മാവേലിക്കര: കോവിഡ് വ്യാപനത്തില്‍ ജനം പൊറുതിമുട്ടുമ്പോഴും സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം. അവശ്യസാധനങ്ങളുടെ വിലവര്‍ധന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉള്ളി, ക്യാരറ്റ്, കിഴങ്ങ്, വെളിച്ചെണ്ണ എന്നിവയ്ക്കാണ് വില വര്‍ധിച്ചത്. അനിയന്ത്രിതമായി പൊതുവിപണിയില്‍ വില വര്‍ധിക്കുമ്പോഴും വിലവര്‍ദ്ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. വിലക്കയറ്റം തടയുന്നതിന് പരിശോധനകള്‍ കാര്യക്ഷമമല്ല.
ഒരു മാസം മുന്‍പ് വരെ ആറ് കിലോ 100 രൂപയ്ക്ക് വിറ്റിരുന്ന സവാള വില ഇപ്പോള്‍ കുതിച്ചുയരുകയാണ്. ന്യൂനമര്‍ദ്ദം കാരണം മഴ കനത്തതോടെ ഉള്ളിവില കിലോയ്ക്ക് 85-90 രൂപ വരെയായി. വഴിയോരത്ത് കൂട്ടിയിട്ട് വിറ്റിരുന്ന ഉള്ളി ഇതോടെ പച്ചക്കറിയിലെ താരമായി. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 58 രൂപ മാത്രമായിരുന്നു വില. ചെറിയ ഉള്ളിക്ക് 100 രൂപ വരെയാണ് ഇന്നലത്തെ മൊത്തവില. ഗ്രേഡ് അനുസരിച്ച് 90, 95, 100 എന്നിങ്ങനെയാണ് ചെറിയ ഉള്ളിയുടെ വില. 50 രൂപ മാത്രമായിരുന്ന ക്യാരറ്റിന് ഇപ്പോള്‍ മാര്‍ക്കറ്റില്‍ 90 രൂപ വരെയാണ് മൊത്തവില.
എന്നാല്‍ പയറിനും തക്കാളിക്കും വിലയില്‍ നേരിയ കുറവുണ്ട്. പയര്‍-35, തക്കാളി-20. വെളിച്ചെണ്ണ 195-200 വരെയാണ് മൊത്തവില. നാളികേര വില അതേപടി തുടരുമ്പോഴും വെളിച്ചെണ്ണയ്ക്ക് ദിനംപ്രതി വില വര്‍ധിക്കുകയാണ്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തില്‍ കൂടുതല്‍ ഉള്ളി എത്തുന്നത്. ഗുജറാത്തില്‍ നിന്നെത്തുന്ന ചെറിയ ഉള്ളിയ്ക്കാണ് ഇപ്പോള്‍ വിപണിയില്‍ ഡിമാന്റ്. വലുപ്പം അനുസരിച്ച് വിലയില്‍ നേരിയ മാറ്റമുണ്ട്. പൊതു കമ്പോളത്തിലെ ഇടനിലക്കാരുടെ ചൂഷണവും വിലവര്‍ദ്ധനവിന് കാരണമാണ്. ഓണശേഷമുള്ള വിപണിയില്‍ 30 രൂപ മാത്രമുണ്ടായിരുന്ന ഊട്ടികിഴങ്ങ് എന്ന ഫസ്റ്റ് ഗ്രേഡ് കിഴങ്ങിന് 47 രൂപയാണ് ഇന്നത്തെ വില.
സീസണ് കച്ചവടങ്ങളില്‍ വഴിയോരക്കച്ചവടക്കാര്‍ ആശ്വാസമായിരുന്നെങ്കിലും ഇപ്പോള്‍ ഇവരും തോന്നുന്ന വിലയാണ് ഈടാക്കുന്നത്. ഒക്ടോബര്‍ പകുതിയോടെ വിളവെടുക്കുന്ന രണ്ടാം സീസണ് ഉള്ളി വിപണിയില്‍ എത്തുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: