കൊച്ചി : ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനുള്ള തന്ത്രം സ്വപ്ന സുരേഷിന്റേതായിരുന്നെന്ന് വെളിപ്പെടുത്തലുമായി കേസിലെ മറ്റൊരു പ്രതി സന്ദീപ് നായര്‍. എന്‍ഫോഴ്സ്മെന്റ് മുമ്പാകെ നല്കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് തവണ നടത്തിയെന്നും അതിനുശേഷം സ്വപ്ന നിര്‍ബന്ധിച്ച് ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം വരുത്തിക്കുകയായിരുന്നെന്നും സന്ദീപ് പറഞ്ഞു.
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ഒരു കിലോയ്ക്ക് 1000 യുഎസ് ഡോളര്‍ സ്വപ്ന കമ്മിഷനായി ആവശ്യപ്പെട്ടു. കിലോയ്ക്ക് 45,000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അതു പോരെന്നായിരുന്നു സ്വപ്നയുടെ നിലപാട്. നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്ന കെ.ടി. റമീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്വര്‍ണക്കടത്തിനായി പുതിയ മാര്‍ഗ്ഗങ്ങള്‍ തേടിയത്. തനിക്ക് സരിത്തിനെയും റമീസിനെയും അറിയാമായിരുന്നു. സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തുന്നത്. ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തുന്നത് സുരക്ഷിതമാണെന്ന് അറിയിച്ചത് സ്വപ്നയാണ്. ഇതിനായി 2019ല്‍ സരിത്തിന്റെ കാറില്‍ വെച്ചാണ് ആദ്യം ഗൂഢാലോചന നടത്തിയത്.
അതേസമയം കോണ്‍സുല്‍ ജനറലിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്നും സ്വപ്ന തെറ്റിദ്ധരിപ്പിച്ചു. ജര്‍മ്മനിയില്‍ ബിസിനസിനും ദുബായില്‍ വീട് വെയ്ക്കുന്നതിനും അദ്ദേഹത്തിന് പണം ആവശ്യമുണ്ടെന്നും, കോണ്‍സുല്‍ ഡിസംബറില്‍ നാട്ടിലേക്ക് മടങ്ങുമെന്ന് പറഞ്ഞിരുന്നുവെന്നും സന്ദീപ് സ്വന്തം കൈപ്പടയില്‍ എഴുതി നല്കിയ മൊഴിയില്‍ പറയുന്നുണ്ട്.
സ്വപ്നയ്ക്കെതിരായ ക്രിമിനല്‍ കേസിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് അറിയാമായിരുന്നു. എയര്‍ ഇന്ത്യ സാക്സ് കേസിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ട്. അദ്ദേഹം തന്നെയാണ് സ്പേസ്പാര്‍ക്കില്‍ സ്വപ്നയ്ക്ക് ജോലി തരപ്പെടുത്തി നല്‍കിയതെന്നും സന്ദീപ് അറിയിച്ചു.
അതേസമയം ലൈഫ് മിഷന് പദ്ധതിക്ക് കമ്മിഷന് നല്‍കാമെന്ന നിര്‍ദ്ദേശം യുണിടാക് എംഡി സന്തോഷ് ഈപ്പന് ഇങ്ങോട്ട് വെച്ചതായിരുന്നു. സന്തോഷ് ഈപ്പനൊപ്പം താന്‍ കോണ്‍സല്‍ ജനറലിനെ കണ്ടിട്ടുണ്ട്. 45 ലക്ഷം മൂന്ന് തവണയായി തനിക്ക് കമ്മിഷന് നല്‍കിയിട്ടുണ്ടെന്നും സന്ദീപിന്റെ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ ലൈഫ് മിഷന് കരാര്‍ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് തന്നെ സമീപിച്ചതാണെന്നാണ് സന്തോഷ് ഈപ്പന് അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: