ്ടുന്ന അടിസ്ഥാന വികസനം കൃഷി , ഉല്പാദന- നിര്‍മ്മാണ മേഖല, സാങ്കേതികരംഗം തുടങ്ങിയവയിലൂടെ സാധ്യമാക്കിയിട്ടുള്ള ഇസ്രായേലിന്റെ കര്‍മ്മ കുശലത അറബ് രാഷ്ട്രങ്ങള്‍ പാഠമാക്കേണ്ടതാണ്. ആദാനപ്രദാന പ്രക്രിയകളിലൂടെ മാത്രമേ മാനവകുലം അഭിവൃദ്ധിപ്പെടുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം വിളംബരം ചെയ്യുകയാണ് ഇസ്രായേല്‍-യു.എ.ഇ-ബഹ്റൈന്‍ സംയുക്തധാരണകള്.
മാധവന് .ബി.നായര്‍
(പ്രസിഡന്റ് . ഫൊക്കാന )
പ്രതികരിക്കാൻ ഇവിടെ എഴുതുക: