കൊല്ലം: രോഗികളെയും വൃദ്ധരെയും സ്ത്രീകളെയും രാത്രി വൈകി ജീവനക്കാരുടെ ഇഷ്ടാനുസരണം പെരുവഴിയില്‍ ഇറക്കിവിടുന്ന കെഎസ്ആര്‍ടിസിയുടെ രീതി ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്.
ഇത്തരത്തില്‍ പെരുമാറുന്ന ജീവനക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടിസ്വീകരിച്ച് അക്കാര്യം കമ്മീഷനെ അറിയിക്കണമെന്ന് അംഗം വി.കെ. ബീനാകുമാരി കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദ്ദേശം നല്കി. കടപ്പാക്കട സ്വദേശി കെ.ആര്. രാധാക്യഷ്ണന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഹൃദ് രോഗിയായ പരാതിക്കാരന് അടൂരില്‍ നിന്നും കയറി കൊല്ലം കോട്ടണ്‍മില്‍ ബസ്റ്റോപ്പില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടാകുറ്റി സ്റ്റോപ്പില്‍ ഇറക്കിവിട്ടെന്നാണ് പരാതി. കെഎസ്ആര്‍ടിസി എംഡിയില്‍ നിന്ന് കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരന് അറിയിച്ചതനുസരിച്ച് അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കെ എല്‍ 15-7253 നമ്പര്‍ ബസിലെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എംഡി അറിയിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ നിലനില്‍ക്കുന്ന സ്ഥിരം രീതിയില്‍ വെറും ഒരു ഷോക്കോസ് മെമ്മോ നല്കി വിശദീകരണം വാങ്ങി പരാതി തീര്‍പ്പാക്കുന്ന രീതി ഇക്കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി അര്‍ദ്ധരാത്രി പെരുവഴിയില്‍ ഇറക്കിവിടുന്ന രീതി ആവര്‍ത്തിക്കരുതെന്നും കമ്മീഷന് മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: